ഉക്രെയ്‍നിലെ റഷ്യന്‍ സെെനിക നടപടിയില്‍ അപലപിച്ച് ലോകനേതാക്കള്‍. യുദ്ധനീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഉക്രെയ്‍നിലേക്ക് റഷ്യന്‍ സെെന്യത്തെ അയക്കരുതെന്നും സമാധാനത്തിനായി ഒരു അവസരം നല്‍കണമെന്നും ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. റഷ്യ ഉക്രെയ്ൻ ആക്രമിക്കുമെന്ന കിംവദന്തികൾ താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍ പ്രതികരിച്ചു. യുഎസും സഖ്യകക്ഷികളും ഇക്കാര്യത്തില്‍ ഐക്യത്തോടെ പ്രതികരിക്കും. പ്രകോപനരഹിതവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും ബൈഡന്‍ ആരോപിച്ചു. യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു. സഖ്യരാജ്യങ്ങളുമായി കൂടിയാലോചിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
സഖ്യകക്ഷികളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പ്രതികരിച്ചു. റഷ്യക്കെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് ജര്‍മ്മനിയും മുന്നറിയിപ്പ് നല്‍കി. ഉക്രെയ്‍നില്‍ നിന്ന് റഷ്യ സെെന്യത്തെ പിന്‍വലിക്കണമെന്നും ഉക്രെയ്‍നെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ പറഞ്ഞു. ഉക്രെയ്‍നിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ തയാറാണെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ അറിയിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍,ഇറ്റലി, ജപ്പാന്‍,ബെല്‍ജിയം,ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളും റഷ്യന്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി.
English summary; World powers condemn: sanctions
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.