26 July 2024, Friday
KSFE Galaxy Chits Banner 2

Related news

May 27, 2024
March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024
December 1, 2023

കാലം സാക്ഷി; ഓര്‍മ്മകളുടെ പ്രഭാപൂരത്തില്‍ ‘ജനയുഗം’ പ്ലാറ്റിനം ജൂബിലിക്ക് തുടക്കം

സ്വന്തം ലേഖകന്‍
കൊല്ലം
January 22, 2024 10:10 pm

ജനാധിപത്യ മതേതര മൂല്യങ്ങളുടെ കാവലാളായി നിലകൊള്ളുന്ന ജനയുഗത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢോജ്വല തുടക്കം. കാലത്തിനൊപ്പം സഞ്ചരിച്ച് ചരിത്രം വിരചിച്ച ജനയുഗത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സ്വന്തം തട്ടകമായ കടപ്പാക്കടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ ഉന്നതശീര്‍ഷനായ കവി ശ്രീകുമാരന്‍ തമ്പി, കവി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായ ചടങ്ങില്‍ ജനയുഗം എക്സി. എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ എഡിറ്റ് ചെയ്ത ‘കാനം കനലോര്‍മ്മ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് അങ്കണത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയാണ് ജനയുഗം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായത്.

രാജ്യത്തെ സ്വന്തം താല്പര്യപ്രകാരം ചലിപ്പിക്കാന്‍ ദൈവത്തെയും മതത്തെയും വഴിമാറ്റി രാഷ്ട്രീയത്തെ മലീമസമാക്കുന്ന പശ്ചാത്തലത്തിലാണ് ജനയുഗം 75-ാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബിനോയ് വിശ്വം പറഞ്ഞു. അയോധ്യയില്‍ നടന്ന മാമാങ്കത്തില്‍ മോഡി പറഞ്ഞത് ശ്രീരാമന്‍ സമാധാനമാണ്, ശ്രീരാമന്‍ സംഘര്‍ഷമല്ല, ശ്രീരാമന്‍ എല്ലാറ്റിനും പരിഹാരമാണ് എന്നൊക്കെയാണ്. ശ്രീരാമനെ ചുറ്റിപ്പറ്റി ആര്‍എസ്എസ് രാജ്യത്തെമ്പാടും കാട്ടിക്കൂട്ടിയത് ഇത് പറയുന്ന ആള്‍ക്ക് അറിവില്ലെന്ന തരത്തിലാണ് ഇതൊക്കെ പറയുന്നത്. പണത്തിന്റെയും പ്രതാപത്തിന്റെയും അധികാരത്തിന്റെയും ശക്തികള്‍ എല്ലാറ്റിനെയും കൈവെള്ളയിലിട്ട് അമ്മാനമാടാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കത്തെ ചെറുക്കാനുള്ള തന്റേടവും ആര്‍ജവവും കാട്ടി ജനയുഗം എന്നും മുന്‍നിരയിലുണ്ടായിരുന്നു, നാളെയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ജനയുഗവുമായി തനിക്കുണ്ടായിരുന്നത് ആത്മബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ആദ്യത്തെ കാല്‍പ്പാടുകള്‍ ഒരിക്കലും വിസ്മരിക്കാത്തയാളാണ് താന്‍. ഏത് വഴി നടന്നു, ഏത് വഴി നടക്കാനായില്ല, ഏത് വഴിയെ വേഗത്തില്‍ നടന്നു എന്നുള്ള കാര്യങ്ങളിലെല്ലാം തനിക്ക് ഉത്തമ ബോധ്യമുണ്ട്. തന്റെ ഉയര്‍ച്ചയില്‍ ജനയുഗത്തിനെയും കാമ്പിശേരി കരുണാകരനെയും നന്ദിപൂര്‍വം സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ ആശംസ നേര്‍ന്നു. ‘ഫാത്തിമാ തുരുത്ത്’ എന്ന കവിതയും അദ്ദേഹം ആലപിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും ജനയുഗം കൊല്ലം റീജിയണല്‍ എഡിറ്റര്‍ പി എസ് സുരേഷ് നന്ദിയും പറഞ്ഞു. സിപിഐ ദേശീയ എക്സി. അംഗം അഡ്വ. കെ പ്രകാശ്ബാബു, സംസ്ഥാന എക്സി. അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, ആര്‍ രാജേന്ദ്രന്‍, ജനയുഗം സിഎംഡി എന്‍ രാജന്‍, എഡിറ്റര്‍ രാജാജി മാത്യു തോമസ്, എക്സി. എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇപ്റ്റ കലാകാരന്മാരുടെ സംഗീതവിരുന്നോടെയാണ് ചടങ്ങിന് തുടക്കമായത്.

Eng­lish Sum­ma­ry: ‘Jana Yuga’ begins its plat­inum jubilee

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.