22 December 2024, Sunday
KSFE Galaxy Chits Banner 2

കാവൽക്കാരെ ആരു സംരക്ഷിക്കും!

Janayugom Webdesk
October 6, 2024 4:45 am

മാധ്യമ വിചാരണ അതിരുകടക്കുന്നതുകൊണ്ട്, അനുഭവസമ്പന്നരായ ന്യായാധിപർക്ക് പോലും കേസുകളിൽ തീർപ്പുകല്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണ 2022 ജൂലെെയിൽ നടത്തിയ വിമർശനം സാധൂകരിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കാണാൻ കഴിയുന്നത്. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച അജണ്ടകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങൾ, ധാരണക്കുറവും അഴിമതിയും കൈമുതലായുള്ള മാധ്യമങ്ങളെക്കാൾ അപകടകാരികളാണെന്നും, ഇത്തരം പക്ഷപാതത്തോടെയുള്ള മാധ്യമ പ്രവർത്തനം പൊതുമണ്ഡലത്തെ ബാധിക്കുമെന്നും ജനാധിപത്യത്തെ ക്ഷയിപ്പിക്കുമെന്നും നമ്മുടെ സാമൂഹ്യ സംവിധാനത്തിനുതന്നെ ദോഷം ചെയ്യുമെന്നും ജസ്റ്റിസ് രമണ പ്രസ്താവിച്ചിരുന്നു. മാത്രമല്ല ഇത്തരം നിരുത്തരവാദപരമായ മാധ്യമ പ്രവർത്തനം ജനാധിപത്യത്തെ രണ്ടടി പുറകോട്ടുകൊണ്ടുപോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വലിയ രീതിയിലുള്ള ഭിന്നതകൾ നിലനിൽക്കുന്നുവെന്നും പാർട്ടി നേതാക്കൾക്കിടയിലെ ഗ്രൂപ്പിസം വ്യാപകമാണെന്നുമുള്ള വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുന്നതിൽ വ്യാപൃതരായിരിക്കുകയാണ് ചില മാധ്യമങ്ങൾ. പലരുടെയും താല്പര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ സ്വീകരിക്കാത്തതും വ്യക്തിവിദ്വേഷവും സാമ്പത്തിക താല്പര്യങ്ങളുമെല്ലാം ഇതിന് കാരണങ്ങളാണ്. സിപിഐ രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചപ്പോഴും ഏറ്റവുമൊടുവിൽ എഡിജിപി വിഷയത്തിൽ പാർട്ടി മുഖപത്രത്തിൽ വന്ന ലേഖനത്തിന്റെ പേരില്‍ വരെ സിപിഐയിൽ പൊട്ടിത്തെറിയെന്ന് കണ്ടെത്തി സ്വയം ആശ്വസിക്കുകയാണ് ചിലർ. തങ്ങളുടെ ഹിഡൻ അജണ്ടകൾക്കനുസൃതമായി വാർത്തകൾ നിർമ്മിക്കുകയും അവ സമൂഹത്തിനിടയിൽ തെറ്റായ സന്ദേശം ഉയർത്തുന്നതിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവർ മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ്.

ജനാധിപത്യത്തെയും ഭരണവ്യവസ്ഥയെയും ക്രിയാത്മകമായി ചലിപ്പിക്കാൻ മാധ്യമസ്വാതന്ത്ര്യം അനിവാര്യമായിരിക്കുന്നതുപോലെ തന്നെ സമൂഹത്തെ പുനഃക്രമീകരിക്കുകയെന്ന ദൗത്യനിർവഹണത്തിന് ചുമതലപ്പെട്ടവരാണ് മാധ്യമങ്ങള്‍. എന്നാല്‍ തങ്ങളുടെ ധർമ്മത്തോട് പലപ്പോഴും നീതി പുലർത്താറില്ല എന്നത് അപകടകരമായ അവസ്ഥയാണ്. ചാനൽ റേറ്റിങ്ങിനുവേണ്ടി മാത്രം അർധസത്യങ്ങളും അസത്യങ്ങളും നിരന്തരം പ്രചരിപ്പിച്ച് സമൂഹത്തിൽ വലിയ രീതിയിലുള്ള അരാജകത്വമാണ് ഇവർ സൃഷ്ടിക്കുന്നത്. ഇടതു വിരുദ്ധതയ്ക്കൊപ്പം കോർപറേറ്റുകളോടും മുതലാളിത്തത്തോടുമുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക എന്നതുമാത്രമാണ് പല മാധ്യമ സ്ഥാപനങ്ങളുടെയും ലക്ഷ്യം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയെന്ന നയമാണ് ഈയടുത്ത കാലത്തായി ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. തീവ്ര ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ കൃത്യമായി പൊളിച്ചെഴുതുകയും സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചെടുക്കുന്ന വാർത്തകളോട് കാർക്കശ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് മൂലമാണ് തല്പര കക്ഷികൾക്ക് സംസ്ഥാന സെക്രട്ടറി കണ്ണിലെ കരടാകുന്നത്. എഡിജിപിക്കെതിരായ വിഷയം പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ വൻ ചർച്ചകൾക്ക് തിരികൊളുത്തിയെന്നും ചില വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി അസ്വസ്ഥനായെന്നും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ടുപോയെന്നുമാണ് ഇന്നലെ ചില മാധ്യമങ്ങൾ മാലോകരെ അറിയിച്ചത്.

എഡിജിപി വിഷയത്തിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കൃത്യമായി പറയുകയും ഇടതുമുന്നണി യോഗത്തിലും മുഖ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അത് ആവർത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലീസ് നയത്തിന് വിരുദ്ധമായുള്ള സേനയിലെ ചില ഉദ്യോഗസ്ഥരുടെ നടപടികൾ സംബന്ധിച്ചും ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം പ്രഖ്യാപിച്ചിരുന്നു. തൃശൂർ പൂരം കലക്കി സംഘ്പരിവാറിന് നേട്ടമുണ്ടാക്കിയതുൾപ്പെടെയുള്ള വിഷയത്തിൽ പഴുതില്ലാതെ അന്വേഷണം നടത്തി കർശന നടപടി ആവശ്യപ്പെട്ടതും ബിനോയ് വിശ്വമാണ്. ഈ നിലപാടുതന്നെയാണ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിന് ഉള്ളതെന്നിരിക്കെയാണ് സിപിഐയില്‍ ഭിന്നത എന്ന തരത്തിൽ നുണയുടെ തിരക്കഥ മെനയുന്നത്. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. തങ്ങളുടെ അജണ്ടകൾക്ക് കീഴ്പ്പെടാത്ത മാധ്യമ സ്ഥാപനങ്ങളെ ഭരണാധികാരമുപയോഗിച്ച് നിർവീര്യമാക്കാനുള്ള ശ്രമമാണ് സ്വേച്ഛാധിപത്യപരമായും ഏകാധിപത്യ പ്രവണതയോടുകൂടിയും രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ഭീകരതയോട് കലഹിക്കേണ്ട ഘട്ടത്തിൽ മാധ്യമ വിശ്വാസ്യത തകർക്കുന്ന സമീപനം ചില മാധ്യമങ്ങളില്‍ നിന്ന് ആവർത്തിച്ചുണ്ടാകുന്നത് ആശങ്കയുളവാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിൽ റൂപർട്ട് മർഡോക്കിന്റെ ‘ന്യൂസ് ഇന്റർനാഷണൽ’ എന്ന മാധ്യമ സ്ഥാപനം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദം ഓർത്തുപോകുന്നു. സംഭവത്തെ തുടർന്ന് മാധ്യമങ്ങളുടെ പ്രവർത്തന രീതി, മാധ്യമ സംസ്കാരം, മാധ്യമ ധാർമ്മികത തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ജസ്റ്റിസ് ലോർഡ് ലെവിസൺ ചെയർമാനായി ഒരു കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ട് ജസ്റ്റിസ് ലെവിസൺ തുടങ്ങിയത് ‘കാവൽക്കാരെ ആരു സംരക്ഷിക്കും? ’ എന്ന ചോദ്യത്തോടെയായിരുന്നു. യാഥാർത്ഥ്യങ്ങളെ തമസ്കരിച്ചും വസ്തുതകളെ വളച്ചൊടിച്ചും കേരളീയ പൊതുമണ്ഡലത്തെ ചില മാധ്യമ സംഘങ്ങൾ മലീമസമാക്കുന്നത് കാണുമ്പോൾ അറിയാതെ ചോദിച്ചുപോകുന്നു- ‘കാവൽക്കാരെ ആരു സംരക്ഷിക്കും?’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.