26 April 2024, Friday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

കര്‍ഷകക്ഷേമനിധി ബോര്‍ഡിലെ തടസം പരിഹരിക്കും: മന്ത്രി പി പ്രസാദ്

Janayugom Webdesk
കണ്ണൂര്‍
November 5, 2022 10:04 pm

കര്‍ഷകക്ഷേമനിധി ബോര്‍ഡിലെ തടസം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി പി പ്രസാദ്. പറശ്ശിനിക്കടവ് കെ വി മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ ആരംഭിച്ച അഖിലേന്ത്യാ കിസാന്‍സഭ (എഐകെഎസ്) സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വേറിന്മേലുള്ള ചില സംശയങ്ങളും അത് പരിഹരിക്കാനുള്ള താമസവുമാണുള്ളത്. സര്‍ക്കാര്‍ അതിന്റെ ചര്‍ച്ചകളിലേക്ക് നീങ്ങിയിട്ടുണ്ട്. വിഷയത്തില്‍ നേരത്തെ തീരുമാനിച്ച രീതിയില്‍തന്നെ മുന്നോട്ട് പോകമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് കൃഷിവകുപ്പിന്റെ ഫണ്ട് കൂടി നീക്കിവയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. കര്‍ഷകന്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കൃഷിവകുപ്പും ചേര്‍ന്ന് ഫണ്ട് കണ്ടെത്തി പ്രശ്നപരിഹാര പദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 29 ലക്ഷം ടണ്‍ അരിയാണ് ഒരു വര്‍ഷം വേണ്ടത്.

കഴിഞ്ഞ വര്‍ഷം 6.34 ലക്ഷം ടണ്‍ അരിയാണ് ഉല്പാദിപ്പിച്ചത്. ആവശ്യമുള്ളതിന്റെ 20 ശതമാനം മാത്രമാണിത്. ആരോഗ്യത്തെ പ്രധാനമായി കണ്ട് പച്ചക്കറി, പഴം, കിഴങ്ങുവര്‍ഗം, ഇലക്കറികള്‍ എല്ലാം കൃഷി ചെയ്ത് ഉപയോഗിക്കുന്ന രീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു. എല്ലാവരും കൃഷി ചെയ്യുകയെന്നല്ല സര്‍ക്കാര്‍ പറയുന്നത്; സാധ്യമാകുന്നയിടത്ത് കൂട്ടായെങ്കിലും കൃഷി നടത്തണമെന്നാണ്. അതിനാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായവും വിഷവും കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വ്യാപകമാണ്. ഇതിന് പരിഹാരമെന്ന രീതിയിലാണ് ഇത്തരം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രമേളയില്‍ ക്ലേ മോഡലിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ കോടല്ലൂര്‍ എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ വേദികയ്ക്ക് കിസാന്‍സഭയുടെ സ്നേഹോപഹാരം മന്ത്രി കൈമാറി. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. സ്വാഗതസംഘം കണ്‍വീനര്‍ സി പി ഷൈജന്‍ സ്വാഗതം പറഞ്ഞു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറിമാരായ എ പ്രദീപന്‍ രക്തസാക്ഷി പ്രമേയവും എ പി ജയന്‍ അനുശോചന പ്രമേയവും സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി, സിപിഐ നേതാക്കളായ സി പി മുരളി, സി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുളസീദാസ് മേനോന്‍ ക്യാമ്പ് ലീഡറും കെ പി വസന്തകുമാര്‍ ഡെപ്യുട്ടി ലീഡറുമാണ്.

Eng­lish Sum­ma­ry: Will solve the bot­tle­neck in the Farm­ers’ Wel­fare Fund Board: Min­is­ter P Prasad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.