27 July 2024, Saturday
KSFE Galaxy Chits Banner 2

വഖഫ് തര്‍ക്കം: കൊച്ചിയില്‍ 404 ഏക്കര്‍ നിയമക്കുരുക്കില്‍

Janayugom Webdesk
കൊച്ചി
January 1, 2023 9:25 pm

വഖഫ് സ്വത്തുക്കളുടെ വൻ കയ്യേറ്റം നടന്നതായി വഖഫ് ബോർഡ് കണ്ടെത്തിയ എറണാകുളം ചെറായിയിലെ 404 ഏക്കർ സംബന്ധിച്ച തർക്കം വഴിത്തിരിവിലേക്ക്. ഫാറൂഖ് കോളജ് മാനേജ്മെന്റിനായി ചെറായിയിൽ വഖഫ് ചെയ്ത് നൽകുകയും പിന്നീട് കയ്യേറപ്പെട്ടു പോകുകയും ചെയ്ത 404 ഏക്കർ വഖഫ് സ്വത്ത് പോക്കുവരവ് നടത്തുവാനും സർട്ടിഫിക്കറ്റ് നൽകുവാനും അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് വിഷയം വീണ്ടും കുഴഞ്ഞുമറിയുന്നത്. ചെറായി ബീച്ചിലെ വലിയ റിസോർട്ടുകളും കോട്ടേജുകളുമെല്ലാം അടങ്ങുന്ന ബീച്ച് ജംഗ്ഷന്റെ വടക്കുവശമുള്ള ഭൂമി മുഴുവനും വഖഫ് ഭൂമിയാണെന്നാണ് വഖഫ് ബോർഡ് അവകാശപ്പെടുന്നത്. ഈ 404 ഏക്കറിൽ 600 കുടുംബങ്ങൾ ഉണ്ടെന്നും അതിനാൽ ഭൂമിയിൽ നിന്ന് ഇവരെ ഒഴിപ്പിക്കുവാൻ കഴിയില്ല എന്നുമായിരുന്നു സർക്കാർ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ സ്വീകരിച്ച നിലപാട്. തുടർന്ന് പോക്കുവരവ് നടത്തുവാനും സർട്ടിഫിക്കറ്റ് നൽകുവാനും റവന്യൂ ഉദ്യോഗസ്ഥർക്ക് അനുവാദം നൽകി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടി എം അബ്ദുൽസലാം, സെക്രട്ടറി നാസർ മനയിൽ എന്നിവർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇതോടെ പോക്കുവരവ് നടപടികൾ നിർത്തിവെയ്ക്കേണ്ടി വരും.

1950 നവംബർ ഒന്നിനാണ് കൊച്ചി കണയന്നൂർ താലൂക്കിൽ കച്ചിമേമൻ മുസൽമാൻ ഹാജിയും സേട്ടുവിന്റെ മകൻ മുഹമ്മദ് സിദ്ദീഖ് സേട്ടും ഇടപ്പള്ളി സബ് രജിസ്റ്റാർ ഓഫിസിൽ വെച്ച് ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാൻ ബഹദൂർ പി കെ ഉണ്ണിക്കമ്മു സാഹിബിന് ചെറായി ബീച്ചിലെ 404 ഏക്കർ 76 സെന്റ് ഭൂമി വഖഫായി രജിസ്റ്റർ ചെയ്ത് നൽകുന്നത്. അന്ന് ക്രയവിക്രയാധികാരത്തോടുകൂടി ഫാറൂഖ് കോളേജ് കമ്മറ്റിക്ക് ദാനാധാരമായാണ് ഭൂമി സമ്മാനിച്ചിരിക്കുന്നത്. 404 ഏക്കറിൽ 350 ഏക്കർ സ്ഥലം കടലിലും കായലിലും പെട്ട് കിടക്കുകയായിരുന്നു. ബാക്കി സ്ഥലം കുടികിടപ്പുകാരുടെ കൈയ്യിലുമായിരുന്നു. ഇതുസംബന്ധിച്ച് 1962ൽ പറവൂർ കോടതിയിൽ കേസ് ഫയൽചെയ്തതിനെ തുടർന്ന് 1963 മുതൽ ഈ ഭൂമി റസീവറുടെ കൈവശമാണ്. ഈ സ്ഥലം ഒഴിപ്പിച്ചെടുക്കാനാവാത്ത സ്ഥിതിയിലായതിനാൽ ഫാറൂഖ് കോളേജ് പിന്നീട് കയ്യൊഴിഞ്ഞുവെന്നാണ് കോളേജിന്റെ തന്നെ നിലപാടായി നേരത്തെ പുറത്ത് വന്നിരുന്നത്.

ഇതിനിടെ സർക്കാർ നിർദ്ദേശപ്രകാരം ഭൂനികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി തഹസീൽദാർ നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തി. വഖഫ് ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാൻ ആവില്ല. ഇത് വഖഫ് നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. എത്ര വർഷം കൈവശം വെച്ചാലും എത്ര തവണ കൈമറിഞ്ഞാലും വഖഫ് ഭൂമി എന്നും വഖഫ് ഭൂമി തന്നെയായിരിക്കും. ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ച മനസ്സിലാക്കി വഖഫ് സ്വത്ത് വീണ്ടെടുക്കുന്നതിന് സർക്കാർ നടപടി എടുക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Eng­lish Sum­ma­ry: Waqf land: 404 acres in legal tan­gle in Kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.