17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

വനിതാദിനം വീണ്ടും വന്നുപോകുമ്പോള്‍

Janayugom Webdesk
March 10, 2024 5:00 am

“നീ വിത്തും പൂവും ഫലവും പേറുന്നു… ജീവിത നവീകരണ വഴികളിലോ നിനക്ക് അവസാനവുമില്ല…” ഇറ്റാലിയന്‍ വംശജയായ ഫ്രഞ്ച് എഴുത്തുകാരി ലൂസ് ഇരിഗറേ പൂർണവും എന്നാൽ വേറിട്ടതുമായ സ്ത്രീ സ്വത്വം കാവ്യാത്മകമാക്കുന്നു. ബന്ധനങ്ങൾ തകർത്ത് പ്രത്യക്ഷീകരിക്കുന്ന സ്ത്രീ പൂർണതയുടേതാണ്, കേവലം മറുപാതിയല്ല. മാർച്ച് എട്ട് സാർവത്രിക വനിതാദിനം ആഘോഷങ്ങളിലൂടെ കടന്നുപോയി. എന്നാൽ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നും അവ പുതിയ രൂപങ്ങൾ സ്വീകരിച്ചു എന്നതു മാത്രമാണ് മാറ്റമെന്നും വർത്തമാന വനിത തിരിച്ചറിയുന്നു. രാജ്യത്താകട്ടെ അവളുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഭീഷണിയിലാണ്. ത്യജിക്കാൻ ജനിച്ചവൾ എന്ന് ആഘോഷിക്കപ്പെടുകയും സ്വന്തം ദുരിതങ്ങൾ പുറത്തറിയപ്പെടാതിരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യണം എന്ന് നിഷ്കർഷിക്കുന്ന മനുവാദ ലോകത്താണ് അവളിപ്പോൾ ജീവിക്കേണ്ടത്. ബിൽക്കീസ്, ജാഹിറ, ഹത്രസിലെ പെൺകുട്ടി, കത്വയിൽ നിന്നുള്ള എട്ടുവയസുകാരി… പട്ടികയ്ക്ക് നീളമേറുകയാണ്. മാർച്ച് എട്ട് വനിതകളുടെ നേട്ടങ്ങളെ അനുസ്മരിക്കുന്ന നാൾ കൂടിയാണ്. തനിക്കെതിരെ വരുന്ന അനീതികൾക്കെതിരെ അവൾ എഴുന്നേറ്റുനിന്ന ദിവസമാണിത്. ഉല്പാദനോപകരണങ്ങൾക്ക് ഭാരമേറിയത് സ്ത്രീയെ മുഖ്യധാരാ ഉല്പാദന പ്രക്രിയയിൽ നിന്നും പിന്നോട്ടടിച്ചു.

ഉപകരണങ്ങളുടെ ഉല്പാദനം ഏറുകയും അനിവാര്യത വർധിക്കുകയും ചെയ്തപ്പോൾ, പുരുഷന്‍ തൊഴിലിൽ അനന്തരാവകാശം ഏറ്റെടുത്തു. സ്ത്രീയെക്കാൾ ശാരീരികമായി കരുത്തനാണ് എന്നതായിരുന്നു അടിസ്ഥാനം. സ്ത്രീ അടിമയായി, നാല് ചുവരുകൾക്കുള്ളിൽ പുരുഷനെ പരിചരിച്ച്, അവന്റെ തലമുറയെ കരുതി ജീവിതം ചുരുക്കി. ചില വ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴും ഈ പ്രക്രിയ പലപ്പോഴും ഇതേക്രമത്തിൽ തുടരുകയാണ്. 2023ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രമേയം തുല്യതയെ ആശ്ലേഷിക്കുക എന്നതായിരുന്നു. പുരുഷനും സ്ത്രീക്കും ഇടയിലുള്ള അസമത്വം അവസാനിപ്പിക്കാനും തുല്യത ഉറപ്പാക്കാനുമുള്ള ആഹ്വാനമായിരുന്നു അത്. 1911ലെ രാജ്യാന്തര വനിതാ സമ്മേളനമാണ് സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടെയുള്ള തുല്യാവകാശങ്ങൾക്കായി പോരാടാനുറച്ചത്. സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കാതെ, അവരെ ആക്ഷേപിച്ച് ഒഴിവാക്കാനായിരുന്നു ഭരണകൂടവും പുരുഷമേധാവിത്തവും പരിശ്രമിച്ചത്. ഇംഗ്ലണ്ടിൽ സ്ത്രീകൾക്ക് വോട്ടവകാശം ആവശ്യപ്പെട്ട മേരി വോൾസ്റ്റോൺ ക്രാഫ്റ്റിന് നൽകിയ വിളിപ്പേര് ‘വൃത്തികെട്ട മന്ത്രവാദിനി’ എന്നായിരുന്നു. മറ്റൊരാളെ ‘പെറ്റികോട്ടിലെ ഒരു കഴുതപ്പുലി’ എന്ന് വിളിച്ച് അപമാനിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിൽ നിന്ന് അവളെ അകറ്റാൻ ഉപയോഗിച്ച ആയുധമാണിത്. അവഹേളിക്കപ്പെട്ട വനിതകളാകട്ടെ അസാധാരണമാംവിധം ഉയർന്ന ജീവിത വീക്ഷണം പുലർത്തിയവരായിരുന്നു. വ്യാവസായിക വിപ്ലവത്തിന് 46 വർഷങ്ങൾക്ക് ശേഷം, 1810ൽ, ഫ്യൂഡൽ കാലഘട്ടത്തിന്റെ ദുരിതങ്ങളെ അതിജീവിച്ച് കാലം മറ്റൊരുഘട്ടത്തിൽ എത്തിയപ്പോൾ, സിഡ്നി സ്മിത്ത് സ്ത്രീകളുടെ വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് മികച്ച രചനകളുണ്ടാക്കി.


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റുകാലത്തെ വനിതാദിനം


പക്ഷേ അത് കാലഘട്ടത്തെ കാര്യമായി സ്വാധീനിച്ചില്ല. ഒരു നൂറ്റാണ്ടിനു ശേഷവും, 1903ൽ മാഡം ക്യൂറിക്ക് സ്ത്രീയായതിനാൽ നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു. പിന്നീട് ഭർത്താവ് പിയറിനൊപ്പം സംയുക്തമായാണ് പുരസ്കാരം നൽകിയത്. സ്ത്രീകൾ അനീതിക്കെതിരെ പോരാടുന്ന പ്രതിഭാസം പൊടുന്നനെ പൊട്ടിമുളച്ചതല്ല. സംഘടിത പോരാട്ടവും ആവിഷ്കാരവും പിന്നീടുള്ള വികാസമായിരുന്നെങ്കിലും കലാപം പുകഞ്ഞുകൊണ്ടേയിരുന്നു. 1917ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം മഹാനായ ലെനിന്റെ നേതൃത്വത്തിലാണ് നവസമൂഹ നിർമ്മിതിക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 1926ൽ സോവിയറ്റ് ഫാമിലി കോഡ് കൊണ്ടുവരുമ്പോൾ, ഏകഭാര്യാത്വവും കുടുംബെെക്യവും ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് മോചനം ലഭിക്കൂ എന്നായിരുന്നു ധാരണ. ഫാമിലി കോഡിനെ തുടർന്നുള്ള ചർച്ചകളിൽ, “നൂറ്റാണ്ടുകളായി ഞങ്ങൾ അടിമത്തത്തിൽ കഴിയുന്നു. ഞങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്” എന്ന് കർഷക സ്ത്രീകൾ ചൂണ്ടിക്കാട്ടി. സ്ത്രീയുടെ സ്വാതന്ത്ര്യം എന്നത് ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള ചില മാറ്റങ്ങളല്ലെന്നും, മനുഷ്യനെന്ന നിലയിലുള്ള സമ്പൂർണ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കപ്പെട്ടു. സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന് ഉല്പാദനം പുനഃസംഘടിപ്പിക്കുക എന്ന ദൗത്യം കൂടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. കഠിനവും വിരസവുമായ വീട്ടുജോലികളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നതായിരുന്നു പൊതുവായ വിഷയം. സമൂഹ അടുക്കളയും ഗാർഹിക ജോലികളുടെ വിതരണവും സാധ്യമാക്കി ഇത് പരിഹരിക്കണമെന്ന വാദം ചർച്ചയിൽ ഉയർന്നു. സമൂഹത്തിലെ ഉല്പാദന പ്രക്രിയയിൽ പുരുഷനൊപ്പം സ്ത്രീകളും അവശ്യമെന്ന് ബോധ്യമുയർന്നു. സ്ത്രീകളുടെ ഉയർച്ചയിൽ ജോലിയുടെ സ്വാധീനം ലെനിൻ ഊന്നിപ്പറഞ്ഞു. കുടുംബത്തിന്റെ ഇടുക്കത്തിലും പരിമിതികളിലും ഒറ്റപ്പെടലിനും പകരം പുതിയതും സജീവവും പൊതുപ്രവർത്തനത്തിന്റേതുമായ ഒരു ലോകം സ്ത്രീകൾക്കായി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

വീട്ടുജോലിയിൽ സ്ത്രീകൾ ചെലവഴിക്കുന്ന അധ്വാനവും സമയവും കണക്കാക്കിയ സാമ്പത്തിക വിദഗ്ധരും ഇത് തിരിച്ചറിഞ്ഞു. വീട്ടുജോലിയിൽ നിന്ന് പൂർണമായി സ്വാതന്ത്ര്യം സാധ്യമായാൽ മാത്രമേ സ്ത്രീകൾക്ക് സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയെ വേഗത്തിൽ കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങാനാകൂ. എന്നാൽ മാത്രമേ അവരുടെ ഊർജവും ശേഷിയും മുഴുവനായി നൽകാൻ കഴിയൂ. ‘കുടുംബം കീഴ്‌വഴക്കത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പഴയ മൂല്യങ്ങൾ നിലനിർത്തുന്ന ഒരു സാംസ്കാരിക സ്ഥാപനമെന്ന് ശഠിച്ചാൽ സ്ത്രീകൾക്ക് സാമൂഹിക വിമോചനം സാധ്യമാകില്ല’- അലക്സാന്‍ട്ര കൊളോൻടായ് അടിവരയിട്ടു. വർഗ വിഭജിത സമൂഹത്തിന്റെ താല്പര്യമാണ് കുടുംബം പോറ്റുന്നതിനുള്ള ഭാരം പുരുഷനിൽ കേന്ദ്രീകരിക്കുന്നതും സ്ത്രീയെ അടിമയായി നിലനിർത്തുന്നതും. സ്വാതന്ത്ര്യം നേടാനുള്ള തൊഴിലാളിവർഗ ശ്രമങ്ങളെ അടിച്ചമർത്താനുള്ള മികച്ച ആയുധമായിരുന്നു ഇത്. കുടുംബത്തിൽ പുരുഷനും സ്ത്രീയും തുല്യരല്ലെങ്കിൽ സ്ത്രീകൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നേടാനുള്ള ഗൗരവമായ ഒരു ശ്രമവും സാധ്യമാകില്ല. പാചകത്തിലും ഇതര വീട്ടുജോലികളിലും കോർത്തുകിടക്കുമ്പോൾ, ഭാവി സമൂഹത്തിന്റെ നിർമ്മാണത്തിലോ പാരിസ്ഥിതിക‑രാഷ്ട്രീയ മുന്നേറ്റങ്ങളിലോ പങ്കുചേരാൻ അവൾക്ക് ഒരിടവും ശേഷിക്കില്ല.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.