മുൻകാലങ്ങളിലെന്നതുപോലെ മൗലിക ദേശീയ പ്രാധാന്യമുള്ള നോട്ടുനിരോധനം പോലെ പൊടുന്നനെയുള്ള നയപ്രഖ്യാപനങ്ങൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളിലും ആ പതിവ് തെറ്റിച്ചില്ല. ഒന്നരവർഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങൾ സർക്കാർ മേഖലയിൽ മാത്രം സൃഷ്ടിക്കുമെന്നതായിരുന്നു ഈ പ്രഖ്യാപനം. തന്റെ പ്രഖ്യാപനം അസാധാരണമായ ഒന്നാണെന്നും ഒരു ‘സന്ദേശം’ എന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. നാല് വ്യത്യസ്ത സന്ദേശങ്ങളാണത്രെ അദ്ദേഹം ഇതിലൂടെ ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. തൊഴിലവസര സൃഷ്ടി എന്നത് ഗൗരവമേറിയൊരു പ്രശ്നമാണെന്നും ഈ യാഥാർത്ഥ്യം പൊതുശ്രദ്ധയിൽ നിന്നും മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്നതുമാണ് ഒന്നാമത്തേത്. കുറ്റബോധത്തോടെ ആണ് പറയുന്നതെന്ന് ധ്വനിപ്പിക്കുന്ന വിധമല്ലെങ്കിലും മോഡി അത് തുറന്നുപറയുകയായിരുന്നു. രണ്ട്, ആധുനിക മേഖല മൊത്തത്തിലും സ്വകാര്യമേഖല വിശേഷിച്ചും സേവന, ഉല്പാദന രംഗത്ത് വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്നതാണ്. ഇതിൽ മോഡി പ്രത്യേകം പഴിചാരിയത് ഈ മേഖലകളിൽ ആധിപത്യമുള്ള ബഹുരാഷ്ട്ര കുത്തകകളെയായിരുന്നു. അതേ അവസരത്തിൽ ആധുനിക സാങ്കേതികവിദ്യ മേഖല, വെെദഗ്ധ്യ, അർധവെെദഗ്ധ്യ തൊഴിലാളികൾക്കായി പുതിയ തൊഴിലവസരങ്ങൾ ഒരുക്കിയിട്ടുമുണ്ട്. മൂന്നാമത്തേത്, സാധാരണഗതിയിൽ നെഹ്രുവിയൻ വികസനതന്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന മോഡി, അതിനെ പരോക്ഷമായെങ്കിലും അംഗീകരിച്ച് ആധുനിക തൊഴിൽമേഖലയിൽ ആ മാതൃകയ്ക്ക് ഒരു സ്ഥാനമുണ്ടെന്ന് അഭിപ്രായപ്പെട്ടതാണ്.
വർധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും സ്റ്റാഗ്ഫ്ലേഷനും തൊഴില്‍ നഷ്ടവും രാഷ്ട്രീയ അനിശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും വഴിവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ഈ മേഖലകളിലെല്ലാം അനിവാര്യമാണെന്നും മോഡി പറയുന്നു. ഇത് വെെകിവന്ന വിവേകമോ, അതോ പറ്റിക്കൽ തന്ത്രമോ എന്ന് വ്യക്തമാക്കപ്പെടേണ്ടിയിരിക്കുന്നു. നാലാമത്തേത്, നരേന്ദ്രമോഡിയുടെ തീർത്തും അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം 2024ൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്ക് എൻഡിഎയ്ക്കും സംഘ്പരിവാർ ശക്തികൾക്കും നല്കുന്നൊരു മുന്നറിയിപ്പോ ജാഗ്രതാ നിർദ്ദേശമോ ആയി കാണുന്നതിൽ തെറ്റുണ്ടാവില്ല എന്നതാണ്.
തീർത്തും ഒരു ജനപ്രിയമെന്നു കരുതാൻ കഴിയുന്ന ഈ മോഡിയൻ പ്രഖ്യാപനത്തിന്റെ കാതലായ ലക്ഷ്യങ്ങൾ എന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന തൊഴിൽ സംബന്ധമായ വിവരങ്ങളും കണക്കുകളും 2012ൽ കേന്ദ്ര ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് നല്കുന്നവയാണ്. ഇതെല്ലാം അക്കാലത്ത് വിപണികളിൽ നിന്നും ശേഖരിക്കപ്പെട്ടവയുമാണ്. എൻഡിഎ സർക്കാർ ആശ്രയിക്കുന്നത് ഈ വിവരങ്ങളെയല്ല, മറിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സ്കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷൻ സംബന്ധിക്കുന്ന വിവരങ്ങളെയാണ്. ഈ സമ്പ്രദായം ശരിയായിരിക്കില്ല. കാരണം, ഇത്തരം പദ്ധതികളിൽ ഉൾപ്പെടുന്നതിന് ഒരു നിശ്ചിത എണ്ണം രജിസ്ട്രേഷനുകൾ നിർബന്ധമാണെന്ന വ്യവസ്ഥ നിലവിലിരിക്കെ തെറ്റായ കണക്കുകളായിരിക്കും പൊതുജനത്തിന് ലഭ്യമാക്കുകയും സർക്കാരിന് സമർപ്പിക്കുകയും ചെയ്യുക. അതുകൊണ്ടുതന്നെ, ഇത്തരം തൊഴിലവസര കണക്കുകൾ വെറും ഔപചാരിക സ്വഭാവം മാത്രമുള്ളതായിരിക്കും, സത്യസന്ധമായിരിക്കില്ല.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നരേന്ദ്രമോഡി പരാമർശിക്കുന്ന 10 ലക്ഷം തൊഴിലവസരങ്ങളിൽ 85 ശതമാനവും പുതിയവ അല്ല. സർക്കാർ കണക്കുകൾ പറയുന്നത് നിലവിൽ 8,72,243 ഒഴിവുകൾ ഉണ്ടെന്നാണ്. അതുകൊണ്ടുതന്നെ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ എന്നത് അത്ര വലിയൊരു കാര്യവുമല്ല.
241 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഒഴിവുകൾ നികത്തുന്ന പതിവില്ല. ഈ സ്ഥാപനങ്ങളിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ മനഃപൂർവം വെട്ടിക്കുറയ്ക്കുക കൂടിയാണ് ചെയ്തുവരുന്നത്. 2017–18ൽ 10.84 ലക്ഷം തൊഴിലുകളുണ്ടായിരുന്നത് 2018–19ൽ 10.71 ലക്ഷമായും 2019–20ൽ 9.22 ലക്ഷമായും ഇടിയുകയായിരുന്നു. ഈ യാഥാർത്ഥ്യം കണക്കിലെടുത്തായിരിക്കണം അതിവിദഗ്ധമായ നിലയിൽ തൊഴിലില്ലായ്മയുടെ കൃത്യമായ കണക്കുകൾ ഔദ്യോഗികമായി ലഭ്യമായിരുന്നെങ്കിലും 2019ലെ തെരഞ്ഞെടുപ്പിനുമുമ്പ് അവ രഹസ്യമാക്കി സൂക്ഷിച്ചതുപോലെ ഇപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങളെപ്പറ്റിയും മൗനം അവലംബിച്ചത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് എത്ര കള്ളപ്പണം തിരികെ എത്തി എന്നതിനെക്കുറിച്ച് യാതൊരു മിണ്ടാട്ടമില്ലാതിരിക്കുന്നതും വിമർശനത്തെ ഭയന്നാണ്.
ഏതായാലും അഭ്യസ്തവിദ്യരായ ഇന്ത്യയിലെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഇക്കാര്യം അതീവ ഗൗരവസ്വഭാവമുള്ളതുതന്നെയാണ്. പുതുതായി 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് തൊഴിൽ വിപണിയുടെ പൊതുസ്ഥിതിയുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതും അത്യന്താപേക്ഷിതവുമാണ്. തൊഴിൽശക്തിയും തൊഴിൽ പങ്കാളിത്ത നിരക്കും നാമമാത്രമായ തോതിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാൽ, ലഭ്യമായ തൊഴിലുകളുടെ ഗുണമേന്മ മെച്ചപ്പെട്ടിട്ടുള്ളതായി കാണുന്നുമില്ല. പലപ്പോഴും ഗുണമേന്മ ഇടിഞ്ഞിരിക്കുന്നതായും കാണുന്നു. സ്വയം തൊഴിൽ കണ്ടെത്തുന്നവരുടെയും കാർഷിക മേഖലയിൽ തൊഴിൽ കണ്ടെത്തുന്നവരുടെയും എണ്ണം മൊത്തം തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണവുമായി ചേർത്തു പരിശോധിക്കുമ്പോൾ ഉയർന്നിരിക്കുന്നതായി കാണാൻ കഴിയുന്നുണ്ട്.
പിന്നിട്ട മൂന്ന് ലേബർ ഫോഴ്സ് സർവേകളുടെ വെളിച്ചത്തിൽ നോക്കിയാൽ ഈ വിഭാഗത്തിലുള്ളവരുടെ വർധന 43 ശതമാനം മുതൽ 47 ശതമാനം വരെയാണെന്നും കണ്ടെത്തിയിരിക്കുന്നു. ഇത് ചരിത്രപരമായൊരു താഴോട്ടുപോക്കു തന്നെയാണെന്നതിൽ സംശയമില്ല. ഇത്തരം തൊഴിൽശക്തിയിൽ ഉൾപ്പെടുന്നവർ ദേശീയവരുമാനത്തിന്റെ ആറിലൊന്ന് സംഭാവന ചെയ്യുന്നുണ്ടെങ്കിൽത്തന്നെയും ഇവരുടെ ഉല്പാദനക്ഷമത വളരെ താണനിലവാരത്തിലാണ്. സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും പുരോഗതിക്കും ഈ പ്രവണത ഒരുതരത്തിലും ആശ്വാസകരമാണെന്നു കരുതാനാവില്ല. അതേ അവസരത്തിൽ ഉല്പാദനമേഖലയുടെ വകയായി ദേശീയ വരുമാനത്തിലേക്കുള്ള സംഭാവന 2018–19നും 2020–21നും ഇടയ്ക്ക് 12.1ൽ നിന്ന് 10. 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലില്ലായ്മാ നിരക്കില്‍ 2019–20നും 2020–21നും ഇടയ്ക്ക് 4.8ൽ നിന്നും 4.6 ശതമാനം ഇടിവാണുള്ളത്. ആഗോളതലത്തിൽ വിവിധ വിഭാഗം തൊഴിലാളികളുടെ സ്ഥിതി പരിശോധിച്ചാലും ഇതേകാലയളവില്‍ 7.5 ശതമാനത്തിന്റെ കുറവുകാണാം. വിദ്യാഭ്യാസം നേടിയതിനുശേഷവും ഉല്പാദനക്ഷമവും യോഗ്യതക്കനുസരിച്ചുള്ളതുമായ തൊഴിലവസരങ്ങൾ ലഭിക്കാത്തവരുടെ കണക്കെടുപ്പ് നടത്തിയാലും ഇന്ത്യയുടെ സ്ഥിതി മോശമാണെന്ന് വ്യക്തമാകും. ഇവരിൽ സെക്രട്ടറി മുതൽ മേലോട്ട് വിദ്യാഭ്യാസ യോഗ്യത നേടിയ 19നും 25നും ഇടയ്ക്ക് വയസുള്ളവര്‍ക്ക് നഗരമേഖലയിലാണ് തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ഇത് നിറവേറ്റപ്പെട്ടില്ലെന്നു മാത്രമല്ല, ഇവരുടെ തൊഴിലവസരങ്ങളിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ പ്രവണതയാണ് തുടരുന്നതെങ്കിൽ ഈ വിഭാഗത്തിൽപ്പെടുന്നവർക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് രണ്ടക്കത്തിലെത്താതിരിക്കാൻ സാധ്യത കുറവാണ്. 2019–20നും 2020–21നും ഇതായിരുന്നു അവസ്ഥ എന്നതും ആശങ്കാജനകമാണ്.
ഈ മേഖലയിലെ സംരംഭങ്ങളിൽ തൊഴിൽ തേടിയവരുടെ പങ്കാളിത്തത്തിൽ പുരുഷന്മാരുടെ വർധന 71 ശതമാനത്തിൽ നിന്ന് 75 ആയും സ്ത്രീകളുടേത് 55ൽ നിന്ന് 57 ശതമാനമായും ഇരുവിഭാഗങ്ങളും ചേർന്നാൽ 68ൽ നിന്നും 71 ശതമാനമായും 2017–18നും 2020–21നും ഇടയ്ക്കുള്ള കാലയളവിൽ രേഖപ്പെടുത്തിയിരുന്നു. ശമ്പളത്തോടുകൂടിയുള്ള സ്ഥിരം ജോലിക്കാരുടെ കണക്കെടുത്താൽ കാണാൻ കഴിയുക ലിംഗവ്യത്യാസമില്ലാതെ തന്നെ ഇവരുടെ പങ്ക് കുറവെന്നാണ്. ഇതിൽ പലർക്കും ഔപചാരികമായ തൊഴിൽ കരാറോ, വേതനത്തോടെയുള്ള അവധിയോ, സാമൂഹ്യസുരക്ഷിതത്വ സൗകര്യങ്ങളൊ ലഭ്യമായിരുന്നുമില്ല. എന്നിരുന്നാലും ഇവരുടെ ശരാശരി തൊഴിൽ ലഭ്യതാതോത് ഉയർന്നുതന്നെ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരവധി തൊഴിൽ വിപണികളിലെ തൊഴിലില്ലായ്മാ നിരക്കുകളിൽ കുറവുണ്ടായതായി സർക്കാർ അവകാശപ്പെടുന്നതും. മോഡി അവകാശപ്പെട്ടതുപോലെ, തന്റെ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പിൽവരുത്തിയ പരിഷ്കാരങ്ങളെ തുടർന്നാണ് ഈ മാറ്റമുണ്ടായതെന്ന് പറയുന്നത് ഫലത്തിൽ അർത്ഥശൂന്യമാണ്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം മോഡി സർക്കാരിന്റെ അവസാന വർഷത്തിൽ പ്രസിദ്ധീകരിക്കേണ്ട റിപ്പോർട്ടിലെ വിവരങ്ങൾ മനഃപൂർവം മറച്ചുവച്ചു. അതിൽ പറയുന്നത് 2019 ആയതോടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കായ 45 ശതമാനത്തിലെത്തിയെന്നാണ്.
സ്വകാര്യമേഖലാ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് വിപണി ശക്തികളുടെ സ്വഭാവമെന്നതിന്റെയും സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയനുസരിച്ച് കൺസൾട്ടിങ് ഏജൻസികളും റേറ്റിങ് ഏജൻസികളും നടത്തിവരുന്ന പരിപ്രേക്ഷ്യങ്ങൾ കണക്കിലെടുത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് സാധ്യമാവില്ല. ഇത്തരം ഏജൻസികളുടെയൊക്കെ ലക്ഷ്യം സർക്കാർ നയങ്ങളെ സ്വാധീനിക്കുകയും അവയെ തങ്ങൾക്കനുകൂലമാക്കി മാറ്റുകയുമാണ്. ഇത് നമുക്ക് മാതൃകയാക്കാൻ കഴിയില്ല. ഉദാഹരണത്തിന് “മോൺസ്റ്റർ എംപ്ലോയ്മെന്റ് ഇൻഡെക്സ്” എന്ന പേരിൽ സേവനദാതാക്കളെന്ന വ്യാജേന സജീവമായി നിലനിൽക്കുന്ന ഏജൻസികളെ നമുക്ക് ആശ്രയിക്കുക സാധ്യമല്ല. ജനതാല്പര്യമാണ് മുഖ്യപരിഗണനയെങ്കിൽ, ഇന്ത്യയെപോലുള്ള രാജ്യങ്ങൾ ചെയ്യേണ്ടത് സമ്പദ്‌വ്യവസ്ഥയിൽ കൃത്യമായി എത്ര തൊഴിലവസരങ്ങൾ ആവശ്യമാണെന്ന് തിട്ടപ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ്. ആധുനിക സ്വകാര്യ മേഖലാ സംരംഭങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, അധിക മൂലധന നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ പരമാവധി കുറയ്ക്കുക എന്നതും. ഉദാഹരണത്തിന്, അഡാനി ഗ്രൂപ്പിന്റെ 70,000 കോടി രൂപയുടെ മൂലധന നിക്ഷേപത്തിലൂടെ യുപിയിൽ വെറും 30,000 പുതിയ തൊഴിലവസരങ്ങൾ മാത്രം സൃഷ്ടിക്കുക എന്നതിനായിരുന്നു. പ്രത്യക്ഷ വിദേശനിക്ഷേപ പദ്ധതികളും മിക്കവാറും മൂലധന പ്രധാനമായിരിക്കുമെന്നതാണ് അനുഭവം. ഇവയിലധികവും ഉല്പാദനേതര മേഖലകളിൽ കേന്ദ്രീകരിച്ചുമായിരിക്കും. ഇതുപോലൊരു വികസന, നിക്ഷേപ മാതൃക ഇന്ത്യയെപോലുള്ളൊരു സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യവുമാകും.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.