26 December 2025, Friday

കാപ്പിപൂത്തപ്പോൾ

രമ്യ മഠത്തിൽത്തൊടി
April 20, 2025 2:15 am
കാപ്പിപൂത്തെന്ന
വാർത്തയറിയിച്ചു
പുലരിയിലെപ്പൊഴോ
പുങ്കാറ്റുവന്നുപോയ് 
കാരിരുമ്പുതറയുന്ന
കഠിനമാം വേദന
കാട്ടുതീപോൽ
പടർന്നെന്നിലാകെ 
വർഷമെത്രകഴിഞ്ഞു
പോയെങ്കിലും 
ഇന്നുനടന്നപോൽ
ഓർമ്മകൾ ചുറ്റിലും 
കണ്ണീരുപാകിക്കടന്നു
പോയിടുന്നൂ 
കാട്ടുപെണ്ണവളെൻ
കളിക്കൂട്ടുകാരി 
കാട്ടുചോലതൻവക്കിൽ
കണ്ണുപൊത്തിക്കളിച്ചു
വളർന്നവൾ, കാട്ടുതേൻ
മൊത്തിക്കുടിച്ചു
വിശപ്പാറ്റിയോൾ 
കാപ്പിപൂത്തതു
കാണാൻ കൊതിച്ചവൾ
പുതുമഴകാത്തു
പുലരികളെണ്ണിയോൾ
ഒടുവിലെത്തീപുതുമഴ
കാപ്പിച്ചെടിയുടെ
കണങ്കാലുനോക്കി
കൊത്തിയനേരം
പുതുപ്പെണ്ണിനെപ്പോൽ
പൂത്തുലഞ്ഞു കാപ്പിച്ചെടികൾ
കാപ്പിപൂത്തതു
നോക്കിയിരിക്കെ, 
ഞങ്ങളിൽ പ്രേമത്തിൻകാപ്പികൾ
കൂട്ടമായ് പൂത്തുപോയല്ലോ
കാപ്പിച്ചെടികളതുകണ്ടു
നാണത്താൽ വിറകൊണ്ടു
പൂക്കളുതിർത്തുവോ? 
കാപ്പിമലർകൊണ്ടു
കെട്ടിയമാലകൾ പരസ്പരം
ചാർത്തിക്കളിക്കവേ
കാപ്പിക്കാടുമറന്നു
ഞാനെൻ കാട്ടുപെണ്ണിനെ
അമർത്തിച്ചുംബിച്ചുപോയ്
കാപ്പിപ്പൂവിരിയുന്നവളുടെ
കൺകളിൽനിന്നന്നേരം
ആനന്ദത്തിൻ
കാപ്പിക്കുരുക്കൾ തെറിച്ചു 
നാളുകളങ്ങനെ
മലകയറിവന്നു
മഴപോയതിൻശേഷം
കാപ്പിച്ചെടികളിൽ
വേനൽത്തിരകൾ
ആളിപ്പടർന്നു
കാപ്പിപൂക്കുന്നകാലവും
നോക്കി ദിനങ്ങൾ
ഞങ്ങൾ മറന്നുപോയ് 
പുതുമഴ വന്നു
ചാരത്തണയവേ
കാപ്പിപൂത്തതു
കാണുവാനവൾ
ഓടിക്കിതച്ചുപോയീടവേ 
വേഗതയിൽവന്നൊരാ
പെരുംലോറിയവളെ
കൊന്നിട്ടുപോയല്ലോ! 
കാപ്പിക്കുരുക്കൾ
പൊടിഞ്ഞതുപോലെയെൻ
ജീവിതമന്നുപൊടിഞ്ഞുപോയ് 
തോരാത്തവേദന
എന്നെ പൊതിഞ്ഞുപോയ്. 
കാപ്പിയെത്രയോപേരുടെ
ദുഃഖങ്ങളാറ്റുന്നു 
എന്റെ ദുഃഖത്തിൻ
കാരണംതന്നെയി
കാപ്പിയായ്
Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.