20 October 2024, Sunday
KSFE Galaxy Chits Banner 2

ഗാനവസന്തം മടങ്ങുമ്പോൾ

വിപ്ലവഗായിക മച്ചാട്ട് വാസന്തിയെ ഓർത്തെടുക്കുമ്പോൾ…
മൂത്തേടത്ത് സുരേഷ് ബാബു
October 20, 2024 7:30 am

പതിനഞ്ചു വർഷങ്ങൾക്കു മുമ്പുള്ളൊരു ഞായറാഴ്ച. ചുട്ടുപൊള്ളുന്ന നട്ടുച്ച. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് കോയമ്പത്തൂർ‑മംഗലാപുരം ഫാസ്റ്റ് പാസ്സഞ്ചർ കിതച്ചുക്കിതച്ചെത്തി. ട്രെയിനിറങ്ങി ഫറോക്ക് ബസ്സ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ എന്റെ മനസിൽ എന്തെന്നില്ലാത്ത ഒരാകാംക്ഷ നിറഞ്ഞു. തിരിച്ചിലങ്ങാടിയിൽ ബസ് ഇറങ്ങുമ്പോഴും ആകാംക്ഷ തെല്ലും കുറഞ്ഞിരുന്നില്ല. മങ്ങോടിപ്പറമ്പിലെ ‘സംഗീതാലയ’ത്തിലേക്ക് കയറിചെല്ലുമ്പോൾ എന്നെയും കാത്തെന്നപ്പോലെ ഒരാളിരിക്കുന്നു. ഒരുകാലത്ത് മലബാറിലെ ധീര സഖാക്കൾക്ക് വിപ്ലവാവേശം പകർന്നു നൽകിയ ഗായിക മച്ചാട്ട് വാസന്തി. ഞാൻ പൂമുഖത്തേയ്ക്കു കയറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ സാധാരണക്കാർക്ക് അണമുറിയാത്ത സമരാവേശം പകർന്നു നൽകിയ ആ മധുര ശബ്ദം കേൾക്കണമെന്ന എന്റെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് മച്ചാട്ട് വാസന്തി വളരെ പതുക്കെ കുശലാന്വേക്ഷണം നടത്തി. നഗരത്തിൽ ചെന്ന് നമുക്ക് വിശദമായി സംസാരിക്കാമെന്ന നിർദേശത്തെതുടർന്ന് ഞങ്ങൾ ഓട്ടോറിക്ഷയിൽ കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈയിൽ ഒരു പൊതിയും അവർ കരുതിയിരുന്നു. ഓട്ടോറിക്ഷയിൽവെച്ച് മച്ചാട്ട് വാസന്തി തന്റെ സംഗീതയാത്രയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. 

“അമ്പതുകളുടെ തുടക്കത്തിൽ കണ്ണൂർ കോട്ടമൈതാനത്തു പതിന്നാലു ദിവസം നീണ്ടു നിന്ന അഖിലേന്ത്യാ കിസാൻ സമ്മേളനമായിരുന്നു എന്നിലെ ഗായികയ്ക്ക് ആദ്യമായിട്ടവസരവും അംഗീകാരവും തന്നത്. ഇ കെ നായനാർ ആയിരുന്നു അന്നെന്നെ സദസിനു പരിചയപ്പെടുത്തിക്കൊടുത്തത്. എന്റെ അച്ഛൻ പഠിപ്പിച്ചുതന്ന ‘പൊട്ടിക്കൂ പാശം സമരാവേശം…’ എന്ന വിപ്ലവഗാനം ഞാൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി. പാടി തീർന്നതും നിർത്താതെ ഉയർന്നുപൊങ്ങിയ കയ്യടികളായിരുന്നു ഞാൻ കേട്ടത്. അപ്പോൾ ഓട്ടമുക്കാൽ നാണയങ്ങൾ കോർത്ത ഒരു മാല നായനാർ എന്റെ കഴുത്തിലണിയിച്ചു. അന്നുമുതലായിരുന്നു എനിക്ക് വിവിധ സമ്മേളനവേദികളിൽ വിപ്ലവഗാനങ്ങൾ പാടാനുള്ള അവസരം ലഭിച്ചത്.” കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തണലിലായിരുന്നു തന്റെ ഗാനലോകത്തിനു ഉറച്ച അടിത്തറ കിട്ടിയത് എന്ന് പറയുമ്പോൾ മച്ചാട്ട് വാസന്തിയുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നത് ഒരിക്കലും തളരാത്ത ആവേശം തന്നെയായിരുന്നു.
മലയാളസിനിമയ്ക്ക് തേനൂറുന്ന ഇശലുകൾ സമ്മാനിച്ച എം എസ് ബാബുരാജ് എന്ന സംഗീതസമ്രാട്ടിനെക്കുറിച്ച് സംസാരിക്കുമ്പോഴാകട്ടെ മച്ചാട്ട് വാസന്തിയുടെ മുഖത്തും കണ്ണുകളിലും തിളക്കവും സന്തോഷവും. 

“ബാബുക്കയായിരുന്നു എന്നെ സംഗീതലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റിയത്. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിൽ കുട്ടികൾക്കുള്ള രണ്ടു പാട്ടുകളായിരുന്നു അദ്ദേഹം എനിക്ക് തന്നത്. ഈ ഗാനങ്ങൾ പാടുമ്പോൾ ഞാനും ഒമ്പതു വയസുകാരിയായിരുന്നല്ലോ. അന്നൊക്കെ അവർക്ക് എന്നോട് ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലുമായിരുന്നു. ഒരിക്കൽ ചെന്നൈയിലെ റെക്കോർഡിങ് സ്റ്റുഡിയോയിൽ എല്ലാവരുമൊത്തിരിക്കുമ്പോൾ വയലാർ പറഞ്ഞു ‘നമ്മടെ വാസന്തിയ്ക്കു ഒരു സോളോ ഗാനം കൊടുക്കണം. ഞാൻ ഇപ്പൊ തന്നെ എഴുതാം. നീ ട്യൂണിട്ടോ’ എന്ന്. ‘ഞാൻ റെഡി’ എന്ന് ബാബുക്കയും. ഉടൻ വയലാർ ‘പൂച്ചമ്മ പെണ്ണിനെ പൂക്കുല തുള്ളിച്ച പൂവാലൻ അണ്ണാനെ…’ എന്ന ഗാനം എഴുതി. ഈ പാട്ടിന് ബാബുക്ക അഞ്ച് മിനിറ്റ് കൊണ്ടാണ് ട്യൂണിട്ടത്. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും അരമണിക്കൂറിനുള്ളിൽ ഞാൻ പാട്ട് പഠിച്ച് റെക്കോർഡ് ചെയ്തു. എന്നെ അത്രത്തോളം പ്രോത്സാഹിപ്പിച്ച രണ്ടുപേരായിരുന്നു വയലാറും ബാബുക്കയും.
മച്ചാട്ട് വാസന്തി എന്ന പേര് ആളുകൾ ഓർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബാബുക്ക എനിക്ക് തന്ന ഒരേയൊരു ഗാനമാണ്. ‘ഓളവും തീരവും’ എന്ന ചിത്രത്തിനുവേണ്ടി ഭാസ്കരൻ മാഷ് എഴുതിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ… മധുരക്കിനാവിന്റെ കരിമ്പിൻതോട്ടം.. ’ എന്ന യുഗ്മ ഗാനം. യേശുദാസിനോടൊപ്പം പാടുമ്പോൾ എന്റെ ജീവിതത്തിലെ ഒരു അടയാളപ്പെടുത്തലാകും ഈ ഗാനം എന്നൊന്നും കരുതിയതേയില്ല. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനേക്കാളും പേരും പ്രശസ്തിയുമായിരുന്നു എനിക്ക് ബാബുക്കയുടെ ഈ ഈണം നേടി തന്നത്. പിന്നീട് ബാബുക്കയോടൊപ്പം നിരവധി വേദികളിൽ പാടിയപ്പോൾ കിട്ടിയ ജനങ്ങളുടെ അംഗീകാരവും പ്രോത്സാഹനവുമായിരുന്നു എന്നെ പാട്ടുലോകത്തുതന്നെ നിലനിർത്തിയത്. ”

പതിവിൽ നിന്നു വിപരീതമായി സിനിമാ പിന്നണി ഗായികയായതിനുശേഷം നാടക രംഗത്തേയ്ക്കു കടന്നു വന്ന ഗായികയായിരുന്നു മച്ചാട്ട് വാസന്തി. നാടകരംഗത്താകട്ടെ വാസന്തി പാടുക മാത്രമല്ല അഭിനയിക്കുക കൂടി ചെയ്തു. പതിമൂന്നാമത്തെ വയസ്സിലായിരുന്നു കെപിഎസിയിൽ എത്തിയത്. തുടർന്ന് ഒട്ടനവധി നാടകങ്ങളിൽ വിപ്ലവഗാനങ്ങളും പ്രണയഗാനങ്ങളും പാടി അഭിനയിച്ചു. നാടകരംഗത്ത് വാസന്തിയെ അടയാളപ്പെടുത്തിയ ഒരു ഗാനമുണ്ട്. കോഴിക്കോട് അബ്ദുൾ ഖാദറോടൊപ്പം ആലപിച്ച ‘പച്ചപ്പനം തത്തേ… പുന്നാര പ്പൂമുത്തേ…’ എന്ന ഗാനം. കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഈ ഗാനത്തിന് ആസ്വാദകരേറെയാണ്. ഓരോ കഥാപാത്രത്തിന് വേണ്ടി പാടുമ്പോളും അതിനനുയോജ്യമായ രീതിയിൽ ശബ്ദം മാറ്റി ഏവരെയും അമ്പരപ്പിച്ചു വാസന്തി. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘കണ്ടം വെച്ച് കോട്ട്’, ‘വല്ലാത്ത പഹയൻ’ തുടങ്ങിയ നാടകങ്ങളിലെ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയാൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും വാസന്തിക്കായി.
അഭിനയ രത്നങ്ങളായ പിജെ ആന്റണി, ബാലൻ കെ നായർ, ബഹദൂർ തുടങ്ങിയവർക്കൊപ്പവും ഒട്ടേറെ വേദികളിൽ വാസന്തി അഭിനയിച്ചു. ആദ്യ കാലങ്ങളിൽ അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നുവെങ്കിലും വിചാരിച്ചപോലെ ജീവിതത്തെ പച്ചപിടിപ്പിക്കാൻ ഇവർക്ക് ആയില്ല. പഴയകാലത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോൾ ആ കണ്ണുകളിൽ ചെറുനനവ് പടരുന്നത് ഞാൻ കണ്ടു. കയ്യിൽ കരുതിയിരുന്ന തൂവാലക്കൊണ്ട് വാസന്തി കണ്ണുകളൊന്നു തുടച്ചു. ഒരു നിമിഷം നിശബ്‍ദയായി.

“അച്ഛന് സ്ഥിരം ജോലിയുണ്ടായിരുന്നില്ല. പാട്ട് പഠിക്കാനോ സ്കൂളിൽ ചേർന്ന് കൂടുതൽ പഠിക്കാനോ എനിക്കായില്ല. എട്ടു വയസ്സുവരെയാണ് ഞാൻ സ്കൂളിൽ പോയത്. വീട്ടിലെല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണമുണ്ടാവില്ല. പല ദിവസങ്ങളിലും ഞങ്ങൾ പട്ടിണി കിടന്നിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയും സഹിക്കാൻ കഴിയാതെയായിരുന്നു ഞാൻ പാട്ടുപാടാനിറങ്ങിയത്. പ്രശസ്തിയോ അംഗീകാരമോ ഒന്നും തന്നെ അപ്പോൾ എന്റെ മനസിൽ ഉണ്ടായിരുന്നില്ല. പട്ടിണി ഇല്ലാതെ ജീവിക്കണം. അതു മാത്രമായിരുന്നു എന്റെ ചിന്ത. വിവാഹം കഴിഞ്ഞതോടുകൂടി അവസരങ്ങളും കുറഞ്ഞുവന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കിട്ടിയിരുന്ന ഗാനമേളയും മറ്റുമായിരുന്നു ഏക ആശ്വാസം. കാലം കടന്നുപോയതോടെ എന്നെത്തന്നെ പലരും മറന്നുപോയി. ‘മീശ മാധവൻ’ എന്ന ചിത്രത്തിൽ പാടിയതോടെയായിരുന്നു ആളുകൾ വീണ്ടും ഓർത്തു തുടങ്ങിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ താല്പര്യംമൂലം ‘വടക്കുംനാഥൻ’ എന്ന ചിത്രത്തിനുവേണ്ടിയും പാടി. കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഒന്നും ആഗ്രഹിച്ചപോലെ ഒത്തു വന്നില്ല.” സ്വന്തം ജീവിതാവസ്ഥകളെ വിവരിക്കുമ്പോൾ വിപ്ലവാവേശം തുടിച്ചിരുന്ന ആ ശബ്ദത്തിൽ ആശയറ്റ ഭാവമായിരുന്നു. 

രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണത്തിനുശേഷം ഞാൻ യാത്ര പറയാനായി എഴുന്നേറ്റു. പെട്ടെന്നവർ കൈയിൽ കരുതിയിരുന്ന പൊതിക്കെട്ടെടുത്ത് മേശപ്പുറത്തുവെച്ചു. അതിൽ നിന്നും നാലഞ്ച് ഉണ്ണിയപ്പങ്ങൾ എടുത്ത് എനിക്കു നേരെ നീട്ടി. എന്നിട്ട്, “ഇതു മുഴുവൻ കഴിച്ചിട്ട് പോയാൽ മതി” എന്നൊരാജ്ഞയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.