23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 5, 2024
July 5, 2024
July 5, 2024
July 5, 2024
July 2, 2023
June 29, 2023
March 8, 2023
January 21, 2023
January 9, 2023
November 3, 2022

റിഷി സുനക് പ്രീതി നേടുമോ?

രമേശ് ബാബു
മാറ്റൊലി
November 3, 2022 4:45 am

ക്ഷിണാഫ്രിക്കയിലെ പീറ്റര്‍ മരിറ്റസ്ബര്‍ഗ് റയില്‍വേ സ്റ്റേഷനില്‍ 1893 ജൂണ്‍ ഏഴിന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന അഭിഭാഷകനെ ട്രെയിനിന്റെ ഒന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് കറുത്തവനെന്ന് പരിഹസിച്ചാണ് വെള്ളക്കാര്‍ പുറത്താക്കിയത്. ഈ അപമാനം മനസിലേല്പിച്ച മുറിവിന്റെ നൊമ്പരം കനല്‍പോലെ നീറിപിടിച്ച് അഗ്നികണക്കേ ഉയര്‍ന്നപ്പോള്‍ ഗാന്ധിയെന്ന അഭിഭാഷകന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അമരക്കാരനും ലോകം വാഴ്ത്തുന്ന മഹാത്മാവുമായി മാറിയത് ചരിത്രം. മണ്ണിന്റെ മക്കളെ അടിമകളാക്കി ലോകം മുഴുവന്‍ അടക്കിവാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുത്ത ബ്രിട്ടന്റെ കോളനികളിലൊന്നായിരുന്ന ഇന്ത്യയുടെ പൈതൃകം പേറുന്ന പ്രവാസികളുടെ പിന്‍മുറക്കാരന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അവരോധിതനായപ്പോള്‍ അത് പുതിയ ലോകക്രമത്തിന്റെ നീതിശാസ്ത്രമായി.
ശരീരവര്‍ണത്തില്‍ വെളുപ്പിന് മഹിമയുണ്ടെന്ന ദുരഭിമാനത്തിന്റെ പുറത്താണ് ബ്രിട്ടീഷുകാര്‍ പണ്ട് ഇന്ത്യാക്കാരെ അടിമകളാക്കി വച്ചുകൊണ്ടിരുന്നത്.


ഇതുകൂടി വായിക്കൂ: റിഷി സുനക്: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍..


ഇപ്പോള്‍ തവിട്ടു നിറക്കാരനായ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പുത്രന്‍ വെള്ളക്കാരന്‍ അധിനിവേശികളുടെ തട്ടകത്തില്‍ ഭരണമേറ്റിരിക്കുന്നു. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ആരെന്ന് ഉത്തരം നല്കേണ്ടത് ബ്രിട്ടീഷ് ജനതയും പ്രീതി നിശ്ചയിക്കേണ്ടത് കാലവുമാണ്.
വ്യക്തിപരമായി റിഷി സുനകിനെ വിശേഷിപ്പിക്കാന്‍ തക്ക ധാരാളം സവിശേഷതകള്‍ അദ്ദേഹത്തിനുണ്ട്. രണ്ട് നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഏറ്റവും ധനികനായ പ്രധാനമന്ത്രിയുമാണ് റിഷി. 6800 കോടിയിലേറെയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് പറയപ്പെടുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ വ്യക്തി, ലോകത്തെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ഇന്ത്യാക്കാരന്‍ നാരായണമൂര്‍ത്തിയുടെ മകളും ബ്രിട്ടനിലെ അതിസമ്പന്നയുമായ അക്ഷത എന്ന ഇന്ത്യന്‍ പൗരയുടെ ഭര്‍ത്താവ് തുടങ്ങിയ വ്യക്തിപരമായ വിശേഷണങ്ങള്‍ക്കപ്പുറം കര്‍മ്മമേഖലയായ രാഷ്ട്രീയത്തിലും ചുരുങ്ങിയ കാലയളവില്‍ അദ്ദേഹത്തിന് മികവ് തെളിയിക്കാനായിട്ടുണ്ട്. 2015ല്‍ ആദ്യമായി എംപി ആയ റിഷി 2020 ആയപ്പോഴേക്കും ചാന്‍സലര്‍ (ധനമന്ത്രി) ആയി. കോവിഡ് കാലത്ത് റിഷി കൈക്കൊണ്ട സാമ്പത്തിക നയങ്ങള്‍ ബ്രിട്ടീഷ് വാണിജ്യ‑വ്യവസായ മേഖലയെ കാര്യമായ പരിക്കേല്പിക്കാതെ രക്ഷപ്പെടുത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതിഛായയ്ക്ക് തിളക്കമേറുന്നത്. ആരോപണങ്ങളെത്തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ തല്‍സ്ഥാനത്തേക്കെത്തിയ ലിസ്ട്രസിന് 44 ദിവസംകൊണ്ട് രാജിവച്ചൊഴിയേണ്ടിവന്നു. കരുതലില്ലാതെ അവര്‍ കൈക്കൊണ്ട സാമ്പത്തിക നയങ്ങളാണ് പതനത്തിന് വഴിവച്ചത്. ബ്രിട്ടന്റെ ചാഞ്ചാടിക്കൊണ്ടിരുന്ന സാമ്പത്തിക നിലയെ സ്ഥിരപ്പെടുത്താന്‍ ധനമന്ത്രിയെന്ന നിലയില്‍ റിഷി സുനക് ഏര്‍പ്പെടുത്തിയ നികുതി പരിഷ്കരണത്തെയാകെ ലിസ്ട്രസ് എടുത്തുകളഞ്ഞപ്പോള്‍ പൗണ്ടും കടപ്പത്രവും കൂപ്പുകുത്തുകയും രാജ്യം കൂടുതല്‍ സാമ്പത്തിക അസമത്വങ്ങളിലേക്ക് നിപതിക്കുകയും ചെയ്തവേളയിലാണ് പോംവഴികളില്ലാത്ത ലിസ്ട്രസ് രാജിവച്ചൊഴിയുന്നത്. ഈ ഒഴിവിലേക്ക് മത്സരാര്‍ത്ഥികളായി എത്തിയ ബോറിസ് ജോണ്‍സണെയും പെന്നിമോര്‍ഡന്റിനെയും മറികടന്നാണ് റിഷി പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: നിങ്ങളറിയുമോ ഈ ചിത്രശലഭ സംഗീതം


റിഷി സുനകിന്റെ മുന്നില്‍ വലിയ വെല്ലുവിളികളാണ് പരിഹാരം തേടി നില്‍ക്കുന്നത്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ബ്രിട്ടന്റെ സ്ഥാനത്തേക്ക് ഇന്ത്യ കടന്നെത്തിയ സന്ദര്‍ഭത്തില്‍ തന്നെയാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കുന്നത്. 2016ലെ ബ്രെക്സിറ്റ് ഹിതപരിശോധനയോടെ തുടങ്ങിയതാണ് ബ്രിട്ടന്റെ സാമ്പത്തിക പ്രശ്നങ്ങള്‍. ബ്രെക്സിറ്റോടെയാണ് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച കുറയുന്നത്. ഇതോടെ വന്‍കിട കമ്പനികള്‍ പലതും ബ്രിട്ടനെ വിട്ട് യൂറോപ്യന്‍ യൂണിയനില്‍ കുടിയേറി. വിദേശനിക്ഷേപം കുറയുന്ന സമയത്താണ് കോവിഡിന്റെയും തുടര്‍ന്ന് ഉക്രെയ്‌ന്‍ യുദ്ധത്തിന്റെയും വരവ്. ഇത് സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ തളര്‍ച്ചയുണ്ടാക്കി. പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലാണെന്ന് ഏജന്‍സികള്‍ പറയുന്നു. വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കി. മിനിമം കൂലി ആവശ്യപ്പെട്ട് തൊഴില്‍ മേഖലയിലും സമരങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ ഒട്ടേറെ വെല്ലുവിളികളാണ് റിഷി നേരിടേണ്ടിയിരിക്കുന്നത്.
നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ് റിഷി സുനക് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ‘ഞാന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു’ എന്ന് പറയുന്ന റിഷിയുടെ പ്രധാന ഉത്തരവാദിത്തം ബ്രിട്ടന്റെ സാമ്പത്തിക യശസ് തിരിച്ചുപിടിക്കുക എന്നതാവും.

ദക്ഷിണാഫ്രിക്കയിൽ ട്രെയിനില്‍ നിന്ന് ചവിട്ടേറ്റുവീണ ഗാന്ധിജി അദൃശ്യതയില്‍ ഇരുന്ന് മന്ദഹാസം പൊഴിക്കുന്നുണ്ടാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.