വഖഫ് ഭേദഗതി നിയമത്തിനെതിരെ കൂടുതല്‍ കക്ഷികള്‍ സുപ്രീം കോടതിയില്‍. ഡിഎംകെ നേതാവ് എ രാജ എംപി ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചു. പുതിയ നിയമം ഇന്ത്യയിലുടനീളമുള്ള 20 കോടിയിലധികം മുസ്ലിങ്ങളുടെയും മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസിന് മുന്നില്‍ അഭിഭാഷകര്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. പാര്‍ലമെന്റ് വഖഫ് ഭേദഗതി നിയമം പാസാക്കുകയും രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അസദുദ്ദീന്‍ ഒവൈസി എംപി, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഎപി എംഎല്‍എ അമാനത്തുള്ളാ ഖാന്‍, ജമാഅത്തെ ഉലമ ഐ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷദ് മദനി, സമസ്ത കേരളാ ജമാഅത്തുല്‍ ഉലമ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ അസോസിയേഷൻ തുടങ്ങിയവരും വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വഖഫ് ഭേദഗതി നിയമം ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് അവതരിപ്പിച്ച അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ നിയമസഭയില്‍ വന്‍ പ്രതിഷേധമുണ്ടായി. ബിജെപി അംഗങ്ങള്‍ പ്രമേയത്തിനെതിരെ രംഗത്തുവന്നതോടെ സഭ ബഹളമയമായി. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ് അംഗങ്ങളും മുദ്രാവാക്യങ്ങള്‍ മുഴക്കി ഇതിനെ നേരിട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളായ സല്‍മാന്‍ സാഗറും ഐജാസ് ജാനും ചോദ്യപേപ്പറുകള്‍ കീറിയെറിഞ്ഞതും സംഘര്‍ഷം രൂക്ഷമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.