
പുന്നപ്ര‑വയലാർ സമരത്തിന് എല്ലാ പിന്തുണയും കൊടുത്തു ഒളിവിൽ കഴിയുന്ന സഖാക്കൾക്ക് സ്വയം പട്ടിണികിടന്ന് ഭക്ഷണം കൊടുത്തും അവരെ പൊലീസിൽ നിന്നു രക്ഷിക്കാൻ കാവലിരുന്ന നിരവധി സ്ത്രീകളുണ്ട് ചരിത്രത്തിൽ. മക്കളെ നഷ്ടമായവർ, പൊലീസിന്റെയും പട്ടാളത്തിന്റെയും ജന്മി ഗുണ്ടകളുടെയും പീഡനങ്ങളേറ്റുവാങ്ങിയവർ, തനിച്ചായിപ്പോയവർ… അങ്ങനെയങ്ങനെ നിരവധി സ്ത്രീകളുടേതുകൂടിയാണ് പുന്നപ്ര–വയലാർ സമരം. പുന്നപ്ര‑വയലാർ സമരത്തിന്റെ സമഗ്രമായ ചരിത്ര പശ്ചാത്തലത്തിൽ കെ വി മോഹൻകുമാർ എഴുതിയ ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൽ സമര ചരിത്രത്തിലെ സ്ത്രീകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഉഷ്ണരാശിയിൽ കാളി അരയത്തി എന്നൊരു കഥാപാത്രമുണ്ട്. വയലാർ അവാർഡ് നേടിയ നോവലിന്റെ പിറവിക്ക് പിന്നിൽ ആലപ്പുഴയിൽ കുട്ടിക്കാലത്ത് കണ്ട അവരുടെ കഥ മോഹൻകുമാർ പറഞ്ഞിട്ടുണ്ട്. പുന്നപ്ര‑വയലാർ സമരത്തിൽ മക്കളെ നഷ്ടപ്പെട്ടവരിലൊരാളാണ് കാളി അരയത്തിയെന്ന കാളിയമ്മ. സമരം കഴിഞ്ഞ് മാസങ്ങളോളം ആലപ്പുഴ കടപ്പുറത്ത്, കണ്ടവരോടെല്ലാം മക്കളായ കൃഷ്ണനെയും ഗോപാലനെയും അന്വേഷിക്കുമായിരുന്നു. രണ്ടുപേരും വെടിവെപ്പിൽ കൊല്ലപ്പെട്ടെന്ന സത്യം കാളിയമ്മയുടെ മനസുതകരുന്നതൊഴിവാക്കാൻ പറഞ്ഞിരുന്നില്ല. ഒടുവിൽ രണ്ട് പൊലീസുകാർ മക്കൾ കൊല്ലപ്പെട്ടെന്ന വിവരം കാളിയമ്മയെ അറിയിച്ചു. അതോടെയവർ മനസുതകർന്ന് മുഴുഭ്രാന്തിയായി.
പുന്നപ്ര വയലാർ സമരകാലത്തെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നോവലിനായുള്ള ഗവേഷണത്തിനിടെ മനസിലാക്കിയ കാര്യങ്ങൾ കെ വി മോഹൻകുമാർ നിരവധി അഭിമുഖങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. കുഞ്ഞച്ചൻ മുതലാളിയുടെ മർമ്മസ്ഥാനത്ത് കടിക്കുന്ന കൊച്ചുതങ്ക, തന്റെ പിൻഭാഗത്ത് പിടിച്ച ശൌരിയാരുടെ കൈക്കു വെട്ടുന്ന പട്ടാളക്കാരുടെ പീഡനത്തിനിടെയിൽ അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന പാപ്പി, വെട്ടയ്ക്കൽ കോച്ചയെ മുട്ടുകുത്തിച്ച കൊച്ചുനീലി, ചന്ദ്രപ്പന്റെ കയ്യിൽ നിന്നു കൊച്ചു പാറുവിനെ രക്ഷിക്കുന്ന കെമ്പി, പട്ടാളക്കാരുടെ ക്രൂര പീഢനത്തിനിരയായി ആത്മഹത്യ ചെയ്യുന്ന മാര, ഭർത്താവിന്റെ സംഘടനാ പ്രവർത്തനത്തിന് നിശബ്ദ പിന്തുണ നല്കുകയും അടിയന്തിരാവസ്ഥക്കാലത്ത് പൊ ലീസ് മർദനം എൽക്കേണ്ടിവരികയും ചെയ്യുന്ന മാലിനി ടീച്ചർ ഇവരൊന്നും പ്രത്യക്ഷത്തിൽ സമരത്തിന്റെ ഭാഗമല്ല. മറിച്ച് ചരിത്ര നിർമ്മാണത്തിലെ നിശബ്ദ പങ്കാളികളാണ്. അതുകൊണ്ടു തന്നെ പുന്നപ്ര വയലാർ സമരം കമ്മ്യൂണിസ്റ്റ് കർഷക സമരം മാത്രമല്ല. അത് സ്ത്രീകളുടെയും കീഴാളരുടെയും സമരവും കൂടെയാണ്.
അന്നത്തെ വനിതാ സംഘടനയായ മഹിളാ സംഘമായിരുന്നു ആശയപ്രചാരണത്തിനും സംഘാടനത്തിനും മുന്നിൽ പ്രവർത്തിച്ചത്. പടപ്പാട്ടുകൾ തിരുവാതിരക്കളിയായി ചിട്ടപ്പെടുത്തുമായിരുന്ന കാളിക്കുട്ടി ആശാട്ടിയും കെ മീനാക്ഷിയും ദേവയാനിയുമെല്ലാം വിമോചന ആശയ പ്രചാരണത്തിനായി തിരുവാതിരയെ ഉപയോഗിക്കുന്നതിൽ സജീവമായി. ജീവിച്ചിരിക്കുന്ന വിപ്ലവഗായിക പി കെ മേദിനി തിരുനക്കര മെെതാനത്ത് പാട്ടുപാടിയതിന് അക്കാലത്ത് അറസ്റ്റുവരിച്ചു. അനസൂയയും ഗായകസംഘത്തിലുണ്ടായിരുന്നു. കെ മീനാക്ഷി, ഗോമതി, ഏലിയാമ്മ, കെ കെ കമലാക്ഷി എന്നീ തൊഴിലാളി സ്ത്രീകൾ സമരങ്ങളിൽ സജീവമായവരാണ്. കയർതൊഴിലാളിയായിരുന്ന ഏലിയാമ്മ പെണ്ണ് ചെറുത്തുനില്പിന്റെ ഉജ്വല മാതൃകകളിലൊന്നാണ്. പൊലീസുകാർ വീടുകൾ തോറും കയറിയിറങ്ങി സ്ത്രീകളെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. വീട്ടിൽ കയറിവന്ന് കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരനെ തേങ്ങ പൊതിക്കുന്ന പാരകൊണ്ട് അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു ഏലിയാമ്മ. സ്ത്രീ സാന്നിധ്യത്തിന്റെ കാര്യത്തിൽ എടുത്തുപറയേണ്ടത് ക്യാമ്പുകളുടെ നടത്തിപ്പിൽ സ്ത്രീകൾ വഹിച്ച പങ്കാണ്. കെ വി പത്രോസിന്റെ അമ്മ അന്ന റോസ സഹനത്തിന്റെ മാതൃകയായി മാറുകയായിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിലും അയൽവീടുകളിൽനിന്ന് അരിയോ ഭക്ഷണസാധനങ്ങളേതെങ്കിലുമോ കടം വാങ്ങിവന്ന് സമരസഖാക്കൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുമായിരുന്നു അവർ. അങ്ങനെ പട്ടിണി കിടന്നും സമരസഖാക്കൾക്ക് ഭക്ഷണം നൽകിയ അമ്മമാരും പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്. ചേർത്തല ഭാഗത്തെ കിഴക്കേ തെക്കാളിയിൽ നാരായണിയമ്മ ‘മദർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാക്കളെ സഹായിക്കുന്നവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാലത്ത് ഒളിത്താവളം ഏർപ്പെടുത്തുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. ആലപ്പുഴ ജില്ലയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ ഭെെമി സദാശിവന്റെ പേരും എടുത്തു പറയേണ്ടതാണ്.
ചേർത്തല താലൂക്കിൽ പല ഭാഗത്തും പൊലീസിന്റെയും ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിൽ ആളുകൾക്ക് സ്വന്തം വീടുകളിൽ കഴിയാൻ പറ്റുമായിരുന്നില്ല. പുരുഷന്മാരെല്ലാം ഒളിവിൽ പോകാൻ നിർബന്ധിതരായി. വീടുകളൊക്കെ തല്ലിത്തകർക്കുന്നതിന് വർഗീയശക്തികൾ നിരന്തരം ശ്രമിച്ചിട്ടും തകരാത്ത ആധുനികകേരളം പിറവിയെടുത്തത് സ്ത്രീ സഹനത്തിന്റെയും മനക്കരുത്തിന്റെയും കൂടി പിൻബലത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.