4 May 2024, Saturday

മണിച്ചെയിന്‍ എന്തുകൊണ്ട് തട്ടിപ്പാകുന്നു

എസ് രാമകൃഷ്ണൻ
January 23, 2024 4:30 am

ലോകമെങ്ങും നടക്കുന്ന ഒരു ‘ജനപ്രിയ’ തട്ടിപ്പാണ് മണിച്ചെയിൻ. മൾട്ടി ലെവൽ മാർക്കറ്റിങ് എന്നു വിളിച്ചാലും മണിച്ചെയിൻ ഒരു തട്ടിപ്പാണ്. അത് ഒരുപാട് പേരുടെ നഷ്ടത്തിൽ മാത്രമേ കലാശിക്കൂ. കൃത്യമായി, ശാസ്ത്രീയമായി ഇതു തെളിയിക്കാൻ കഴിയും.
ഒരാൾ മണി ചെയിൻ തുടങ്ങുന്നു. ഇയാളെ സൗകര്യാർത്ഥം നമുക്ക് കമ്പനി എന്നു വിളിക്കാം. അതിൽ നാലുപേരെ ചേർക്കുന്നു. ഓരോരുത്തരിൽ നിന്നും 10,000 രൂപ വാങ്ങുന്നു. ഇതാണ് ഒന്നാം റൗണ്ട്. ഈ നാലുപേരും ഇതേപോലെ മറ്റ് നാലുപേരെ വീതം പദ്ധതിയിൽ ചേർക്കുന്നു, തുക കമ്പനിക്കു കൊടുക്കുന്നു. ഉടൻ ഈ നാലുപേരുടെയും അക്കൗണ്ടിൽ കമ്പനിയിൽ നിന്ന് 4000 രൂപ വീതം വന്നുചേരുന്നു. അതോടെ നാലു പേർക്കും വിശ്വാസം വളരുന്നു, ഉത്സാഹം വർധിക്കുന്നു. അവരവർ ചേർത്ത ആളുകളിലേക്ക് ഈ വാർത്ത അവർ എത്തിക്കുന്നു. അവർക്കും വിശ്വാസം ജനിക്കുന്നു. അവരും ഉത്സാഹത്തോടെ നാലുപേരെ വീതം പദ്ധതിയിൽ ചേർക്കാൻ പ്രവർത്തിക്കുന്നു. ഇതിങ്ങനെ തുടരുന്നു. ഓരോരുത്തരെയും ചേർക്കുമ്പോൾ ചേർത്തവർക്ക് കമ്മിഷൻ ലഭിക്കുന്നു. ഓരോ റൗണ്ടും കഴിയുമ്പോൾ കമ്മിഷൻ നിരക്ക് കുറയും. ഉദാഹരണത്തിന്, മൂന്നാം റൗണ്ട് ആകുമ്പോൾ രണ്ടാം റൗണ്ടിൽ ചേരുന്ന 16 പേർക്കും, ആദ്യം ചേർന്ന നാല് പേർക്കും കമ്മിഷൻ വീതിച്ചു നൽകണമല്ലോ.


ഇതുകൂടി വായിക്കൂ: കൈകോർക്കാം കുട്ടികൾക്കായി


ഇത്രയും സുന്ദരമായ ഈ പദ്ധതിയെ തട്ടിപ്പ് എന്നു പറയുന്നതെങ്ങനെ എന്നതിന് ഉത്തരം തരുന്നത് ഗണിതശാസ്ത്രമാണ്. ഗണിതം എന്നു കേൾക്കുമ്പോൾ പേടി വേണ്ട, ലളിതമായ ഒരു കണക്കാണ്. ഈ പദ്ധതി തുടർന്നാൽ, ഓരോ റൗണ്ടും മുന്നേറുമ്പോൾ അതിൽ എത്ര പേർ ചേരുന്നു എന്നു നോക്കാം. ഒന്നാം റൗണ്ടിൽ നാല് പേർ, രണ്ടാം റൗണ്ടിൽ 16, അങ്ങനെ പതിനൊന്നാം റൗണ്ടിൽ 41,94,304 പേർ പദ്ധതിയിൽ അംഗമാകണം. ഇത്, കേരളത്തിൽ പതിനായിരം രൂപ നിക്ഷേപിക്കാൻ ശേഷിയുള്ള ആളുകളുടെ എണ്ണത്തെക്കാൾ അധികമാണ്. തൊട്ടടുത്ത റൗണ്ടിലെ 1,67,77,216 എന്നത് കേരളത്തിലെ എന്തെങ്കിലും തരത്തിലുള്ള ജോലിയോ വരുമാനമോ ആസ്തിയോ സ്വന്തമായി ഉള്ളവരുടെ എണ്ണത്തെക്കാൾ വലിയ സംഖ്യയാണ്. ബാക്കിയുള്ളത് തൊഴിൽരഹിതരും കുട്ടികളും വൃദ്ധരും അവശരുമാണ്. ഈ ഘട്ടത്തിൽ പദ്ധതിയിലെ ആകെ അംഗങ്ങൾ 2,23,69,620 ആകുകയും വേണം. ഇത് അസംഭവ്യമാണ്.
മേല്പറഞ്ഞ മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ഏതു മണി ചെയിനും പതിനൊന്ന് റൗണ്ടിൽ അപ്പുറം പോകാൻ ഗണിതപരമായി സാധ്യമല്ലെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്. ഒരു റൗണ്ടിന് ഒരു മാസം എന്ന തോതിൽ നോക്കിയാൽ ഒരു കൊല്ലം തികയും മുമ്പ് പദ്ധതി പൊളിയും. ഇതേ മാതൃകയിൽ നാല് പേരെ വീതം കണ്ണിചേർത്ത് ലോകത്ത് ആരംഭിക്കുന്ന ഒരു മണി ചെയിനും 16 റൗണ്ടിന് അപ്പുറം പോകാൻ ഗണിതപരമായി സാധ്യമല്ല. കാരണം പതിനേഴാം റൗണ്ടിൽ ചേർക്കേണ്ട അംഗങ്ങളുടെ എണ്ണം 1,700 കോടിയിലധികമാണ്. ലോക ജനസംഖ്യ എണ്ണൂറു കോടിയും. അമ്പലപ്പുഴ പാല്പായസത്തിന്റെ ഐതിഹ്യം അറിയുന്നവർക്ക് ഇത് വേഗം മനസിലാകും. ജ്യോമെട്രിക് പ്രോഗ്രഷൻ (ജ്യാമിതീയ പുരോഗതി) എന്നു നമ്മൾ സ്കൂളിൽ പഠിക്കുന്നതും ഇതുതന്നെ.
11-ാം റൗണ്ടിൽ 41,94,304 പേർ പദ്ധതിയിൽ അംഗമാകുന്നതോടെ പദ്ധതി പൊളിയുന്നു. അതായത്, പദ്ധതി കൊണ്ട് നഷ്ടം വരുന്നവരുടെ എണ്ണവും കൂടിയാണിത്. പണം മുഴുവൻ കമ്പനിയുടെ കയ്യിൽ ആണല്ലോ. ഇത്രയും ആളുകൾ കമ്പനിയെ സമീപിച്ചാൽ പണം തിരിച്ചു കൊടുക്കാൻ കമ്പനിക്കു കഴിയില്ല. പണത്തിന്റെ നല്ലൊരു ഭാഗം അവരുടെ കൈ മറിഞ്ഞും ചെലവായും പോയിട്ടുണ്ടാവും. (പൊതുവെ ഇത്തരം കമ്പനികൾ കറക്കു കമ്പനികൾ ആയിരിക്കും എന്നത് മറ്റൊരു സത്യം. ആ വിഷയത്തിലേക്ക് കൂടുതൽ കടക്കുന്നില്ല.) പദ്ധതിക്കു തുടക്കമിട്ട ആൾക്കെതിരെയും ഒരുപക്ഷേ ആദ്യ റൗണ്ടിൽ ചേർന്ന നാലുപേർക്കെതിരെയും നിയമ നടപടികൾ എടുക്കാൻ കഴിഞ്ഞേക്കും. അതുപോലെ, തങ്ങളെ പദ്ധതിയിൽ ചേർത്ത ആളിനെതിരെ, ഇതിലെ അംഗങ്ങൾക്കും പൊലീസിൽ പരാതി നൽകാം. അത്ര മാത്രം.


ഇതുകൂടി വായിക്കൂ: മാലിന്യമുക്ത നവകേരളത്തിലേക്ക് ചുവടുവച്ച്


ഇനി, നാലുപേർക്കു പകരം രണ്ടുപേർ മാത്രമുള്ള ഒരു മിനിമം പരിപാടി ആണെങ്കിലോ? തുക 10,000 രൂപ എന്നതിനു പകരം തട്ടിപ്പ് പുറത്തുവരാൻ കൂടുതൽ സമയം എടുക്കും എന്നേയുള്ളൂ. തുക ചെറുതായാൽ പരാതികളും കാര്യമായി ഉണ്ടാവില്ല.
എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ആളുകൾ ഈ തട്ടിപ്പിൽ വീഴുന്നത് എന്നതിനുത്തരവും മേൽപ്പറഞ്ഞ പട്ടികയിലുണ്ട്. പദ്ധതി പൊളിയുന്നത് 11-ാം റൗണ്ടിൽ ആണല്ലോ. 10-ാം റൗണ്ടിൽ ഉള്ള അംഗങ്ങളുടെ എണ്ണം 13,98,100 ആണ്. ഇവർക്ക്, പദ്ധതിയിൽ അംഗങ്ങളെ ചേർത്ത വകയിൽ പല നിരക്കുകളിൽ കമ്മിഷൻ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ കമ്മിഷൻ കിട്ടിയവർ ഈ പദ്ധതിക്കു വേണ്ടി തുടർച്ചയായി സാക്ഷ്യംപറയും. ഇതിൽ ഒരു തട്ടിപ്പും ഇല്ല എന്ന് അവരിൽ ഏറെപ്പേരും ആണയിടും. അതേസമയം, തട്ടിപ്പിൽ കുടുങ്ങിയ പലരും കബളിപ്പിക്കപ്പെട്ടു എന്ന് പുറത്തുപറയാൻ മടിക്കുകയും ചെയ്യും.
ചിലരുടെ ന്യായീകരണം, ആദ്യം ചേരുന്നവർക്ക് എന്തായാലും ലാഭമാണ്. പിന്നീടു ചേരുന്നവർക്കേ നഷ്ടമുള്ളൂ എന്നാണ്. അതുകൊണ്ട് എത്രയും വേഗം ചേരണം എന്നതാണ് ഇവരുടെ ആഹ്വാനം. വളരെയധികം ആളുകൾക്കു നഷ്ടം വരുത്തും എന്നുറപ്പുള്ള പരിപാടിയിൽ കണ്ണിയാകുന്നത് സാമൂഹ്യവിരുദ്ധമായ കാര്യമാണ് എന്നത് ഇക്കൂട്ടർ മനസിലാക്കുന്നില്ല, അല്ലെങ്കിൽ മറച്ചുവയ്ക്കുന്നു. ഈ ചിന്താഗതിക്കാർ സമൂഹത്തിൽ ഗണ്യമായ അളവിലുണ്ട് എന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നിയമം മൂലം നിരോധിച്ചല്ലാതെ ബോധവൽക്കരണം കൊണ്ട് നിയന്ത്രിക്കാൻ പ്രയാസമാണ്. ഇക്കാര്യങ്ങൾ സർക്കാരും ബന്ധപ്പെട്ട അധികാരികളും ശ്രദ്ധിക്കുകയും എല്ലാത്തരം മണി ചെയിനും നിരോധിക്കുകയുമാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.