20 April 2024, Saturday

കിനാവുകള്‍ കരിഞ്ഞുവീഴുമ്പോഴുള്ള സമകാലിക ഫലിതങ്ങള്‍

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
January 13, 2023 4:33 am

‘രണ്ടാഴ്ചപോലും കണവനോടൊന്നിച്ച് മിണ്ടിച്ചിരിച്ച് പുണര്‍ന്നുറങ്ങീടുവാന്‍ ഇല്ല കഴിഞ്ഞില്ലവള്‍ക്ക്, കിനാവിന്റെ മുല്ലമൊട്ടൊക്കെ വിരിയിച്ചെടുക്കുവാന്‍’ എന്ന വയലാര്‍ വരികളെ അനുസ്മരിപ്പിക്കുംവിധത്തിലാണ് വര്‍ത്തമാനകാലത്തെ കോണ്‍ഗ്രസ്. പുതിയ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എണ്ണിയാലൊടുങ്ങാത്ത പിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളും‍ വന്നിട്ടും മിണ്ടിച്ചിരിച്ച് പുണരുവാന്‍ രണ്ടാഴ്ച പോയിട്ട് രണ്ടുദിനം പോലും കഴിഞ്ഞില്ല. എ, ഐ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി. ഉമ്മന്‍ചാണ്ടി ഗ്രൂപ്പ്, രമേശ് ചെന്നിത്തല ഗ്രൂപ്പ്, കെ സുധാകരന്‍ ഗ്രൂപ്പ്, വി ഡി സതീശന്‍ ഗ്രൂപ്പ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകള്‍ അഴിഞ്ഞാടുമ്പോള്‍ എങ്ങനെ മിണ്ടാനും ചിരിക്കാനും പുണരാനും കഴിയും? ഇതാ വരുന്നു ഭീഷണിയുമായി ശശി തരൂര്‍ ഗ്രൂപ്പും. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പരമയോഗ്യന്‍ ശശി തരൂരാണെന്ന്, ഡല്‍ഹി നായര്‍ എന്ന് മുന്‍കാലത്ത് അധിക്ഷേപിച്ച സാമുദായിക നേതാവ് പ്രസ്താവിക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ താക്കോല്‍സ്ഥാനം ചെന്നിത്തലയ്ക്ക് നല്കണമെന്ന് ശഠിച്ച സാമുദായിക നേതാവ് രമേശ് ചെന്നിത്തലയെ അപഹസിച്ച് തള്ളിക്കളയുകയും വി ഡി സതീശനെ സമുദായ വഞ്ചകന്‍ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ഇനി ഏക പ്രത്യാശ ശശി തരൂരില്‍ മാത്രം എന്ന് പറയുമ്പോള്‍ കേരളത്തിലെ സ്ഥാനമോഹികളുടെ ഹൃദയഭിത്തികള്‍ തകരുകയാണ്.

ശശി തരൂരിന്റെ പര്യടനം ബഹിഷ്കരിക്കുന്ന നെട്ടോട്ടത്തിലാണ് സുധാകര-സതീശ‑ചെന്നിത്തല പക്ഷങ്ങള്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ ആസേതുഹിമാചലം കുഴപ്പമാണെന്നും അതിന് പരിഹാരം കണ്ടെത്താനുള്ള അവതാരമാണ് താനെന്നും അവകാശപ്പെടുന്ന ശശി തരൂര്‍ മുഖ്യമന്ത്രിപദമെന്ന, മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നവും കാണുന്നു. കോണ്‍ഗ്രസില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നിലവിലെ എംപിമാര്‍ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി പ്രത്യേകിച്ച് കാര്യമൊന്നും കഥാവശേഷമാകുന്ന കോണ്‍ഗ്രസിനില്ലെന്ന തിരിച്ചറിവാകണം എംപിമാരുടെ കണ്ണുകള്‍ നിയമസഭാ സീറ്റുകളില്‍ പതിയുന്നതിന് കാരണം. ‘കിനാവിന്റെ മുല്ലമൊട്ടുകള്‍ വിരിയിച്ചെടുക്കാന്‍’‍ നിയമസഭയിലും കഴിയില്ലെന്ന വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യം അധികാരമോഹികളായ പാവം കോണ്‍ഗ്രസുകാര്‍ തിരിച്ചറിയുന്നില്ല.

ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന ‘ഫലിതം’ പുരപ്പുറത്ത് കയറി നിന്ന് കോണ്‍ഗ്രസുകാര്‍ ഉച്ചെെസ്തരം ഉദ്ഘോഷിക്കും. പക്ഷെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട്. എല്ലാം നാമനിര്‍ദേശ കമ്മിറ്റികള്‍. നേതാക്കളുടെ മുന്നില്‍ വിനീതവിധേയരായി ഓച്ഛാനിച്ച് നില്‍ക്കുകയും സ്തുതിപാടുകയും ചെയ്യുന്നവര്‍ നേതൃനിരയിലെത്തും. കേരളത്തിലും സംഘടനാ തെരഞ്ഞെടുപ്പിന്റെ വിളംബരം നാമനിര്‍ദേശിതരായ കെ സുധാകരനും വി ഡി സതീശനും നടത്തിയിരുന്നു. എന്നാല്‍ പൊടിപോലും കണ്ടുകിട്ടാനില്ല സംഘടനാ തെരഞ്ഞെടുപ്പ്. ബിജെപിയില്‍ പോകുമെന്ന് ഭയപ്പെടുത്തി കെപിസിസി പ്രസിഡന്റായ കെ സുധാകരന്‍ രണ്ടാമൂഴവും അധ്യക്ഷനായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള, പല രാഷ്ട്രീയ കക്ഷികളുടെ കുപ്പായമണിഞ്ഞിട്ടുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ‘ജനാധിപത്യ പാര്‍ട്ടി‘യുടെ ജനാധിപത്യം വാടിക്കരിഞ്ഞ് തുലഞ്ഞ കിനാവ് മാത്രമായി പരിണമിക്കുകയാണ്.

ആര്‍എസ്എസ് ശാഖയ്ക്ക് താന്‍ സംരക്ഷണ കവചം തീര്‍ത്തുവെന്ന് അഭിമാനപൂര്‍വം പറയുകയും കാലാതിവര്‍ത്തിയായ മതനിരപേക്ഷ സന്ദേശം ഉച്ചത്തില്‍ ഉദ്ഘോഷിച്ച പണ്ഡിറ്റ് നെഹ്രു സംഘ്പരിവാറുമായി സന്ധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രസംഗിക്കുകയും ചെയ്ത കെ സുധാകരനാണ് മൃദുഹിന്ദുത്വ വര്‍ഗീയതയെ മാറോട് ചേര്‍ത്തുപിടിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കുംഭകോണത്തില്‍ ഡിജിറ്റല്‍ തെളിവുകളോടെ ഒന്നാം പ്രതിയാക്കപ്പെട്ട അതേദിവസം തന്നെയാണ് കെപിസിസി പ്രവര്‍ത്തനഫണ്ടിലെ ഗുരുതര തട്ടിപ്പിനെക്കുറിച്ച് അന്വേഷണം അവസാനിപ്പിച്ച് തട്ടിപ്പ് സൂത്രധാരനെ അധ്യക്ഷനായി വീണ്ടും വാഴിച്ചത്. ‘ഒരമ്മ പെറ്റ മക്കള്‍’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നത് ഈ വിധമാണെന്നത് സമകാലിക ഫലിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.