26 July 2024, Friday
KSFE Galaxy Chits Banner 2

ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ്: അമര്‍ജിത് കൗര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2022 9:55 pm

അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും ദേശീയ ആസ്തികളും ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ ബ്രാന്‍ഡുകള്‍ക്കും വിറ്റ് തുലയ്ക്കുകയാണെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. രാജ്യവ്യാപകമായി നടന്ന ദ്വിദിന പണിമുടക്കിന്റെ ഭാഗമായി ജന്ദര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കൗര്‍.

തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാനും തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ രാജ്യത്ത് 12 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈനിലൂടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവനും വില്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇത് രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കി. പിഎഫ് പലിശനിരക്ക് 8.5 ശതമാനമായിരുന്നത് 8.1 ശതമാനമായി കുറച്ചു. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ, ജനദ്രോഹ നയങ്ങള്‍ക്കും നീക്കങ്ങള്‍ക്കും എതിരെയുള്ള മുന്നറിയിപ്പാണ് രണ്ടു ദിവസത്തെ ദേശീയ പണിമുടക്കെന്നും അമര്‍ജിത് കൗര്‍ പറഞ്ഞു.

കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളായ ഹര്‍ഭജന്‍ സിങ് സിദ്ദു (എച്ച്എംഎസ്), തപന്‍ സെന്‍(സിഐടിയു), ആര്‍ കെ ശര്‍മ (എഐയുടിയുസി), ജി ദേവരാജന്‍(ടിയുസിസി), ലത (സേവ), രാജീവ് ദിമിരി(എഐസിസിടിയു), മോഹന്‍(എല്‍പിഎഫ്), സുരേഷ് ദാഗര്‍(യുടിയുസി) സന്തോഷ് (എംഇസി), നരേന്ദര്‍ സി(ഐസിടിയു) തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി, സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കുവേണ്ടി ഹനന്‍ മൊള്ള എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്ന് പ്രസംഗിച്ചു.

Eng­lish Summary:Warning against anti-peo­ple poli­cies: Amar­jit Kaur

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.