24 December 2024, Tuesday
KSFE Galaxy Chits Banner 2

ബംഗാളില്‍ രക്തംപുരണ്ട ജനാധിപത്യഹത്യ

Janayugom Webdesk
July 10, 2023 5:00 am

പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ആക്രമണങ്ങളും അട്ടിമറി നീക്കങ്ങളുമാണ് നടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് അസാധാരണമായ ആക്രമണങ്ങള്‍ അരങ്ങേറുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതൃത്വം നല്‍കുന്ന ഭരണത്തിനെതിരെ സംസ്ഥാനത്ത് വന്‍തോതിലുള്ള ജനവികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇടതുപാര്‍ട്ടികള്‍ തിരിച്ചടികളെ അതിജീവിച്ച് വളരെധികം മുന്നേറിയ സാഹചര്യവുമുണ്ട്. ടിഎംസിയിലാണെങ്കില്‍ വ്യാപകമായി വിമതശല്യവുമുണ്ടായി. ഇതെല്ലാംകൊണ്ട് പരാജയം മണത്ത ഭരണകക്ഷി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് വ്യാപക ആക്രമണത്തിനാണ് നേതൃത്വം നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും എതിരാളികളെ തടയുന്നതിനു വേണ്ടിയായിരുന്നു ആദ്യഘട്ട ആക്രമണങ്ങള്‍. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇടതുപാര്‍ട്ടികളും മറ്റും എല്ലാ വെല്ലുവിളികളെയും നേരിട്ട് ഭൂരിപക്ഷം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ തവണ 30 ശതമാനത്തോളം സീറ്റുകളില്‍ ടിഎംസി പ്രതിനിധികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒരു ശതമാനം സീറ്റുകളിലായിരുന്നു എതിരില്ലാതിരുന്നത്. എന്നാല്‍ ചില സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമൊക്കെ പിന്‍വലിപ്പിച്ചതിനാല്‍ എതിരില്ലാത്തവരുടെ എണ്ണം രണ്ടു ശതമാനത്തോളമായി. പൊലീസും ഉദ്യോഗസ്ഥ സംവിധാനവുമാകെ ദുരുപയോഗം ചെയ്യപ്പെട്ടതും കുറേ പത്രികകള്‍ ഏകപക്ഷീയമായി തള്ളുന്നതിനും കാരണമായി.

ടിഎംസിയില്‍ നിന്നാകട്ടെ 9,000ത്തിലധികം വിമതരും രംഗത്തുണ്ടായിരുന്നു. മൂന്ന് തലങ്ങളിലുള്ള മുക്കാല്‍ ലക്ഷത്തോളം വാര്‍ഡുകളിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. പത്രിക സമര്‍പ്പിക്കുന്നത് തടയുന്നതിനും പിന്‍വലിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഫലമായുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരുപതിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒളിവില്‍ കഴിഞ്ഞും നാടുവിട്ടുമാണ് തങ്ങളുടെ പത്രിക ബലപ്രയോഗത്തിലൂടെ തള്ളിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. അതിനിടെ ആക്രമണത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. അതുകൊണ്ടുതന്നെ നിഷ്പക്ഷവും സമാധാനപരവുമായ തെര ‍ഞ്ഞെടുപ്പ് നടപടികള്‍ സാധ്യമല്ലെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സംവിധാനം ഏകപക്ഷീയമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബോധ്യപ്പെട്ടതിനാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് ചെയ്തത്. കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഉത്തരവ് പരമോന്നത കോടതിയും അംഗീകരിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പുകളില്‍ അക്രമങ്ങള്‍ ഉണ്ടായതിന് നേരത്തെയും ഉദാഹരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്രസേനയെ നിയോഗിക്കണമെന്ന നിര്‍ദേശം സാധൂകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവുമുണ്ടായി. തെരഞ്ഞെടുപ്പ് ദിവസം 18 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വ്യാപക ആക്രമണമുണ്ടായി എന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: കത്തിയെരിയുന്ന‍ മണിപ്പൂർ നല്‍കിയ തിരിച്ചറിവ്


ടിഎംസി പ്രവര്‍ത്തകരും വിമതരും പരസ്പരം ഏറ്റുമുട്ടി എന്നുള്ളതാണ് ഇത്തവണത്തെ ആക്രമണത്തിന്റെ മറ്റൊരു പ്രത്യേകത. ഒരേ കളരിയില്‍ പയറ്റിയവര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ മനുഷ്യനാശത്തിന്റെ എണ്ണം കൂടി. മുർഷിദാബാദ് ജില്ലയിൽ മാത്രം അഞ്ചുപേർ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരായിരുന്നു. രണ്ടു വോട്ടര്‍മാരും കൊല്ലപ്പെട്ടു. ബൂത്തുകള്‍ കയ്യേറുക, ബാലറ്റ് പേപ്പറുകള്‍ കത്തിക്കുക, പോളിങ് ഏജന്റുമാരെ അടിച്ചോടിക്കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക, വ്യാപകമായി വ്യാജ വോട്ടുകള്‍ ചെയ്യുക തുടങ്ങി എല്ലാവിധ ഹീനകൃത്യങ്ങളും അരങ്ങേറി. തോക്കുകള്‍, നാടന്‍ ബോംബുകള്‍, വടിവാളുകള്‍ തുടങ്ങിയ ആയുധങ്ങളുമായി പല കേന്ദ്രങ്ങളിലും അക്രമികള്‍ അഴിഞ്ഞാടി. ക്രമസമാധാനപാലനം തങ്ങളുടെ ചുമതലയാണെന്ന ഉത്തരവാദിത്തം മറന്നാണ് പൊലീസ് സംവിധാനവും തെരഞ്ഞെടുപ്പ് കമ്മിഷനും പ്രവര്‍ത്തിച്ചത്. ഹൈക്കോടതി വിധിക്കുകയും സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സേന സംസ്ഥാനത്തെത്തിയെങ്കിലും പ്രശ്നബാധിത ബൂത്തുകളില്‍ അവരെ വിന്യസിക്കുന്നതിനുള്ള നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ലെന്നാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഭരണകക്ഷിയുടെ നേതൃത്വത്തില്‍ ജനാധിപത്യം അട്ടിമറിച്ച് വിജയം നേടുന്നതിനുള്ള ശ്രമങ്ങളാണ് പശ്ചിമ ബംഗാളിലെ അക്രമങ്ങളുടെ യഥാര്‍ത്ഥ കാരണം. അതുകൊണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനും നിഷ്പക്ഷവും നീതിപൂര്‍വകവുമായി നടത്തുന്നതിനും നടപടിയുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.