തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ വരുന്നത് ആഗോളതലത്തില്‍ത്തന്നെ കൗതുകകരമായ കാഴ്ചയായി മാറുന്നുണ്ട്. ഇതൊരു വെറും കൗതുകമായി കാണുന്ന രീതിയില്‍ത്തന്നെ കാര്യമായ കുഴപ്പമുണ്ടെന്നാണ് കരുതേണ്ടത്. സ്ത്രീയുടെ പദവിയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളും ഈ കാഴ്ചകള്‍ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട ഇരുണ്ടകാലത്ത് സ്ത്രീ, ഇത്തരത്തില്‍ കെെക്കുഞ്ഞുമായി പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍ വീട്ടകങ്ങളില്‍ മാത്രമാണ് കണ്ടിരുന്നത്. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ ഇവയൊക്കെ സ്ത്രീകളുടെ ജെെവപരമായ ഒരു പ്രക്രിയയല്ലേ? അവിടെയൊക്കെ സ്ത്രീ-പുരുഷതുലനം വേണമെന്നൊക്കെയുള്ള വാദങ്ങള്‍ ബാലിശവും യുക്തിക്ക് നിരക്കാത്തതുമാണെന്ന വിശകലനം സമൂഹത്തില്‍ രൂഢമൂലമാണ്. അതുകൊണ്ട് വിദ്യാഭ്യാസവും തൊഴിലുമൊക്കെ നേടിയ സ്ത്രീകള്‍ പൊതുവിടത്തില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമായ ഒരു സ്ത്രീചര്യ മാത്രമാണെന്നും അവിടെ ആണധികാരഗര്‍വും പുരുഷാധിപത്യ ആരോപണവും നടത്തുന്നത് ബാലിശമാണെന്നുമാണ് ഇക്കൂട്ടരുടെ വാദം.
വീട്ടിടങ്ങളിലെ സ്ത്രീജീവിതത്തിന്റെ ഒരു തുടര്‍ച്ച മാത്രമായി ഇത്തരം കാഴ്ചകളെ പരിമിതപ്പെടുത്തി മാതൃത്വം ആഘോഷിക്കപ്പെടുന്നു എന്ന് സാരം. ഒരു പടികൂടി കടന്ന് ഇത് സ്ത്രീയുടെ ധര്‍മ്മമായും കര്‍മ്മമായും വരെ സനാതന വര്‍ണാശ്രമബോധം പറഞ്ഞുവയ്ക്കുന്നുമുണ്ട്. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം. ആധുനിക സമൂഹത്തില്‍ സ്ത്രീ തങ്ങളുടെ ഇടങ്ങള്‍ വിപുലമാക്കാന്‍ തുടങ്ങിയതോടെ ഗാര്‍ഹിക‑തൊഴില്‍ മേ ഖലകളില്‍ അവള്‍ വീടുകളില്‍ ചെയ്യേണ്ടതെന്ന് നൂറ്റാണ്ടുകളായി അവികസിതസമൂഹം തീര്‍പ്പുകല്പിച്ച് നല്‍കിയ എ ല്ലാ കാര്യങ്ങളും അവളുടെ സൗകര്യാര്‍ത്ഥം സാങ്കേതികമായും ഘടനാപരമായും നവീകരിക്കപ്പെടുകയാണുണ്ടായത്. ആട്ടുകല്ല്, അരകല്ല്, വിറകടുപ്പ്, അലക്കുകല്ല്, വീട്ടുജോലിയിലെ പണിയായുധങ്ങള്‍, എന്തിന് ആര്‍ത്ത വ, ഗര്‍ഭധാരണ പ്ര ക്രിയവരെ ഈ നവീകരണത്തില്‍പ്പെടുന്നുണ്ട്.
അടുക്കള, സ്ത്രെെണപരമായ അവസ്ഥകളൊക്കെത്തന്നെ പുരുഷന്റെ സ്വതന്ത്രലോകത്തെ അലോസരപ്പെടുത്താതെ അതിവിദഗ്ധമായി പരിഷ്കരിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വാഷിങ് മെഷീന്‍ വാങ്ങാന്‍ കടയിലെത്തിയ ദമ്പതികളോട് വില്പനക്കാരന്‍ ചോദിക്കുന്നു ഏത് മോഡല്‍ വേണമെന്ന്. അതിന് ഭര്‍ത്താവ് പറഞ്ഞ മറുപടി അതൊക്കെ ഭാര്യയുടെ വകുപ്പാണ്, അങ്ങോട്ട് ചോദിച്ചാല്‍ മതിയെന്ന്. ആ മറുപടി ഭാര്യയെ സന്തോഷിപ്പിക്കുമെന്ന് കരുതുമ്പോഴും അതിലെ അഹങ്കാരം ഭര്‍ത്താവിന്റെ ചിരിയില്‍ കാണുകയുണ്ടായി. അതുകണ്ട് തന്റെ നേരെ തിരിഞ്ഞ സെ യില്‍സ്‌മാനോട് ഭാര്യ ചോദിച്ചു ആ ണ്‍പെണ്‍ വ്യത്യാ സമില്ലാത്ത ബ്രാ ന്‍ഡ് ഏതുണ്ട് എന്ന്? ഒരു സ്വിച്ചിട്ട് ഞങ്ങള്‍ നിങ്ങള്‍ക്ക് ജോലിഭാരം കുറച്ചുതന്നില്ലേ? ഇനിയെന്തുവേണം എന്ന ചോദ്യം നൂറാവര്‍ത്തി സ്ത്രീകള്‍ ഇതിനകം കേട്ടുകഴിഞ്ഞിട്ടുണ്ട്. സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പുരുഷനാണ് നടത്തുന്നത്. പരസ്യക്കമ്പനികള്‍ പുഞ്ചിരിക്കുന്ന അല്ലെങ്കില്‍ അര്‍ധനഗ്നകളായ സ്ത്രീകളുടെ ഫോട്ടോകളും വിവരണവും നല്‍കി മാര്‍ക്കറ്റ് ചെയ്യുന്നു. പുരുഷനും ഹാപ്പി, കമ്പനികളും ഹാപ്പി. സ്വിച്ചിടും മുമ്പ് കറികള്‍ക്ക് അരയ്ക്കാനാണെങ്കില്‍ തേങ്ങ ചിരവണം, വറുക്കണമെങ്കില്‍ അതും വേണം (തേങ്ങ പൊതിച്ച് കടകളില്‍ തരുന്നില്ലേ പിന്നെന്താ?). മുഷിഞ്ഞ തുണികള്‍ വീട്ടിലാകെ ചിതറിക്കിടക്കുന്നത് ശേഖരിച്ച് വാഷിങ് മെഷിനിലിട്ട് കഴുകിവിരിച്ച് ഉണക്കിമടക്കി തേച്ചെടുക്കണം. വെറുതെയൊരു സ്വിച്ച് കൊടുത്ത് സ്ത്രീയുടെ ജോലിഭാരം കുറയ്ക്കുന്ന വിദ്യകള്‍ വിവരിക്കാന്‍ നിന്നാല്‍ ഒരുപാടുണ്ട്.
ഇവിടെ കാതലായി ഉയരേണ്ട ചോദ്യം സമൂഹത്തിലെ സ്ത്രീയുടെ പദവിയെക്കുറിച്ച് തന്നെയാണ്. നിര്‍ധനരായ സ്ത്രീകള്‍ തൊട്ട് വരുമാനമുള്ളവര്‍ വരെയുള്ള സ്ത്രീകള്‍ നേരിടുന്ന ഇരട്ടി ജോലിഭാരവും അതിന്റെ സ്വഭാവവും മനസിലാക്കാതെ, അംഗീകരിച്ച് തിരുത്താതെ, പൊതുവിടങ്ങളിലെ കുഞ്ഞുമായുള്ള സ്ത്രീചിത്രങ്ങള്‍ ആഘോഷമാക്കുന്നത് വ്യക്തി എന്ന നിലയിലുള്ള സ്ത്രീയോടുള്ള വെല്ലുവിളി തന്നെയാണ്. സ്ത്രീയും പുരുഷനും കൂട്ടുത്തരവാദിത്തത്തോടെ ജീവിതം പങ്കിടണമെങ്കില്‍ പൊതുബോധവും സാമൂഹ്യനീതിബോധവും ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ നടന്‍ അലന്‍സിയര്‍ പ്രകടിപ്പിച്ച വികാരം ഇതിന്റെയൊക്കെ അനന്തരഫലങ്ങളില്‍ ഒന്നുമാത്രമാണ്. പക്ഷേ അത് കേട്ടിട്ടും കയ്യടിക്കാത്ത ആ സദസ് പ്രതീക്ഷ നല്‍കുന്നു. സ്ത്രീ, ശരീരം മാത്രമല്ലെന്ന് ഉള്ളില്‍ എന്തുണ്ടെങ്കിലും പൊതുവേദിയില്‍ അത് പ്രകടിപ്പിക്കാതെ നിശബ്ദമായ സദസ് ഒരു ചൂണ്ടുപലകയാണ്. അത്രയും നന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.