കോഴിക്കോട്
March 6, 2024 8:48 pm
അതിഗംഭീരമായ പശ്ചാത്തല ശബ്ദത്തിന്റെ അകമ്പടിയോടെയുള്ള സ്ഥാനാർത്ഥിയുടെ മനോഹരമായ റീലുകൾ… ഒന്നിലധികം സ്വീകരണ കേന്ദ്രങ്ങളിൽ ഒരേ സമയം വോട്ടർമാരുടെ മുന്നിലെത്തുന്ന സ്ഥാനാർത്ഥികൾ. . അന്തരിച്ച നേതാക്കൾ തിരിച്ചുവന്ന് തങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്ന കാലം… അടിമുടി മാറിയ പ്രചാരണ രീതികളാണ് തെരഞ്ഞെടുപ്പ് കാലത്ത് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നത്. പ്രചാരണം സൈബർ ചുവരുകളിലേക്ക് മാറിയെങ്കിലും പഴയ പ്രാധാന്യത്തോടെ ചുവരെഴുത്ത് തിരിച്ചുവരുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ചുവരെഴുതിയിരുന്ന തെരഞ്ഞെടുപ്പ് കാലമുണ്ടായിരുന്നു മുമ്പ്. സ്ഥാനാർത്ഥിയുടെ വിജയത്തിൽ പാർട്ടികൾ നിർണായക ഘടകമായി ചുവരെഴുത്തിനെ കണ്ടിരുന്ന നാളുകൾ. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായതോടെ മതിലുകളിൽ വെള്ള പൂശിയുള്ള എഴുത്തിന്റെ പ്രഭ മങ്ങി. എ ഐ കാലത്തും പഴമയുടെ സൗന്ദര്യം ആളുകൾ മറക്കുന്നില്ലെന്നതാണ് ചുവരെഴുത്തിനും പഴയ രീതിയിലുള്ള ബോർഡുകൾക്കും ലഭിക്കുന്ന പ്രാധാന്യം സൂചിപ്പിക്കുന്നതെന്ന് പ്രമുഖ ആർട്ടിസ്റ്റ് പരാഗ് പന്തീരാങ്കാവ് പറഞ്ഞു.
ഇത്തവണ ചുവരെഴുത്തിന് വലിയ പ്രാധാന്യമാണ് മുന്നണികൾ നൽകുന്നത്. ഓരോ ബൂത്തിലും അഞ്ചോ ആറോ ചുവരെഴുത്തുകളെങ്കിലും വരുന്നുണ്ട്. പ്രചാരണത്തിന്റെ ആദ്യഘട്ടമായി ചുവരെഴുത്തിന് തന്നെയാണ് എല്ലാവരും പ്രാധാന്യം നൽകിയത്. ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാണെന്നും പരാഗ് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സംസ്ഥാന ശുചിത്വ മിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുനചംക്രമണ സാധ്യതയില്ലാത്ത പി വി സി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടുങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല. ഇതെല്ലാം സൈബർ പ്രചാരണത്തിനൊപ്പം ചുവരെഴുത്തിന്റെയും പ്രധാന്യം വർധിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. നിർമിത ബുദ്ധിയുടെ കാലത്ത് മനുഷ്യന്റെ സർഗാത്മക കഴിവുകൾക്ക് ഇടതുപക്ഷം ഉൾപ്പെടെ പ്രാധാന്യം നൽകുന്നത് വലിയ കാര്യമാണ്. തുണിയിലും ചാക്കിലുമെല്ലാം തനി നാടൻ രീതിയിൽ വ്യത്യസ്തമായ പ്രചരണ ബോർഡുകൾ തയ്യാറാക്കാൻ ഓർഡർ വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സൈബർ പ്രചാരണവും ഇത്തവണ ശക്തമാണ്. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ, എക്സ്, ഇൻസ്റ്റ എന്നിവ വഴിയെല്ലാമാണ് പ്രചരണം പുരോഗമിക്കുന്നത്. യൂ ട്യൂബ് വഴി സ്ഥാനാർത്ഥികളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സ്ഥാനാർത്ഥികൾക്ക് വേണ്ടി മാത്രം സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഉണ്ട്. വാട്സ് ആപ്പ്, ടെലഗ്രാം ഇൻസ്റ്റ് ഗ്രൂപ്പുകൾ മാധ്യമ പ്രവർത്തകർക്കും വോട്ടർമാർക്കും നേതാക്കൾക്കുമെല്ലാം വേണ്ടി പ്രത്യേകമായി തന്നെ തയ്യാറാക്കുന്നുണ്ട്.
ഇതേ സമയം തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ട്. ചാറ്റ് ജിപിടി, ഡീപ് ഫേക് വീഡിയോ എന്നിവയെല്ലാം എഐ ലോകത്ത് സജീവമാണ്. കോടികൾ ചെലവഴിച്ച് ബിജെപിയാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഇത്തരം എ ഐ സംവിധാനങ്ങൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ഇതിനായി ഇരുപതിനായിരത്തോളം ഐ ടി പ്രൊഫഷണുകളെ നിയോഗിക്കുകയും നൂറ് കണക്കിന് ഡാറ്റാ സെന്ററുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
English Summary: wall writing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.