ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സദാചാര പൊലീസ് അറസ്റ്റ്ചെയ്ത മഹ്സഅമിനിയുടെ കസ്റ്റഡി മരണം രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ശിരോവസ്ത്ര നിയമവും മറ്റ് ഇസ്‌ലാമിക നിയമങ്ങളും നടപ്പാക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ പെട്രോളിങ് നടത്തുന്ന സദാചാര പൊലീസ് അമിനിയെ അറസ്റ്റ്ചെയ്ത് മർദ്ദിക്കുകയായിരുന്നു. ശിരോവസ്ത്രമായ ഹിജാബിനെക്കുറിച്ചുള്ള ബോധവല്ക്കരണത്തിനാണ് അറസ്റ്റ് ചെയ്യുക മാത്രമായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഇതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരിക്കുന്നു.
1979ലെ ഇസ്‌ലാമിക വിപ്ലവം മുതൽ സ്ത്രീകൾ തലയും കഴുത്തും മുടിയുംമറയ്ക്കാൻ നിയമം അനുശാസിക്കുന്നു. എന്നാൽ തലസ്ഥാനമായ ടെഹ്റാനിലും ഇറാനിലെ മറ്റ് നഗരങ്ങളിലും കൂടുതൽ സ്ത്രീകൾ പ്രതിഷേധമായി ശിരോവസ്ത്രം ബഹിഷ്കരിച്ച് രംഗത്തു വന്നിരുന്നു. ഹിജാബ് നിയമങ്ങൾ അംഗീകരിക്കാത്ത നിലപാടെടുത്തു. സമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തി. 2017 ഡിസംബറിൽ നിർബന്ധിത ശിരോവസ്ത്രത്തിനെതിരെയുള്ള സമരത്തിന് ടെഹ്റാനിലെ റെവല്യൂഷൻ സ്ട്രീറ്റിൽ വിദമോവാഹൈദ് എന്ന യുവതി നേതൃത്വം നൽകിയത് അന്ന് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ഈ വർഷം ജൂലൈ 12ന് ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ കലണ്ടറിലെ ഹിജാബും ചരിത്രദിനവും എന്നതിനെതിരെ രംഗത്തുവന്നു. അതായത് നിർബന്ധിത ശിരോവസ്ത്രത്തിനെതിരായ ദേശീയ നിയമലംഘന പ്രചരണത്തിൽ മറ്റൊരു കൂട്ടം സത്രീകളും പങ്കെടുത്തു.
1979ലെ വിപ്ലവത്തിൽ പങ്കെടുത്തിട്ടില്ലാത്ത പല സ്ത്രീകളും ഉണ്ട്. അവരും ദുരിതം പേറുകയാണ്. ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് പിഴയും ജയിൽശിക്ഷയും അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ സാന്നിധ്യത്താൽ ആയിരക്കണക്കിന് ഇസ്‌ലാമിസ്റ്റ് യുവതികൾ ഇടതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളിൽ ചേർന്നിരിക്കുന്നു.
ഇറാനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിദേശ പത്രപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ അയത്തുള്ള ഖൊമേനി വിപ്ലവത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രശംസിച്ചു. എന്നിരുന്നാലും നേരത്തെ മുഹമ്മദ് റെസഷാ പഹ് ലവിയുടെ ധവള വിപ്ലവത്തിനെതിരെ ഖൊമേനി ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. അതിൽ പ്രധാനമായിരുന്നു ഇറാനിയൻ പൊതു ഇടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, പ്രത്യേകിച്ച് 1906–1911 ലെ ഭരണഘടനാ വിപ്ലവകാലത്ത്, പുരോഗമന ഇറാനിയൻ സ്ത്രീകൾ സ്കൂൾ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും അഭിപ്രായ പ്രകടനത്തിനുള്ള അവകാശവും ആവശ്യപ്പെട്ടു. 1978ൽ മുഹമ്മദ് റെസഷാ പഹ്‌ലവിയുടെ ഭരണം അവസാനിക്കുന്നതിനുമുമ്പ് ഇറാനിയൻ സർവകലാശാലകളിലെ വിദ്യാർത്ഥികളില്‍ മുപ്പതു ശതമാനവും സ്ത്രീകളായിരുന്നു.
1979ൽ നിരവധി ഇറാനിയൻ വിദ്യാർത്ഥികൾ സമൂലമായ പരിഷ്കരണത്തിന്റെ പാതയിൽ ആകൃഷ്ടരായി. എന്നാൽ അലി ശരിയാത്തിയെപ്പോലുള്ള മതബുദ്ധിജീവികളുടെ സ്വാധീനത്തിൽ രാജ്യത്തിന്റെ പൊതു ഇടങ്ങളിലെ ലിംഗഭേദം അംഗീകരിക്കേണ്ടിവന്നു. 1979 മാർച്ചിൽ ജോലിസ്ഥലത്ത് മൂടുപടം ധരിക്കണം എന്ന പുതിയ ഇസ്‌ലാമിക നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം, ഇറാന്റെ തലസ്ഥാനത്തും മറ്റ് പ്രധാന നഗരങ്ങളിലും വൻ പ്രകടനങ്ങൾ നടന്നു. ഞങ്ങൾ വിപ്ലവം നടത്തിയത് പിന്നോട്ട് പോകാനല്ല എന്ന മുദ്രാവാക്യം വിളിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പ്രകടനക്കാരെ സൈനികർ ആക്രമിക്കുകയും പരിക്കേല്പിക്കുകയും ചെയ്തു. മതേതര പ്രതിപക്ഷ ഗ്രൂപ്പുകൾപോലും അവരെ പിന്തുണച്ചില്ല. അതിനാൽ നിർബന്ധിത ശിരോവസ്ത്രധാരണം ഏർപ്പെടുത്തി.
പഹ്‌ലവിയുടെ ഭരണകാലത്ത് കൊണ്ടുവന്ന സ്ത്രീകൾക്ക് നൽകിയ സ്വാതന്ത്ര്യങ്ങൾ ഇസ്‌ലാമിക റിപ്പബ്ലിക്ക് നിർത്തലാക്കി. ബഹുഭാര്യാത്വം നിയന്ത്രിച്ചും വിവാഹ പ്രായം 18 ആക്കിയതും ഉൾപ്പെടെയുള്ള പഹ്‌ലവിയുടെ കാലഘട്ടത്തിലെ നിയമങ്ങൾ നിർത്തലാക്കി. 1989ൽ ഖൊമേനിയുടെ മരണത്തിനും ഇറാനുമായുള്ള എട്ട് വർഷത്തെ യുദ്ധത്തിനു ശേഷം പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സ്ത്രീകൾക്കിടയിൽ പുതിയ പ്രത്യയശാസ്ത്ര ധാരകൾ ഉയർന്നുവന്നു. 1990കളിലെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ ചില പ്രത്യയശാസ്ത്ര ചട്ടക്കൂടിനെതിരെ പരിഷ്കരണവാദികളായ സ്ത്രീകൾ ഉറച്ചുനിന്നു. എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ പുതിയ ആവശ്യങ്ങളുമായി അല്ലെങ്കിൽ പുത്തൻമുദ്രാവാക്യങ്ങളുടെ സന്ദേശമായി ഒരു പുതിയതലമുറ തന്നെ രംഗത്തുവന്നു.
2006ൽ ഇറാനിലെ സ്ത്രീകൾക്കെതിരായ എല്ലാ വിവേചനപരമായ നിയമങ്ങളും റദ്ദാക്കുന്നതിന് ഒരു ലക്ഷം ഒപ്പുകളുമായി എത്തിയത് പുതിയ തലമുറയിലെ പ്രവർത്തകരായിരുന്നു. 2009ൽ എസ്‌ഫഹാനിലെ തെരുവുകളിൽ സ്ത്രീകളുടെ ചെറുത്തുനില്പ് പ്രസ്ഥാനത്തിനു നേരേയുണ്ടായ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ, 2009ൽ തെരഞ്ഞെടുപ്പ് തട്ടിപ്പുകൾക്കെതിരായ ഗ്രീൻ മൂവ്മെന്റ് എന്നിവയും 2014ൽ സ്ത്രീകളുടെ ചെറുത്തുനില്പ് പ്രസ്ഥാനം എന്നിവയും ഇറാനിൽ സാമൂഹ്യവും രാഷ്ട്രീയവുമായി സ്വാധീനം ചെലുത്തി. രാജ്യത്തെ പൊതു-സ്വകാര്യമണ്ഡലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളെ ചെറുക്കാൻ അധികാരികൾ ഒരുമുൻകയ്യും എടുത്തിട്ടില്ലെന്ന് സമീപകാല റിപ്പോർട്ടുകളിലൊന്നായ ആംനസ്റ്റി ഇന്റർ നാഷണൽ അഭിപ്രായപ്പെടുന്നത്. ഇറാനിലെ സമസ്ത മേഖലകളിലും സ്ത്രീകൾ ഉണ്ടായിരുന്നതായിട്ടാണ് സമീപകാല ചരിത്രം കാണിച്ചുതരുന്നത്. തങ്ങളുടെ രാജ്യത്തിന്റെ പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിലും ഇറാനിയൻ പൊതുമണ്ഡലത്തിന്റെ മാറ്റങ്ങൾക്കും അവർ നൽകിയ സംഭാവനകൾ ഏറെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.