26 December 2024, Thursday
KSFE Galaxy Chits Banner 2

കാഥികവേഷം കെട്ടിയ വി വി രാഘവൻ

Janayugom Webdesk
September 25, 2022 5:15 am

ഖാവ് വി വി രാഘവൻ 1951 ന്റെ അന്ത്യഘട്ടം ഒളിവിലെ പ്രവർത്തനവും തുടർന്നുള്ള ജയിൽവാസവും കഴിഞ്ഞു പുറത്തുവന്നതേയുള്ളു. രണ്ടര വർഷങ്ങൾക്കിടയിൽ തുടർച്ചയായി ഏല്ക്കേണ്ടി വന്ന അതിഭീകരമായ ലോക്കപ്പ് മർദ്ദനം ശരീരത്തിൽ വരുത്തിയ ചതവും മുറിവുകളും വിട്ടുമാറിയിട്ടില്ല. അന്ന് നാട്ടിലെ കർഷകത്തൊഴിലാളികളാണ് രക്ഷയ്ക്കായി ഓടിയെത്തിയതു്. സ്നേഹശീലരായ അവർ ഒരു പ്രത്യേക ‘സിദ്ധൗഷധം’ തയാറാക്കി എത്തിച്ചുകൊടുത്തു. പാടത്ത് സുലഭമായി കിട്ടുന്ന അട്ടകളെ പിടിച്ച്, പുറംതോടിലെ അഴുക്ക് ഉരച്ചുകളഞ്ഞു’, പുന്നെല്ലിൽ ഇട്ടു വറുത്തുപൊടിച്ച്, കൽക്കണ്ടം ചേർത്തു ഉണ്ടയാക്കി രണ്ടു ടിൻ നിറയെ കൊണ്ടുകൊടുത്തു. രാവിലെയും വൈകുന്നേരവും ഓരോ ഉണ്ട സേവിക്കുക. എല്ലാ കേടുപാടുകളും പമ്പ കടക്കും, ഇതായിരുന്നു അവരുടെ അവകാശവാദം.
പേരുകേട്ടാൽ ഓക്കാനം വരുന്ന വൃത്തികെട്ട പോത്തട്ടപ്പൊടിയാണ് ഈ സിദ്ധൗഷധമെന്ന് അവർ പറഞ്ഞില്ല. കഴിച്ചുനോക്കിയപ്പോൾ അസാധാരണമായ ഒരു പച്ചച്ചുവ തോന്നിയെങ്കിലും പുന്നെല്ലിന്റെയും നെയ്യിന്റെയും കല്ക്കണ്ടത്തിന്റെയും സ്വാദ് മുന്നിട്ടു നിന്നിരുന്നതുകൊണ്ട് വിവി അതുമുഴുവൻ കഴിച്ചു. അങ്ങനെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാനുള്ള ചികിത്സകളുമായി വീട്ടിൽ കഴിയുമ്പോഴാണ് ചിറ്റൂർ താലൂക്കിലെ പാർട്ടി സംഘാടകനായി പോകണമെന്ന പാർട്ടി നിർദ്ദേശം ലഭിക്കുന്നത്.
ഇപ്പോൾ പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ അന്ന് തിരുക്കൊച്ചി സ്റ്റേറ്റിലെ ഒരു താലൂക്കായിരുന്നു. ഇടയ്ക്കു കിടക്കുന്ന മലബാർ പ്രദേശങ്ങൾ കടന്നുവേണം അവിടെ എത്താൻ. നെല്ലിയാമ്പതി മലനിരകളും തമിഴ്‌നാടിനോടു തൊട്ടു കിടക്കുന്ന തനി തമിഴ് പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഈ താലൂക്ക് നാടുവാഴിമാരുടെ മുഷ്ക് നടമാടുന്ന പ്രദേശമായിരുന്നു. എന്തു ക്രൂരതയ്ക്കും മടിയില്ലാത്ത ഗൗണ്ടപ്രഭുക്കളുമായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. പൊലീസും ഭരണകൂടത്തിന്റെ എല്ലാ മുഖങ്ങളും ഇവരുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്നു.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും നേർക്കു കൊടുംമർദ്ദനങ്ങൾ നടന്നുകൊണ്ടിരുന്ന ഈ പ്രദേശത്ത് പാർട്ടിയും ബഹുജന പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ ആരെങ്കിലും അവിടെ പോയി സ്ഥിരമായി താമസിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ, ആ ഘട്ടത്തിൽ വീടുവിട്ട് പോകുന്നതിൽ വിവിക്ക് വലിയ വിഷമമുണ്ടായിരുന്നു. പാർട്ടിയും ഈ പ്രസ്ഥാനവും വളർന്നിട്ടില്ലാത്ത അപരിചിതമായ ഒരു മേഖലയിൽ താമസിച്ച് പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നില്ല വല്ലായ്മ. അമ്മ അന്തരിക്കുന്നതിനുമുമ്പ് പ്രത്യേകമായി ഭാരമേല്പിരുന്ന ഇളയ സഹോദരി അപകടകരമായ സിസേറിയൻ ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലായിരുന്നു. ആ അവസ്ഥയിൽ വീടുവിട്ട് താമസിക്കുന്നതിനെപ്പറ്റി ഓർത്തപ്പോൾ വിവിയുടെ മനസുകിടന്നു പിടഞ്ഞു. തീർച്ചയായും ഇക്കാര്യം പാർട്ടി കമ്മിറ്റിയിൽ ഉന്നയിച്ചാൽ വിഷമം പിടിച്ച ആ പ്രദേശത്തേക്ക് പോകാൻ മറ്റാരെയെങ്കിലും നിയോഗിക്കുമായിരുന്നു. പക്ഷേ, പാർട്ടി നിർദ്ദേശിക്കുന്ന കടമകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ തക്കതായ ഒഴികഴിവുകളുണ്ടെങ്കിൽപ്പോലും അന്നാരും അതിനു മുതിരാറുണ്ടായിരുന്നില്ല. അതുകൊണ്ട് മനസിലെ വല്ലായ്മ പുറത്തുകാണിക്കാതെ വിവി ആ ദൗത്യം ഏറ്റെടുത്ത് ചിറ്റൂർക്ക് പോയി. തിരുക്കൊച്ചിയിൽ അപ്പോഴും പാർട്ടി നിയമവിരുദ്ധമായിരുന്നു. പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും മേലുള്ള നിരോധനം നീക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടത്തിൽ ഒപ്പുശേഖരിക്കുന്നതിലൂടെ പാർട്ടി കെട്ടിപ്പടുക്കുക എന്നതായിരുന്നു പരിപാടി.
പാർട്ടിയുടെ അണ്ടർഗ്രൗണ്ടു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്ന സി എം മുസ്തഫയുമായിട്ടാണ് വിവി ആദ്യം‍ ബന്ധപ്പെട്ടത്. പൊലീസ് അദ്ദേഹത്തെയും കഠിനമായി മർദ്ദിച്ചിരുന്നു. ഈ മർദ്ദനങ്ങളുടെ കൂടി ഫലമായി ആ സഖാവ് ഏറെ താമസിയാതെ ഒരു മാനസിക രോഗിയായി. രോഗം മൂർച്ഛിച്ചപ്പോൾ വീട്ടുകാർ അദ്ദേഹത്തെ കോഴിക്കോട്ട് ഭ്രാന്താസ്പത്രിയിൽ പ്രവേശിപ്പിക്കുകയാണ്ടായത്. പിന്നീട് അവിടെ കിടന്നദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അറിയപ്പെടാത്ത ഒരു വലിയ മനുഷ്യൻ വിരിയുംമുമ്പേ പൊലിഞ്ഞുപോയി.
സഖാവ് മുസ്തഫയുടെ സഹോദരൻ സി എം സുലൈമാൻ തുടങ്ങിയ സഖാക്കളുമൊത്താണ് ചിറ്റൂർ താലൂക്കിൽ ശക്തമായ ഒരു പാർട്ടിയും, കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ, തോട്ടം തൊഴിലാളി യൂണിയൻ, പ്ലൈവുഡ് തൊഴിലാളി യൂണിയൻ, തീപ്പെട്ടിക്കമ്പനി തൊഴിലാളി യൂണിയൻ തുടങ്ങിയ ബഹുജനസംഘടനകളും കെട്ടിപ്പടുത്തത്. ഇടക്കാലത്ത് ചിറ്റൂർ കോളജിൽ പഠിക്കാനെത്തിയ സഖാക്കൾ ബി ആർ കേശവന്റെയും സി കെ ചന്ദ്രപ്പന്റെയും സജീവസഹായവും ഉണ്ടായിരുന്നു.

kanal

1952 മുതൽ 56 വരെയുള്ള നാലു വർഷക്കാലം ചിറ്റൂർ താലൂക്കിലുടനീളം സമരങ്ങളുടെ വേലിയേറ്റം തന്നെ നടന്നു. ഒഴിപ്പിക്കലിനും ജപ്തി നടപടികൾക്കുമെതിരേ കൃഷിക്കാർ ഭൂവുടമകളുടെ വസതികളിൽ കൂട്ട സത്യഗ്രഹങ്ങൾ നടത്തി. നാല്പതു നാഴികയോളം കാൽനടയായിവന്ന് തൃശൂർ കളക്ട്രേറ്റിൽ പ്രകടനം നടത്തി. അവസാനം തൃശൂർ സബ്ക്കോടതിയെ ഘെരാവോ ചെയ്തു.
പ്രാരംഭദശയിലെ പ്രവർത്തന സമയത്ത് രസകരമായ പല സംഭവങ്ങളുമുണ്ടായി. വിവി അവിടെ പാർട്ടി സംഘാടകനായി ചെന്ന ഘട്ടം. താലൂക്കിന്റെ പല പ്രദേശങ്ങളിലും പ്രവർത്തക യോഗങ്ങളും പൊതുയോഗങ്ങളും നടത്താൻ പരിപാടി തയാറാക്കി വളരെ കഷ്ടപ്പെട്ട്, പ്രവർത്തകർ സ്വയം കയ്യിൽനിന്നെടുത്തും അടുത്ത ബന്ധുക്കളിൽ നിന്ന് പിരിവെടുത്തും ഇതിനാവശ്യമായ ഫണ്ടും സംഭരിച്ചു. പക്ഷേ, പൊതുയോഗങ്ങളിലെയും പ്രവർത്തക യോഗങ്ങളിലെയും ഹാജർനില അത്യന്തം ശോചനീയമായിരുന്നു. നേതാക്കളുടെ മഹത്തായ സന്ദേശം കേൾക്കാൻ ആളെ കിട്ടുന്നില്ല. പ്രശ്നങ്ങളെ ആധാരമാക്കി വിളിച്ച യോഗങ്ങൾക്കും ആളു വരുന്നില്ല. അവസാനം നിരാശരായി അവരെല്ലാംകൂടി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ‘വെറും പ്രസംഗം കേൾക്കാൻ ആർക്കും താല്പര്യമില്ല. അതുകൊണ്ട് വി വി ഒരു കഥാപ്രസംഗം കൂടി നടത്തണം’. വിവി വെട്ടിലായി. കഥാപ്രസംഗം നടത്തണമെങ്കിൽ കഥയും പ്രസംഗവും മാത്രം പോരല്ലോ. പാട്ടും, കവിതയും പക്കമേളവുമൊക്കെ വേണ്ടേ? ഇതിലൊന്നും അദ്ദേഹത്തിനൊരു പിടിപാടുമില്ല. പിന്നെ എങ്ങനെ കഥാപ്രസംഗം നടത്താൻ? ” എന്നായി വിവി‍.
ഇവിടെ പാട്ടും കവിതയും പക്കമേളവുമൊന്നും പ്രശ്നമല്ല. കഥാപ്രസംഗമെന്നു കേട്ടാൽ ആളുകൾ കുടുംബസമേതം എത്തും. അവരോട് കയ്യൂരിന്റെയും വയലാറിന്റെയും ചേന്ദമംഗലത്തിന്റെയും അന്തിക്കാടിന്റെയും കഥ പറയൂ. ഇവിടെ പല വഴികളിലും ചെരിപ്പിട്ടുനടക്കാൻ, ഷർട്ടിട്ടു നടക്കാൻ ഇപ്പോഴും സ്വാതന്ത്ര്യമില്ല. പലരെയും ഭൂവുടമകൾ പനമരത്തിൽ കെട്ടിയിട്ടു തല്ലി ഭൂമി ഒഴിപ്പിക്കുന്നു. ഇതിനെതിരെ സമരം ചെയ്യാൻ സമയമായെന്നു പറയു. അത്രമതി. ആർക്കും പരാതി ഉണ്ടാവുകയുമില്ല. ഈ വാദഗതിയോട് തർക്കുത്തരം പറയാൻ വിവിക്ക് സാധിച്ചില്ല.


ഇതുകൂടി വായിക്കൂ: പൂര്‍ണ സ്വരാജ് ഉയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി


അങ്ങനെ ചീതാവ് എന്ന ഗ്രാമത്തിൽ വിവി രാഘവന്റെ ആദ്യത്തെ കഥാപ്രസംഗം അരങ്ങേറി. അറിയാവുന്ന കവിതാശകലങ്ങളും പാട്ടുകളും കുത്തിത്തിരുകി, ഏതാനും ഈരടികൾ കത്തിക്കുറിച്ച് “വയലിന്റെ മകൾ” എന്നൊരു കഥയ്ക്ക് വിവി രൂപം നൽകി. കേരളത്തിന്റെ കോരിത്തരിപ്പിക്കുന്ന രണാങ്കണങ്ങളുടെ പശ്ചാത്തലത്തിൽ ചിറ്റൂർ താലൂക്കിൽ കണ്ട കരളലിയിക്കുന്ന കഥകൾ രണ്ടര മണിക്കൂർ നേരം വിശദീകരിച്ചു. വിയർപ്പിനേക്കാളധികം കണ്ണുനീർ വിവിയുടെ കവിളിലൂടെ ഒഴുകി. കേട്ടിരുന്നവരും കരഞ്ഞു. കഥാപ്രസംഗത്തിന്റെ അന്ത്യത്തിൽ പാതിരാനേരത്തു വിവിയും മറ്റ് സഖാക്കളും വിളിച്ച മുദ്രാവാക്യങ്ങൾ ആണും പെണ്ണും കുട്ടികളും വയോധികരും എല്ലാമടങ്ങിയ സദസ് ഏറ്റുവിളിച്ചു.
വാമൊഴിയായി ഈ കഥാപ്രസംഗത്തിന്റെ വാർത്ത ഗ്രാമങ്ങളിലേക്ക് പടർന്നു. പിന്നെ കുറച്ചുകാലത്തേക്ക് വിശ്രമമില്ലാത്ത കഥാപ്രസംഗപരിപാടി തന്നെ. ജനങ്ങൾ ഇളകിവശായി. സംഘടനയ്ക്കു രൂപം കൊടുത്തു. ഷർട്ടും ചെരിപ്പുമിട്ടു നടക്കാൻ പാടില്ലെന്നു വിലക്കുണ്ടായിരുന്ന ഭൂവുടമ കേന്ദ്രങ്ങളിലേക്ക് പന്തം കൊളുത്തി പടനിരകളാണ് നീങ്ങിയത്. ഇതേ തുടർന്നാണ് താലൂക്കിലുടനീളം ജനകീയ സമരങ്ങൾ ആളിപ്പിടിച്ചത്. ജനങ്ങളുടെ മനസിന്റെ കവാടം തുറന്നുകിട്ടുക എളുപ്പമല്ല. തുറന്നു കിട്ടിയാൽ അവർ അത്ഭുതം സൃഷ്ടിച്ചിട്ടേ അടങ്ങുകയുള്ളു.

(വി വി രാഘവൻ എഴുതിയ ‘മായാത്ത ഓർമ്മകൾ മറക്കാത്ത അനുഭവങ്ങൾ’ എന്ന കുറിപ്പിൽ നിന്ന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.