ആരോഗ്യ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം. മെച്ചപ്പെട്ട ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക് എന്നിങ്ങനെ നാം ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണമറ്റവയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. നിപ്പയും അതിന് ശേഷം വന്ന കോവിഡുമൊക്കെ മരണനിരക്ക് കുറച്ച് പ്രതിരോധിക്കാൻ സാധിച്ചതും വലിയ നേട്ടമായി. കേരളത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങൾ മുതൽ ജില്ലാ താലൂക്ക് ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ വരെയുളള സുദൃഢമായ ആരോഗ്യ സംവിധാനം നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ഇവയെല്ലാം തന്നെ വലിയ രീതിയിലുള്ള നവീകരണത്തിന്റെ പാതയിലാണ് ഇപ്പോൾ. ആരോഗ്യ മേഖലയിൽ കേരളം നേടിയ ഈ നേട്ടങ്ങൾക്ക് പ്രധാന കാരണമായിട്ടുള്ള ഘടകങ്ങൾ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, സാക്ഷരത, അധികാര വികേന്ദ്രീകരണം, മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, നമ്മുടെ രാഷ്ട്രീയ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയെടുത്ത പൊതു അവബോധം എന്നിവയെല്ലാമാണ്.
വർഷങ്ങളുടെ പരിശ്രമഫലമായി പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. എന്നാൽ നിർമാർജ്ജനം ചെയ്ത പലരോഗങ്ങളുടെയും തിരിച്ചു വരവും, പുതിയ രോഗങ്ങളുടെ ആവിർഭാവവും കേരള. ജനതയുടെ മനസിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. മലമ്പനിയും, മഞ്ഞപിത്തവും, ചിക്കൻ ഗുനിയയും, ഡെങ്കിപ്പനിയും, ടൈഫോസും ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളും, അവ മൂലമുള്ള മരണങ്ങളും നമുക്ക് നേരിടേണ്ട വലിയ വെല്ലുവിളിയാണ്. ഇവിടെയാണ് ഈ വർഷത്തെ ലോകാരോഗ്യ സംഘടന നിർദേശിച്ച ലോകാരോഗ്യ ദിന സന്ദേശം ഏറെ പ്രസക്തമാകുന്നത്. ഔവര്‍ പ്ലാനറ്റ് ഔവര്‍ ഹെല്‍ത്ത് (നമ്മുടെ ഗ്രഹങ്ങൾ, നമ്മുടെ ആരോഗ്യം) എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം. അന്തരീക്ഷ മലിനീകരണവും, മാലിന്യങ്ങളും, ജല ദൗർലഭ്യവും, കാലാവസ്ഥ വ്യതിയാനവും മൂലം നമ്മുടെ ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങളും മനുഷ്യർ ഉൾപ്പെടെയുള്ള ജീവ ജാലങ്ങളും നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇത്തരം വെല്ലുവിളികളെ ചെറുത്ത് മനുഷ്യന്റെയും ജീവജാലങ്ങളുടെ ക്ഷേമവും ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്താനുള്ള വിപുലമായ ക്യാമ്പയിനുകൾ ഏറ്റെടുത്തു നടത്തേണ്ട ആവശ്യകതയാണ് ലോകാരോഗ്യ സംഘടന ഈ വർഷത്തെ ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട പ്രമേയം നമ്മോട് ആവശ്യപെടുന്നത്. എന്നാൽ പ്രധാനമായും സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ് ഇത്തരമൊരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത് എന്ന് നാം ഒരോരുത്തരും സ്വയം തിരിച്ചറിയാതെ പോകുന്നു. ശുദ്ധമായ കുടിവെള്ളത്തിന്റെ അപര്യാപ്തത, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ വലിയ തോതിലുള്ള വർധനവ്, അന്തരീക്ഷ മലിനീകരണം. കീടനാശിനികളുടെ അമിതോപയോഗം, പരിസ്ഥിതിയിലും, കാലാവസ്ഥയിലും വന്ന മാറ്റങ്ങൾ, മാറുന്ന ജീവിത ശൈലികൾ എന്നിവയെല്ലാമാണ് രോഗാ തുരത വർധിക്കുന്നതിനുള്ള പ്രധാന കാരണം ഇതോടൊപ്പം കേരളം നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികൾ പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളിൽ ഉണ്ടായ വർധനവ്, വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, വാഹനാപകടങ്ങളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്ന പകർച്ചവ്യാധികൾ എന്നിവയെല്ലാമാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഇപ്പോഴും പ്രധാന വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നത്. പകർച്ചേതര വ്യാധികളും പുതുതായി ആരംഭിക്കുന്നതും ഇപ്പോഴും നിലനില്ക്കുന്നതുമായ പ്രധാന പകർച്ചവ്യാധികളും അതുമൂലമുണ്ടാകുന്നത് ഭാരിച്ച ചികിത്സാചെലവുകളുമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും ജനങ്ങളുടെ ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും അടിക്കടി ഉണ്ടാക്കുന്ന പ്രകൃതിക്ഷോഭങ്ങളുമെല്ലാം കാരണമായിട്ടുണ്ട്.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനവും രോഗനിരീക്ഷണ സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിപ്പ, കോവിസ്-19 തുടങ്ങിയ പുതിയ വൈറസ് രോഗങ്ങൾ തടയുന്നതിൽ കേരളത്തിന് പ്രാരംഭദിശയിൽ തന്നെ മികച്ച ഇടപെടൽ നടത്താൻ സാധിച്ചത്. പകർച്ചവ്യാധി പ്രതിരോധത്തിന് ശുദ്ധമായ കുടിവെളള ലഭ്യത, ഭക്ഷ്യ ശുചിത്വം, ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം എന്നിവയെല്ലാം വളരെ പ്രധാനമാണ്.
പ്രളയാനന്തര പകർച്ച വ്യാധികളായ കൊതുക് ജന്യരോഗങ്ങളും, എലിപ്പനി തുടങ്ങിയ ജന്തു ജന്യരോഗങ്ങളും കേരളത്തിൽ വലിയ വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ മെയ് വരെ അനുഭവപ്പെടുന്ന അത്യുഷ്ണം മൂലമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും കേരളത്തിൽ വർധിച്ചു വരുകയാണ്. കൂടാതെ ജലലഭ്യത കുറവ് ഒരോവർഷവും കൂടി വരുന്നുണ്ട്. ഇതുമൂലം വയറിളക്കം, ഹെപ്പെറ്റെെറ്റിസ് മുതലായ ജല ജന്യരോഗങ്ങളും, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ കൊതുക് ജന്യരോഗങ്ങളും വർധിക്കുന്നു. വായു ജന്യരോഗങ്ങളായ എച്ച്1 എന്‍1ചിക്കൻ പോക്സ് മുതലായവയും പ്രധാന പ്രശ്നങ്ങളാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം കോളറ, മലമ്പനി, മന്ത് മുതലായ നിയന്ത്രണ വിധേയമായ പലരോഗങ്ങളും വർധിക്കുവാൻ കാരണമായിട്ടുണ്ട്. ആധുനികവല്ക്കരണത്തിന്റെയും, നഗരവല്ക്കരണത്തിന്റെയും ഭാഗമായി കേരളത്തിൽ ജീവിത ശൈലിയിൽ വന്ന കാതലായ മാറ്റങ്ങൾ ജീവിത ശൈലീരോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ബർഡൻ ഓഫ് സ്റ്റഡീസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 60 ശതമാനം മരണകാരണങ്ങളും ജീവിത ശൈലിരോഗങ്ങൾ മൂലമാണെന്ന് പ്രതിപാദിക്കുന്നു. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസും സംസ്ഥാന ആരോഗ്യ വകുപ്പും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മൂന്നിലൊരാൾക്ക് രക്താതി സമ്മർദ്ദവും, അഞ്ചിലൊരാൾക്ക് പ്രമേഹവും കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, നേത്രപടലാന്തത, ഡയബറ്റിക്ക് പൂട്ട് അൾസറുകൾ, തുടങ്ങിയ രോഗങ്ങൾ ജനങ്ങളിൽ വർധിക്കുന്നു. സംസ്ഥാനത്ത് പ്രതിവർഷം 55,000 ലധികം പേർക്ക് പുതുതായി കാൻസർ രോഗബാധ റിപ്പോർട്ട് ചെയ്യപെടുന്നതും ഗൗരവതരമാണ്.
അതുകൊണ്ട് തന്നെ പൊതുജനാരോഗ്യ മേഖലയിൽ കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുവാനും ആരോഗ്യപൂർണമായ പുതിയ തലമുറ സൃഷ്ടിക്കാനും നമ്മുടെ വികസനപരിപ്രേക്ഷത്തിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ക്രമങ്ങളിലും ഭൂമിക്കും പരിസ്ഥിതിക്കും സൗഹൃദമായ പരിപാടികൾ ആസൂത്രണം ചെയ്യാനും, പുതിയ ഒരു ആരോഗ്യ സംസ്കാരവും ജീവിതക്രമവും വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾ ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് നമുക്ക് പ്രതിജ്ഞ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.