15 November 2024, Friday
KSFE Galaxy Chits Banner 2

മലയാളികളുടെ പ്രിയപ്പെട്ട കണ്‍കദളി

കെ കെ ജയേഷ്
കോഴിക്കോട്
February 6, 2022 10:05 pm

ഉച്ചാരണം വഴങ്ങാത്ത മലയാളത്തിൽ പാട്ടു പാടാൻ ലത മങ്കേഷ്കർ മടിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ സ്നേഹ പൂർണമായ ഇടപെടലുകള്‍ക്കും ആ തീരുമാനത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് മലയാളത്തിൽ പാടിയപ്പോൾ വിമർശനങ്ങൾ ഏറെ ഉയർന്നെങ്കിലും ‘കദളി കൺകദളി ചെങ്കദളി’ എന്ന ഗാനം ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനമാണ്. തകഴിയുടെ ഏറെ പ്രശസ്തമായ നോവലിനെ അധികരിച്ച് രാമു കാര്യാട്ട് ചെമ്മീന്‍ സിനിമ എടുക്കുന്ന സമയം രാമു കാര്യാട്ടിനും സംഗീത സംവിധായകനായ സലില്‍ ചൗധരിക്കും സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലത മങ്കേഷ്കറെ കൊണ്ട് പാടിക്കണമെന്ന് ആഗ്രഹം. ‘കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ’ എന്ന ഗാനം ലതയെ മനസില്‍ കണ്ടായിരുന്നു വയലാറിനെ കൊണ്ട് എഴുതിപ്പിച്ചത്. മലയാള ഉച്ചാരണം വഴങ്ങുന്നില്ലെന്ന് മനസിലായതോടെ പാടാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. അസുഖ ബാധിതയുമായിരുന്നു അന്നവർ.
എന്നാൽ ഏറെ പ്രതീക്ഷയോടെ മുംബെയിലെത്തിയ കാര്യാട്ടിന്റെയും ചൗധരിയുടെയും സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ലത പാടാൻ തയ്യാറായി. മലയാളം ഉച്ചാരണം തെറ്റാതിരിക്കാൻ യേശുദാസിനെക്കൊണ്ടായിരുന്നു പാട്ട് പഠിപ്പിച്ചത്. എന്നാൽ എത്ര ശ്രമിച്ചിട്ടും ഉച്ചാരണം ശരിയാവാതെ വന്നതോടെ വഴങ്ങാത്ത ഭാഷയിൽ പാടേണ്ട എന്ന് ലതാ മങ്കേഷ്കർ തീരുമാനിക്കുകയായിരുന്നു. 

അനുഗ്രഹീത ഗായികയെ മലയാളത്തിലെത്തിക്കാൻ കഴിയാത്തതിലുള്ള നിരാശയിൽ നാട്ടിലേക്ക് മടങ്ങിയ രാമു കാര്യാട്ട് പക്ഷേ തന്റെ ശ്രമം തുടർന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 1974 ൽ അദ്ദേഹം തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. പി വത്സലയുടെ നോവലിനെ ആസ്പദമാക്കി വയനാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ ‘നെല്ല്’ എന്ന ചിത്രത്തിലെ ‘കദളി കണ്‍കദളി’ എന്ന ഗാനം ലത ആലപിച്ചു. ആദ്യമായും അവസാനമായും ലത മങ്കേഷ്കര്‍ മലയാളത്തില്‍ പാടിയ പാട്ടാണ് അത്. ഈ പാട്ടിൽ രംഗത്തു വരാനുള്ള ഭാഗ്യം ലഭിച്ചത് ജയഭാരതിക്കായിരുന്നു. ഇന്ത്യൻ സിനിമയിലെ മഹാരഥൻമാരുടെ സംഗമമായിരുന്നു നെല്ല്. പി വത്സലയുടെ രചനയ്ക്ക് രാമു കാര്യാട്ടും കെ ജി ജോർജും ചേർന്ന് തിരക്കഥ രചിച്ചപ്പോൾ സംഭാഷണം എഴുതിയത് എസ് എൽ പുരം സദാനന്ദനായിരുന്നു. വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്നു. ബാലു മഹേന്ദ്രയുടെ ഛായാഗ്രഹണവും ഋഷികേശ് മുഖർജിയുടെ ചിത്രസംയോജനവുമെല്ലാം ചേർന്നപ്പോൾ അസാധാരണമായ സിനിമാക്കാഴ്ചകളിലൊന്നായി നെല്ല് മാറി. പി സുശീല, പി മാധുരി, മന്നാഡേ, യേശുദാസ്, പി ജയചന്ദ്രൻ തുടങ്ങിയവർ ആലപിച്ച ഗാനങ്ങളും ഏറെ ഹിറ്റായി. 

അതീവ ഹൃദ്യമായ ആലാപനം കൊണ്ട് ലത പാടിയ ഗാനം ശ്രദ്ധ നേടിയെങ്കിലും വിമർശനങ്ങളും ഏറെ ഉയർന്നു. ഉച്ചാരണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. എന്നാൽ വിമർശനങ്ങളെ അപ്രസക്തമാക്കി കദളി കൺകദളി എന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിലൊന്നായി തുടരുകയാണ്. കുറച്ചു വര്‍ഷം മുന്‍പ് ലതാജിയെ വീണ്ടും മലയാളത്തില്‍ പാടിക്കാന്‍ ജോണി സാഗരിക ശ്രമിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന സിനിമയിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച യേശുദാസ് ലതയോടൊപ്പം ശ്രദ്ധേയമായ ഒരു യുഗ്മഗാനത്തില്‍ ആദ്യമായി പങ്കാളിയായത് 1978 ലാണ്. ത്രിശൂലില്‍ സാഹിര്‍ ലുധിയാന്‍വി എഴുതി ഖയ്യാം ഈണമിട്ട ‘ആപ് കി മെഹകി ഹുയി സുല്‍ഫോം കെ കഹ്‌തെ’, പിന്നീട് ഇരുവരും നിരവധി ഗാനങ്ങളില്‍ ഒന്നിച്ചു. 

മലയാളം വരികൾ ആലപിച്ചില്ലെങ്കിലും ലതാജിയുടെ സൂപ്പർ ഹിറ്റ് ഗാനത്തിൽ കടന്നുവന്ന മലയാള വരികൾക്കൊപ്പം പ്രേക്ഷകർ നൃത്തം വയ്ക്കുന്നതും പിന്നീടു കണ്ടു. 1998 ൽ മണിരത്നം ഒരുക്കിയ ദിൽ സേ എന്ന ചിത്രത്തിലെ ജിയാ ജലേ എന്ന ഗാനത്തിലായിരുന്നു മലയാളം വരികൾ ഉണ്ടായിരുന്നത്. ഗുൽസാർ രചിച്ച് എ ആർ റഹ്മാൻ ഈണമിട്ട ജിയാ ജലേ തൊണ്ണൂറുകളിൽ താൻ ആലപിച്ച ഗാനങ്ങളിൽ ലതാജിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഈ ഗാനത്തിലെ തങ്ക കൊലുസല്ലേ എന്നു തുടങ്ങുന്ന മലയാളം വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും ആലപിച്ചത് എം ജി ശ്രീകുമാറുമായിരുന്നു.

ENGLISH SUMMARY: ver­sa­tile singer Lata Mangeshkar always be Favorite of Malayalees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.