ഒരു പരാഗരേണുവായാല്‍പ്പോലും ചരിത്രത്തിന് അതിന്റേതായ ഭൂഗോളവ്യാപ്തിയുണ്ടാകും. ചരിത്രത്തിന്റെ നിധികുംഭത്തിനുള്ളില്‍ വിരോധാഭാസങ്ങളും കൗതുകങ്ങളും പ്രതിഭകളുടെ മരതകമണി മുത്തുകളുമുണ്ടാകും. 1951ലാണ് തിരുവിതാംകൂര്‍ മെഡിക്കല് കോളജ് എന്ന ഇന്നത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്ഥാപിതമായത്. ഉദ്ഘാടനം ചെയ്തത് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ സാന്നിധ്യത്തില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞ് ഫെബ്രുവരിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഉദ്ഘാടനം ചെയ്തതും നെഹ്രുവായിരുന്നു. അന്ന് ആശുപത്രിയുടെ സ്ഥാപക സൂപ്രണ്ട് ഡോ. ആര്‍ കേശവന്‍നായര്‍ എന്ന വലിയ കേശവന്‍ നായരെ ഹസ്തദാനം ചെയ്യാനൊരുങ്ങിയപ്പോള്‍ പ്രധാനമന്ത്രിയുടെ കെെ ലോഹഗ്രില്ലില്‍ കുടുങ്ങി വിരലില്‍ മുറിവുപറ്റി. ഉടന്‍തന്നെ ഡോ. കേശവന്‍ നായരുടെ നേതൃത്വത്തില്‍ ചികിത്സയും നല്കി. അതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യരോഗി നെഹ്രുവാണെന്ന വസ്തുത ചരിത്രത്താളിലായി. ചികിത്സിക്കുന്ന ആദ്യ ഡോക്ടറായി ഡോ. കേശവന്‍ നായരും. പ്രധാനമന്ത്രിയുടെ ചോര കിനിയുന്ന ആ ചരിത്രത്തുണ്ട് ഇന്നും രേഖകളില്‍ എഴുന്നുനില്ക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജും ആശുപത്രിയും കുട്ടികളെയും സ്ത്രീകളെയും ചികിത്സിക്കുന്ന ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയുമടക്കം തിരുവിതാംകൂര്‍ രാജ്യത്ത് വെെദ്യശാസ്ത്രരംഗത്ത് അനുപമ സംഭാവനകള്‍ നല്കിയ ശ്രീ ചിത്തിരതിരുനാളിന് ആശുപത്രി വളപ്പില്‍ ഒരു സ്മാരകമുയരണമെന്നാഗ്രഹിച്ചത് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ എന്ന അഭിമാന ഗോപുരം ഉദ്ഘാടനം ചെയ്തതും അച്യുതമേനോന്‍. ഇന്നാണെങ്കില്‍ ചിലര്‍ പറയുമായിരിക്കും നെഹ്രു വിരല്‍ മുറിച്ച് വാര്‍ത്താതാരമാവുകയായിരുന്നുവെന്ന്. അച്യുതമേനോന്‍ ഇപ്പോഴും രാജഭരണത്തിന്റെ ഹാങ്‌ഓവറിലാണെന്നും പറഞ്ഞുകളയും.
ഇത്രയും പറഞ്ഞുവന്നത് തൃശൂരിലെ അതിഥി മന്ദിരം കോടികള്‍ മുടക്കി നവീകരിച്ച് ഉദ്ഘാടനം ചെയ്തപ്പോഴുണ്ടായ ചരിത്രത്തിന്റെ ഒരു അപനിര്‍മ്മിതിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനാണ്. പുതുപുത്തനാക്കിയ അതിഥിമന്ദിരത്തില്‍ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വരെ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആദ്യ തുടര്‍ഭരണം നേടിയ സി അച്യുതമേനോന്റെ ചിത്രത്തിനു മാത്രം ഭ്രഷ്ട്. കേരളത്തിന്റെ സാമ്പത്തിക, ശാസ്ത്രീയ, സാമൂഹ്യ വിദ്യാഭ്യാസരംഗങ്ങളുടെ സുവര്‍ണചരിത്രത്തിന്റെ മഹാകാലത്ത് ആ ചരിത്രത്തിന്റെ തേരുതെളിച്ച സഖാവ് അച്യുതമേനോനെ ചരിത്രത്തിന്റെ പടിക്കു പുറത്തു നിര്‍ത്തുന്ന ഹീനമായ നെറികേട്. സംഘ്പരിവാര്‍ ചരിത്ര നിഷേധത്തിന്റെ മാമാങ്കം നടത്തുമ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ചരിത്ര നിരാസവും ചരിത്ര തമസ്കരണവും നടത്തുന്നത് വേദനാജനകമാണ്. അച്യുതമേനോന്റെ ചിത്രം ചില്ലിട്ട് പ്രദര്‍ശിപ്പിക്കുവാന്‍ വെറും ഇരുന്നൂറു രൂപ ചെലവ് മാത്രമേ ഉള്ളൂ. എന്നാലത് ഒഴിവാക്കിയത് ചെലവ് ചുരുക്കലിന്റെ ഭാഗമായിരുന്നു എന്നൊന്നും പറഞ്ഞുകളയരുത്. അതിഥിമന്ദിരത്തിലെ ഈ അനഭിലഷണീയതയെക്കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം ബന്ധപ്പെട്ടവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ചരിത്രം കത്തെഴുതി തിരുത്തിക്കാനുള്ളതാണോ!
അച്യുതമേനോനെ തമസ്കരിക്കാന്‍ ശ്രമിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തലസ്ഥാനത്തെ ചരിത്ര പ്രസിദ്ധമായ പുത്തരിക്കണ്ടം മെെതാനത്തിന്റെ ശോച്യാവസ്ഥ നേരിട്ടു കണ്ട് അദ്ദേഹം അതീവ ദുഃഖിതനായി. മയക്കുമരുന്നു കച്ചവടക്കാരും തെരുവുവേശ്യകളും സാമൂഹ്യവിരുദ്ധരും മെെതാനം സ്വന്തമാക്കിയതുപോലെ ആയിരുന്നു. വെെകാതെ തന്നെ പുത്തരിക്കണ്ടം മെെതാനത്തിന്റെ വീണ്ടെടുപ്പിന് അദ്ദേഹം പദ്ധതി തയാറാക്കി. പുത്തരിക്കണ്ടം മനോഹരമാക്കി. പ്രശസ്ത ശില്പിയും ചരിത്രകാരനുമായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ മെെതാനത്തിന് ഒരു മനോഹര കവാടവും നിര്‍മ്മിച്ചു. പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം ആവേശപൂര്‍വം പറഞ്ഞു; ‘ഓ രോ മെെതാനവും ഓരോ ശ്വാസകോശമാണ്’. ശ്രീപത്മനാഭനു നിവേദിക്കാന്‍ നെല്ലു വിതയ്ക്കുന്ന ചരിത്രം തുടിക്കുന്ന പുത്തരിക്കണ്ടം മെെതാനം എന്ന പേര് നിലനിര്‍ത്തുകയും ചെയ്തു. പക്ഷെ ഏറെനാള്‍ കഴിഞ്ഞില്ല അദ്ദേഹത്തിന്റെ ഭരണശേഷം പുത്തരിക്കണ്ടത്തിന് മറ്റൊരു നേതാവിന്റെ പേരു നല്കി. ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പ് രൂപീകരിച്ചതും അച്യുതമേനോന്റെ കാലത്തായിരുന്നു. വകുപ്പു രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി ആ ഘോഷ വേളയില്‍ അദ്ദേഹത്തിന്റെ പേരുപോലും ഒരു ഭരണാധികാരി ഉച്ചരിച്ചില്ല. ഭൂപരിഷ്കരണ നിയമത്തിന്റെ ശില്പിയായ അച്യുതമേനോന്റെ കാലത്ത് ആരംഭിച്ച പട്ടയ മഹോത്സവങ്ങളിലൂടെ ലക്ഷക്കണക്കിനു മണ്ണിന്റെ മക്കളാണ് ഭൂവുടമകളായത്. ഇതിന്റെ അന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത ഭരണകര്‍ത്താവിന്റെ ചോദ്യവും വന്‍ വിവാദമായിരുന്നു. ചില്ലിട്ട ചിത്രത്തിലോ മെെതാനങ്ങളിലോ അല്ല മലയാളികളുടെ മനസിലാണ് അദ്ദേഹത്തിന് സ്മാരകങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നത്. ആരെങ്കിലും തമസ്കരിച്ചാല്‍ വെളിച്ചം കെട്ടുപോകുന്നതാണോ അച്യുതമേനോന്‍ എന്ന മഹാമനുഷ്യന്റെ ചരിത്രം.
നമ്മുടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക് ഒരു പ്രമാണി തന്നെയാണേ! അമിത്ഷായുടെ സഹമന്ത്രി പള്ളിക്കുടത്തിന്റെ തിണ്ണ വരെയേ ചെന്നിട്ടുള്ളു. പക്ഷെ കൊള്ളക്കാരില്‍ അഗ്രഗാമി. പശ്ചിമബംഗാളിലെ ബിര്‍പാരയിലേയും അലിപുര്‍ദാര്‍ റയില്‍വേ സ്റ്റേഷനു സമീപത്തെയും രണ്ട് സ്വര്‍ണക്കടകള്‍ കവര്‍ച്ച ചെയ്ത് യോഗ്യത തെളിയിച്ച തസ്കരശ്രീമാന്‍. കോടതി രണ്ടുതവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഹാജരാകാതെ ഇന്ദ്രപ്രസ്ഥത്തിലെ ആഭ്യന്തര മന്ത്രാലയത്തിലിരുന്ന് പ്രമാണി നമ്മെ ഭരിക്കുന്നു. വെളിയിലിറങ്ങിയാല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആക്രമിക്കുന്ന ജനസ്വാധീനം. ഏതാനും നാള്‍മുമ്പ് കള്ളന്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ജനക്കൂട്ടം ആക്രമണം നടത്തി. ജനങ്ങള്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വിലപിക്കുകയാണ് നമ്മുടെ ആഭ്യന്തരമന്ത്രി പുംഗവന്‍. ഇന്ത്യയല്ലാതെ മറ്റേതെങ്കിലും മഹാരാജ്യത്ത് ഇതുപോലൊരു മോഷ്ടാവ് മന്ത്രിയെ കിട്ടുമോ… നമുക്കഭിമാനിക്കാം.
‘പേറെടുക്കാന്‍ പോയ വയറ്റാട്ടി ഇരട്ടപെറ്റു’ എന്നു പറയുന്നതുപോലെ എന്തൊരു കളര്‍ഫുള്ളാണ് നമ്മുടെ പൊലീസ്. കളങ്കിതരായ പൊലീസുകാരെ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ആ പിപ്പിടിയൊന്നും ഇങ്ങോട്ടുവേണ്ടെന്നു പറയുന്ന പൊലീസുകാര്‍. പോക്സോ കേസിലെ ഇരയായ പെണ്‍കുരുന്നിനെ തെളിവെടുപ്പിനു കൊണ്ടുപോയി പീഡിപ്പിച്ച എസ്ഐ പോക്സോ കേസില്‍ പ്രതിയായി മടങ്ങിവരുന്നു. പേരൂര്‍ക്കടയില്‍ കഞ്ചാവ് പ്രതിയുടെ വീട്ടില്‍ കാവല്‍ നില്ക്കുന്നതിനിടെ അവിടെനിന്നും സ്വര്‍ണമോഷണം നടത്തിയ അന്നത്തെ എസ്ഐ ഇപ്പോള്‍ കോഴിക്കോട് സിഐയായി പ്രൊമോഷനോടെ എത്തി. അതും കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും പിടികൂടാനുള്ള ക്രെെംബ്രാഞ്ചില്‍. അഭിഭാഷകയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച മനോമോഹന്‍ എന്ന അഭിഭാഷക ബിരുദധാരി പ്രൊമോഷനായി കാത്തിരിക്കുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കാവല്‍ നില്‍ക്കെ മഴയത്ത് സെന്‍ട്രിബോക്സില്‍ അഭയം തേടിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയായ മാനസികരോഗിയാണിയാള്‍. 790 ക്രിമിനലുകള്‍ വാഴുന്ന നമ്മുടെ പൊലീസ് സേന. ആനന്ദലബ്ധിക്കിനിയെന്തുവേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.