15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 20, 2024
August 15, 2024
July 19, 2024
January 10, 2024
November 25, 2023
October 28, 2023
October 25, 2023
October 23, 2023
September 19, 2023

ബര്‍ഗറും സാൻഡ്‌വിച്ചുമില്ലാതെ എന്തു ജീവിതം!

ടി കെ അനിൽകുമാർ 
ആലപ്പുഴ
January 9, 2023 10:39 am

പെരുമാറ്റത്തിലും ചിന്തയിലും ഭക്ഷണ രീതിയിലുമൊക്കെയുള്ള നാടൻ തനിമയാണ് ലോകത്ത് എവിടേയും മലയാളികളെ വേറിട്ടുനിർത്തിയത്. പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിച്ചിരുന്നവരായിരുന്നു പഴയ തലമുറയിൽപെട്ടവർ. നെല്ലും വയലും പുഴയും കുളങ്ങളും എല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായി. ഇതോടെ മായമില്ലാത്ത കൈപ്പുണ്യത്തിൽ വിളമ്പുന്ന നാടൻ സദ്യയുടെ പ്രസക്തി കടൽ കടന്നു.
ആവി പറക്കുന്ന പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയും കപ്പയും മീൻകറിയുമെല്ലാം നിറഞ്ഞതായിരുന്നു ഒരു കാലത്ത് മലയാളികളുടെ തീൻമേശ. കഴിഞ്ഞ തലമുറ പകൽ മുഴുവൻ പറമ്പിലും പാടത്തും ചുട്ടുപൊള്ളുന്ന വെയിലത്തും അധ്വാനിച്ച ശേഷം ഒരു പാത്രം സംഭാരം കുടിച്ച് ദാഹം അകറ്റിയിരുന്നു. എന്നാൽ ഇന്ന് സംഭാരത്തിന് പകരം ചുവപ്പും മഞ്ഞയും നീലയുമൊക്കെയുള്ള നിറം കലർത്തിയ വെള്ളം മലയാളികളുടെ മനസ്സിലേക്ക് കുടിയേറി.

 


ഇതുകൂടി വായിക്കു; ‘കുഴി’യൊരുക്കുന്ന മന്തിയും’ ശവ’ര്‍മയും


കുട്ടികളെയാണ് മാറി വരുന്ന ഭക്ഷണ രീതി ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. ചോറും അപ്പവും ഉപ്പുമാവും ചപ്പാത്തിയുമൊക്കെ കുട്ടികൾക്ക് സ്കൂളിൽ കൊണ്ടുപോകുവാൻ കഴിയാത്ത തരത്തിലേക്ക് അവരുടെ സ്റ്റാറ്റസ് മാറി. പകരം ന്യുഡിൽസും സാൻഡ്‌വിച്ചുമെല്ലാം മതിയെന്നായി. ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായതും ഭക്ഷണക്രമം മാറ്റുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. തിരക്കേറിയ ജീവിതയാത്രയിൽ ഭക്ഷണം പലപ്പോഴും ഹോട്ടലിൽ നിന്ന് കഴിക്കേണ്ട അവസ്ഥയായി.
വൈദേശിക വിഭവങ്ങൾ ഉണ്ടാക്കുവാനറിയാത്തവർക്ക് അടുക്കളപ്പണിപോലും കിട്ടാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. പഴകിയതും മായം കലർന്നതുമായ ഭക്ഷണങ്ങളുടെ ഉപയോഗം മൂലം രോഗങ്ങൾ പലരുടെയും അത്താഴം മുട്ടിച്ചു. ജീവിതശൈലി രോഗങ്ങൾ വന്നതിനാൽ മിക്കവരും അത്താഴത്തിന് ജ്യൂസോ സാലഡോ ആണ് തിരഞ്ഞെടുത്തത്. ബാക്കിയുള്ളവർ ഹോട്ടലുകൾ തന്നെ ശരണമാക്കി. ബർഗറും സാൻവിച്ചും പിസയും ഗ്രിൽഡ് ചിക്കനും ഷവർമയും ഇല്ലാതെ ഇന്ന് മലയാളിക്കൊരു ജീവിതമില്ല. പല പാരമ്പര്യ വിഭവങ്ങളും പൂർവാധികം ശക്തിയോടെ വേറിട്ട രീതിയിൽ തിരിച്ചുവരികയും ചെയ്തു.

കഞ്ഞിയും കപ്പയും പുഴുക്കുമൊക്കെ ഫൈവ്സ്റ്റാർ പദവിയോടെയാണ് ഇന്ന് ഭക്ഷ്യ മേശയിൽ നിരന്നിരിക്കുന്നത്. റസ്റ്റോറന്റുകളിലെ വിഭവങ്ങൾ വീട്ടിൽ പരീക്ഷിക്കുവാനാണ് വീട്ടമ്മമാർക്കിന്ന് കൂടുതൽ താല്പര്യം. യുട്യൂബ് ഉൾപ്പെടെ പുറത്തു വിടുന്ന പാചക രീതികൾ ആണിന്ന് അടുക്കളയിലെ വിഭവങ്ങൾ നിശ്ചയിക്കുന്നത്. വിശേഷാവസരങ്ങളിലും അതിഥിസൽക്കാരത്തിനും ചോറും കറികളുമാണ് എന്ന് പറയുവാൻ മലയാളികൾക്കിന്ന് നാണക്കേടായി. ഫ്രൈഡ് റൈസും ചില്ലിചിക്കനും തന്നെ അതിഥികൾക്ക് വിളമ്പിയേ പറ്റൂ.
അതിഥി സൽക്കാരത്തിൽ മുൻപന്തിയിലാണ് കേരളത്തിലെ വീട്ടമ്മമാർ. അതിഥികളെ സൽക്കരിക്കുവാനായി റെഡിമെയ്ഡ് ഭക്ഷണം പതിവാക്കി. പോഷകങ്ങളടങ്ങിയ പാരമ്പര്യ ഭക്ഷണങ്ങളോട് മലയാളികൾ മുഖം തിരിക്കുന്നത് മൂലം നഷ്ടമാകുന്നത് ആരോഗ്യവും ആയുസും കൂടിയാണ്. ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങളിലേക്ക് കാലവും മുഖം തിരിക്കുന്നു. ഭക്ഷണം, വസ്ത്രധാരണം, സംസാരം, സ്വഭാവം ഇവയിലെല്ലാം വ്യതിയാനങ്ങൾ അനുസ്യൂതം വന്നു. സീരിയലുകളും ടിവി ഷോകളും ഭക്ഷണ രീതിയെയും വസ്ത്രധാരണത്തെയും സ്വാധീനിച്ചു. മൊബൈൽ ഫോണിൽ നോക്കി സമയം തള്ളുന്ന പുതു തലമുറയ്ക്ക് അയൽവാസി ആരാണെന്നു പോലും തിരിച്ചറിയാൻ കഴിയുന്നില്ല.

—————————-

നാളെ

ചട്ടങ്ങൾ നിരവധിയെങ്കിലും
സര്‍വത്ര മറിമായം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.