22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024
May 27, 2024

ചെെനയുടെ ബിആര്‍ഐയെ മറികടക്കാന്‍ പാശ്ചാത്യസംരംഭം

Janayugom Webdesk
July 12, 2022 5:00 am

ലോക രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ പൊതു-സ്വകാര്യ നിക്ഷേപം നടത്താന്‍ 2027ഓടെ 30,000 കോടി യൂറോ സമാഹരിക്കണമെന്ന് കഴിഞ്ഞ മാസം ജർമ്മനിയിൽ നടന്ന ജി7 നേതാക്കളുടെ ഉച്ചകോടിയില്‍ യൂറോപ്യൻ കമ്മിഷൻ തീരുമാനം. പാര്‍ട്ണര്‍ഷിപ് ഫോര്‍ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻവെസ്റ്റ്മെന്റ് (പിജിഐഐ) എന്ന ഈ പദ്ധതിക്ക് 20,000 കോടി ഡോളർ നല്കാമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാഗ്ദാനം പാലിക്കപ്പെട്ടാല്‍ മൊത്തം ഫണ്ട് അരലക്ഷം കോടി ഡോളറിലധികമാകും. കഴിഞ്ഞ ഒരു ദശകമായി വികസനത്തിന്റെ പേരില്‍ ചെെന നടപ്പാക്കുന്ന രാജ്യാന്തര ഇടപെടലുകളുടെ മാതൃകയിലാണ് യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും സംയുക്ത പദ്ധതി. ചെെനീസ് പദ്ധതിയില്‍ നിന്ന് ഭിന്നമായി സുതാര്യവും പങ്കാളികളെ മാനിക്കുന്നതുമാണ് പിജിഐഐ എന്നാണ് അവകാശവാദം.

2013ൽ പ്രസിഡന്റ് ഷി ജിൻ പിങ് തുടങ്ങിവച്ച ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) 2020ഓടെ 1398 കോടി ഡോളര്‍ വിവിധ രാജ്യങ്ങളില്‍ നിക്ഷേപിച്ചതായി അവകാശപ്പെടുന്നുണ്ട്. ചൈനയെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിന് കര-സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ബിആര്‍ഐ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി ദരിദ്രവും അവികസിതവുമായ നിരവധി രാജ്യങ്ങളെ ആകർഷിക്കുന്നതിൽ ചെെന വിജയിച്ചിട്ടുമുണ്ട്. സാമ്പത്തികമായി ദുർബലരായ രാജ്യങ്ങളെ സ്വാധീനിക്കാൻ ചൈന ബിആര്‍ഐ ഉപയോഗിക്കുന്നതില്‍ ജി7 നേതാക്കൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ യൂറോ-യുഎസ് സംയുക്ത സംരംഭം ചൈനയുടെ സാമ്പത്തികവും തന്ത്രപരവുമായ മേധാവിത്തത്തിനെതിരെയുള്ള പ്രത്യാക്രമണമായി കണക്കാക്കപ്പെടുന്നു.


ഇതുകൂടി വായിക്കൂ:  ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളി ചൈന


പിജിഐഐ പദ്ധതിയില്‍ അധിക മൂലധനം സമാഹരിക്കുന്നതിന് സമാന ചിന്താഗതിയുള്ള മറ്റ് രാജ്യങ്ങളെയും പങ്കാളികളായി ഉൾപ്പെടുത്തും. ബഹുമുഖ വികസന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സോവറിൻവെൽത്ത് ഫണ്ടുകൾ എന്നിവയുള്‍പ്പെടെ പിജിഐഐ ധനസ്രോതസ്സാക്കും. ചൈന ലക്ഷ്യമിടുന്നത് പോലെ കുറഞ്ഞ- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ കാലാവസ്ഥയും ഊർജ സുരക്ഷ, ഡിജിറ്റൽ കണക്റ്റിവിറ്റി, ആരോഗ്യം, ആരോഗ്യ സുരക്ഷ, ലിംഗസമത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ളതാണ് പദ്ധതിയെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ സമഗ്രവും സുതാര്യവും മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ധനസഹായം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പിജിഐഐ രൂപകല്പന ചെയ്തിരിക്കുന്നതത്രെ.

ഒരു സമൂഹത്തിന്റെ ഉല്പാദനക്ഷമതയും സമൃദ്ധിയും വര്‍ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ നിർണായകമാണെന്ന് യുഎസ് നയരേഖ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ ശരിയായി നടപ്പിലാക്കിയാൽ, തൊഴിലാളികള്‍ക്ക് നല്ല ജോലി ലഭിക്കാനും ബിസിനസുകൾ വളരാനും സഹായകമാകും. അധഃസ്ഥിത ജനവിഭാഗങ്ങള്‍ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കുകയും വിപണികളിലേക്ക് സാധനങ്ങളുടെ നീക്കം, വേഗത്തിലുള്ള ആശയവിനിമയം എന്നിവ സാധ്യമാക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യ പ്രതിസന്ധികൾ എന്നിവയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ‘ലോകമെമ്പാടുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ നിക്ഷേപത്തിനുള്ള റോഡ്‍മാപ്പ്’ എന്നാണ് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പിജിഐഐയെ വിശേഷിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: ചരിത്ര പ്രമേയം പാസാക്കി ചൈനീസ് പാര്‍ട്ടി പ്ലീനം


യൂറോപ്യൻ യൂണിയനിൽ നിന്നോ അതിന്റെ അംഗരാജ്യങ്ങളില്‍ നിന്നോ മാത്രമല്ല ഫണ്ട് ലഭ്യമാക്കുന്നത്. യൂറോപ്യന്‍ ധനകാര്യ സ്ഥാപനങ്ങളും ദേശീയ വികസന ധനകാര്യ സ്ഥാപനങ്ങളും പദ്ധതിയെ പിന്തുണയ്ക്കുമെന്ന് കമ്മിഷൻ രേഖയിൽ പറയുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉണ്ടാകും. ആതിഥേയ രാജ്യങ്ങളുമായും പ്രാദേശിക പങ്കാളികളുമായും കൂടിയാലോചനയിലൂടെ അവരുടെ ആവശ്യങ്ങള്‍ ഹ്രസ്വവും ദീർഘവുമായവ മുൻഗണനാക്രമത്തില്‍ സമയബന്ധിതമായി നടപ്പാക്കും. ചെറുകിട‑ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ളവയെ പിന്തുണച്ച്, അടിസ്ഥാന സൗകര്യം, സാങ്കേതിക വിജ്ഞാന വികസനം എന്നിവ വഴി തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുന്നതിലൂടെ അമേരിക്കയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് യുഎസ് സര്‍ക്കാരിന്റെ പ്രസ്താവന പറയുന്നു. ഒരു പൊതു കാഴ്ചപ്പാടിലൂടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപ മാനദണ്ഡങ്ങൾ, വൈദഗ്ധ്യം എന്നിവയെ ഏകോപിപ്പിക്കുന്നതിന് ജി7 ഉള്‍പ്പെടെ സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് യുഎസ് ശ്രമം.

ചൈന നടപ്പാക്കുന്ന പദ്ധതിയുടെ അജണ്ട ഭാഗികമായി പകർത്തുന്നുണ്ടെങ്കിലും പിജിഐഐ രൂപരേഖയിലെവിടെയും ബിആര്‍ഐ എന്ന പരാമര്‍ശമില്ല. പാശ്ചാത്യ ശക്തികളുടെയും ജപ്പാന്റെയും പുറംലോകത്തേക്കുള്ള കയറ്റുമതിയുടെയും തൊഴിലിന്റെയും വളർച്ചയെ ബിആര്‍ഐ തടസപ്പെടുത്തിയിരുന്നു. ചൈനയുടെ വ്യവസായവും കയറ്റുമതിയും വളർത്തുന്നതിനായി അയൽ പ്രദേശങ്ങളിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ വിപുലമായ പരിപാടിയിലൂടെ ബെയ്ജിങ്ങിന്റെ സാമ്പത്തിക നേതൃത്വത്തെ ശക്തിപ്പെടുത്തുകയാണ് ബിആര്‍ഐ ലക്ഷ്യം. ചൈനയുടെ സാങ്കേതികത, എന്‍ജിനീയറിങ് എന്നിവ കയറ്റുമതി ചെയ്യുന്നതിന് ഈ സംരംഭം സഹായിച്ചു. ചൈനയുടെ അവികസിതമായ ഉൾപ്രദേശങ്ങളിലും ദുര്‍ബല മേഖലകളിലും സാമ്പത്തിക വളർച്ചയ്ക്ക് ബിആര്‍ഐ ഗണ്യമായി സഹായിക്കുമെന്ന് ബെയ്ജിങ് പ്രതീക്ഷിക്കുന്നു. ചൈന അതിന്റെ ലക്ഷ്യത്തിൽ വിജയിച്ചുവെങ്കിലും പല ബിആര്‍ഐ പങ്കാളികളും ഇപ്പോൾ അതിന്റെ കടക്കെണിയിലാണെന്നത് വാസ്തവമാണ്.

എന്നാല്‍, ചെെനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ഒരു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്, ‘ബിആര്‍ഐയുടെ എല്ലാ ഗതാഗത വികസന പദ്ധതികളും നടപ്പിലാക്കുകയാണെങ്കിൽ, 2030ഓടെ അത് 1.6 ട്രില്യൺ ഡോളർ വരുമാനം ഉണ്ടാക്കും’ എന്നാണ്. അറുപതിലധികം രാജ്യങ്ങൾ ചൈനയുമായി ബിആര്‍ഐ കരാറുകളിൽ ഒപ്പിട്ടു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെല്ലാം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കൂ: ചൈനീസ് നിലപാട് അപലപനീയം


എന്തെങ്കിലും സഹായമൊ ഗ്രാന്റോ നൽകുന്നതിനുപകരം, വാണിജ്യ പലിശ നിരക്കിൽ വലിയ വായ്പകളാണ് ചെെന വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത വർഷത്തിനുള്ളിൽ അടയ്ക്കാനാകാത്ത രാജ്യങ്ങള്‍ക്ക് പ്രധാന സ്വത്തുക്കൾ വിട്ടുകൊടുക്കേണ്ടിവരുന്നു. നിർബന്ധവായ്പകളിലൂടെയുള്ള ചൈനയുടെ കൊള്ള, പല രാജ്യങ്ങളെയും കടക്കെണിയിലാക്കി. ബിആര്‍ഐ വഴി പലരാജ്യങ്ങളുടെയും കടൽ, നദി, തുറമുഖങ്ങൾ, സൈനിക താവളങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ ആസ്തികൾ ഭാഗികമായോ ഗണ്യമായോ സ്വന്തമാക്കാനും ചൈനയ്ക്ക് സാധിച്ചു.

അതിനിടെ ബിആര്‍ഐ പങ്കാളിത്തം കുറയുകയാണെന്ന് വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പങ്കാളിത്ത രാജ്യങ്ങൾക്കുള്ള വാർഷിക വായ്പ 2015 ലെ 125 ബില്യൺ ഡോളറിൽ നിന്ന് 2021ൽ 50 മുതൽ 55 വരെ ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്. പല പങ്കാളിത്ത രാജ്യങ്ങളും തങ്ങളുടെ വായ്പകൾ തുടരണമോ എന്ന് പുനരാലോചിക്കുകയുമാണ്. സാമ്പത്തിക പ്രതിസന്ധികളിലേക്ക് വലിച്ചെറിയപ്പെട്ട ഈ രാജ്യങ്ങളിൽ ചിലത് തങ്ങളുടെ സാമ്പത്തിക പങ്കാളികളായി മറ്റു രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉല്പാദനവും വ്യാവസായിക ശേഷിയും കൂടുതലുള്ള ചൈനയെ സംബന്ധിച്ചിടത്തോളം ഇത് ശുഭവാർത്തയല്ല. എങ്കിലും പിജിഐഐയെ കുറിച്ച് ചൈന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പിജിഐഐ നയ ലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമാണെന്ന് തോന്നല്‍ വ്യാപകമാണ്. ബിആര്‍ഐ പോലെ പങ്കാളികളെ കടക്കെണിയിലേക്ക് വലിച്ചെറിയാതെ പ്രയോജനം ചെയ്യുന്നതാകുമെന്നാണ് പ്രതീക്ഷ. ഇയു-യുഎസ് പദ്ധതി വിജയകരമാകണമെങ്കിൽ, സ്വീകര്‍ത്താക്കളെ പരമാധികാര രാജ്യങ്ങളായി കണക്കാക്കുകയും നല്ല ആസ്തികളുണ്ടാക്കാന്‍ സഹായിക്കുകയും വേണം. അങ്ങനെയായാല്‍ അവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ കഴിഞ്ഞേക്കും.

ചൈനയുടെ കടക്കെണി നയതന്ത്രവും ലങ്കയും

ശ്രീലങ്കയിലെ തുറമുഖ പദ്ധതിയുടെ നിര്‍മ്മാണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്സെ സമീപിച്ചത് ചൈനയെ ആയിരുന്നു. അങ്ങനെ ചൈനയുടെ കടക്കെണി നയതന്ത്രം കടല്‍കടന്ന് ലങ്കയിലുമെത്തി. തന്റെ മുന്നില്‍ തുറമുഖത്തിന്റെ സാധുതകളെ ചോദ്യം ചെയ്തും പ്രത്യാഘാതങ്ങള്‍ നിരത്തിയും നിരവധി റിപ്പോര്‍ട്ടുകള്‍ നിരന്തരമെത്തിയിട്ടും രാജപക്സെ വിശ്വസിച്ചത് ചൈനയെ ആണ്. സാധ്യതാപഠനങ്ങളത്രയും പദ്ധതിക്കെതിരായിരുന്നു. എന്നിട്ടും ചൈന ശ്രീലങ്കയ്ക്ക് വായ്പകള്‍ നല്‍കിക്കൊണ്ടേയിരുന്നു. രാജ്യത്തിന്റെ കടം പെരുകിപ്പെരുകി വാനോളമെത്തിനില്‍ക്കെ ആയിരുന്നു ഇതെല്ലാം നടന്നത്. ചൈന ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്പനിയുമായി ചേര്‍ന്ന് ലങ്കയില്‍ നിര്‍മ്മിച്ച ഹംബന്തോട്ട തുറമുഖ വികസന പദ്ധതി പ്രവചനം പോലെ പരാജയപ്പെടുകയും ചെയ്തു. ചൈനയുടെ വായ്പ തിരിച്ചടയ്ക്കാനാവാതെ ശ്രീലങ്ക തളരുകയാണുണ്ടായത്. ആ തുറമുഖവും 15,000 ഏക്കര്‍ ഭൂമിയും ശ്രീലങ്കന്‍ സര്‍ക്കാരിന് 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നു. ഇത് ചൈനയുടെ കടക്കണി നയതന്ത്രരീതിയായി കണക്കാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.