30 December 2024, Monday
KSFE Galaxy Chits Banner 2

ഹ്രസ്വ സിനിമകളുടെ ലോകസഞ്ചാരം

അനിൽമാരാത്ത്
October 14, 2024 6:45 am

കൊച്ചുസിനിമകളിലൂടെ ലോകം കീഴടക്കുകയാണ് ഹ്രസ്വ സിനിമാ — ഡോക്യുമെന്ററി സംവിധായകൻ ജസീർ തെക്കേക്കര. ഏഴ് ഭൂഖണ്ഡങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതു പേരിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ മലയാളി ഹ്രസ്വ സിനിമാ സംവിധായകനാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഇതിനകം ഈ കലാകാരൻ സാന്നിധ്യമറിയിച്ചു. 2023 സപ്തംബറിൽ റോമിൽ നടന്ന ലോകോത്തര സിനിമാ പ്രവർത്തക കൂട്ടായ്മയിൽ സിനിമാ സംവിധാനം, നിർമ്മാണം എന്നിവയുടെ വർക്ക് ഷോപ്പുകളിൽ പങ്കെടുത്ത് ലോകത്തിലെ പ്രശസ്തമായ പത്ത് യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് സിനിമയുടെ നവീനതലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള അപൂർവ അവസരം സാധ്യമായി. പ്രശസ്തമായ സൺഡാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള അലൂമിനി വളന്റിയറാവാൻ സാധിച്ചു.
ജീവിതയാത്രയും കലാസപര്യയും തമ്മിലുള്ള ഏറ്റമുട്ടലിൽ പരാജയപ്പെട്ടുപോകുന്ന ഘട്ടങ്ങളിൽ സംശുദ്ധമായ കലയുടെ വിജയപതാക പതറാതെ ഉയർത്തിപ്പിടിച്ച്, നാടിന്റെ സമ്പന്നമായ കലാപാരമ്പര്യം ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന കലാകാരന്റെ ചലച്ചിത്രജീവിതവഴിയിലൂടെ… 

സിനിമ എന്ന മോഹം
**********************
ഓർമ്മവച്ചനാൾ സിനിമ അന്തർലീനമായിരുന്നു. സിനിമയെ അറിയാനുള്ള അന്വേഷണം ചെന്നെത്തിയത് തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ടി എ റസാഖ്, കമൽ, ഈരാളി, പദ്മകുമാർ, സലിം അഹമ്മദ് തുടങ്ങിയവരുടെ അടുത്ത്. ഇവരുമായുള്ള സൗഹൃദം, ആശയവിനിമയം സിനിമയിലേക്കുള്ള വാതിൽ തുറന്നിട്ടു. 

ഓപ്പർച്യൂണിറ്റി
**************
ലോകം കീഴടക്കിയ അഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഓപ്പർച്യൂനിറ്റി ഹ്രസ്വസിനിമ ഏഷ്യൻ വൻകരയും കടന്ന് യൂറോപ്യൻ രാഷ്ട്രങ്ങളും അമേരിക്കൻ ഐക്യനാടുകളിലുമെത്തി. ഒരു സംഭാഷണം പോലുമില്ലാതെ അഞ്ച് മിനുട്ടിൽ കുടിവെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുന്നതാണ് ഉള്ളടക്കം. ശുദ്ധജല പ്രശ്നം ലോകത്തിന്റെ മുഴുവൻ വിഷയമാണെന്നും അതിനെ തരണം ചെയ്യാൻ കുടിവെള്ളം ആവശ്യത്തിനു മാത്രമെ ഉപയോഗിക്കാവുമെന്നും ശിഷ്ടമുള്ളത് ഭൂമിക്ക് തന്നെ തിരിച്ചുനൽകണമെന്നുള്ള സന്ദേശമാണ് ചിത്രം പറയുന്നത്. കോഴിക്കോട് ‑മാറാടായിരുന്ന ചിത്രീകരണം. ഇതുവരെ കാമറയ്ക്ക് മുമ്പിൽ വന്നിട്ടില്ലാത്ത സാധാരണ മനുഷ്യരാണ് വേഷമിട്ടത്. പ്രകാശ് വേലായുധൻ കാമറയും യൂനസ് പട്ടാമ്പി സംഗീതവും കൈകാര്യം ചെയ്തു. പഞ്ചഭൂതപരമ്പരയിലെ ആദ്യചിത്രമായിരുന്നു ഇത്. 

ലോകസഞ്ചാരം
****************
അമേരിക്കയിലെ സെൻട്രൽ പോർട്ട് ലാൻഡ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കാണ് ഓപ്പർച്യൂണിറ്റിക്ക് ആദ്യപ്രവേശനം. പിന്നീട് യുക്രെയിനിലെ മൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം അമേരിക്കയിലെ മിയാമി എപ്പിക് ട്രെയിലർ ഫെസ്റ്റിവൽ, ഗ്രാൻഡ് ഇൻഡ്യാവൈസ് കൺവെൻഷൻ, സ്പെയിനിലെ രാജ്യാന്തര ചലച്ചിത്രോത്സവം, ബ്രസീലിലെ ഫിഫാ ഫിലിം ഫെസ്റ്റിവെൽ, ചൈനയിലെ സെക്കൻസ് ഏഷ്യാ രാജ്യാന്തര ഫിലിംഫെസ്റ്റിവൽ, ഇന്ത്യയിൽ മുംബൈയിലെ ഫെയ്സ്, ബാംഗ്ലൂരിലെ ലയൺ, രാജസ്ഥാനിലെ ബിക്കാനിർ എന്നീരാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചു. 

റിംഗ്
******
അഗ്നി ആസ്പദമാക്കി മതതീവ്രവാദത്തിന്റെ ദൂഷ്യവശങ്ങളെ തുറന്നു കാണിക്കാൻ ഇറാക്കിലെ ബാബിലോണിയ ഗവർണരുടെ നിർദ്ദേശപ്രകാരം അറബി ഭാഷയിലാണ് ചിത്രം നിർമ്മിച്ചത്. അമേരിക്കയിലെ കാലിഫോർണിയ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്തു. ഇറാക്ക് ഉൾപ്പെടെയുള്ള അറേബ്യയിലെ നിരവധി വേദികളിൽ പ്രദർശിപ്പിച്ചു. സംഗീത സംവിധായകൻ ആഷിർ വടകരയുടേതാണ് സ്ക്രിപ്റ്റ്. പ്രധാന വേഷം ചെയ്ത പ്രകാശ് വേലായുധനോടൊപ്പം അഭിനയിക്കുകയുമുണ്ടായി. 

ബ്രേത് ഹിയർ
**************
വായുസംരക്ഷണമാണ് പ്രധാന വിഷയം. മരങ്ങളും മനുഷ്യരും തമ്മിലുള്ള ശ്വസന പ്രക്രിയയാണ് പ്രതിപാദിച്ചത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും പൊലീസ് കമാണ്ടറുമായ ഐ എം വിജയനാണ് സംഭാഷണമില്ലാത്ത ഈ ചിത്രത്തിൽ
അഭിനയിച്ചത്. മൂകക്രിയേഷൻസ്, ബക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഷെയ്ക്ക് മുഹമ്മദ് മൂസയാണ് നിർമ്മിച്ചത്. യൂറോപ്പ് ഉൾപ്പെടെ എട്ടോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചു. 

വയലിൻ
*********
കുട്ടികളുടെ താല്പര്യം അവഗണിക്കുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പായിരുന്നു വിഷയം. അഭിരുചി മനസിലാക്കാതെ വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളെ തള്ളിവിടുമ്പോഴുള്ള നിസഹായതയും ജീവിതത്തിലേക്കുള്ള അവരുടെ മുഖംതിരിയിലുമാണ് പ്രമേയം.
അംന കമാലാണ് അഭിനയിച്ചത്. 

മലർ
****
വികസിതരാജ്യങ്ങളിൽ രാത്രികാലങ്ങളിലെ സ്ത്രീകളുടെ ദുരനുഭവങ്ങളും സ്ത്രീസുരക്ഷയുമാണ് പ്രമേയം. ബ്രസീലിലെ കോണിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ ആദ്യ പ്രദർശനം. ഒൻപതോളം രാജ്യാന്തര മേളകളിൽ മത്സരിച്ചു. പ്രശസ്ത സൂപ്പർ മോഡലായ നേഹ റോസ് ആണ് പ്രധാന വേഷം ചെയ്തത്. 

പാസം
********
രക്ഷാകർത്താകളിൽ നിന്നും വാത്സല്യംലഭിക്കാത്ത കുട്ടികളുടെ മാനവികാവസ്ഥ പരിഹരിക്കുന്നതിൽ അധ്യാപകരുടെ ഉത്തരവാദിത്തമാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്.
സമൂഹത്തിന്റെ ശക്തി കുട്ടികളാണെന്നും അവരെ വർണകളുടെയും സ്നേഹത്തിന്റെയും വഴിയിൽ കൊണ്ടുപോകണമെന്നുള്ളതാണ് സന്ദേശം. കൗമുദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്തു. മാസ്റ്റർ അയാൻ എന്ന പുതുമുഖ ബാലതാരമാണ് അഭിനേതാവ്

ഡോക്യുമെന്ററികൾ
********************
സൂഫിസം ഡൽഹിയിലെ ഹസറത്ത് നിസാമുദ്ധീൻ ഔലിദർഗ് കേന്ദ്രീകരിച്ച് 870 വർഷം മുമ്പ് ജീവിച്ച മുസ്ലിം മഹർഷിയെ ആസ്പദമാക്കിയുള്ളതാണ്. സൂഫിസവും, സാഹോദര്യം, സഹജീവി സ്നേഹം എന്നതാണ് വിഷയം. വേൾഡ് സൂഫി കൗൺസിലിന്റെ സഹകരണത്തോടെയാണ് നിർമ്മാണം. ഫ്രഞ്ച് കൾച്ചറുമായി സഹകരിച്ച് യുറോപ്പിലുടനീളം ഫിസിക്കൽ സ്ക്രീനിങ് നടത്തികൊണ്ടിരിക്കുന്നു.
മാലീരി ക്ഷേത്രം: കേരളത്തിലെ കാവുകളെയും അനുബന്ധ അനുഷ്ഠാനങ്ങളെയും ജനങ്ങളിൽ എത്തിക്കുക എന്ന ആദ്യ ശ്രമത്തിന്റെ ഭാഗമായി മാലീരി ഭഗവതി ക്ഷേത്രത്തെ പശ്ചാത്തലമാക്കിയും ഡോക്യുമെന്ററി ചെയ്തു. 

ഇറാഖ് യാത്ര
*************
2016ലായിരുന്നു ചലച്ചിത്രോത്സവത്തിന് ഇറാഖിലേക്ക് ക്ഷണം. ഡൽഹിയിൽ നിന്ന് ബാഗ്ദാദിലേക്ക് എയർ ടിക്കറ്റ്. ഡൽഹി എയർ പോട്ടിൽ ഉദ്യോഗസ്ഥർ തടഞ്ഞു. ഇറാഖ് യുദ്ധം നടക്കുന്ന കാലം. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കുകൊണ്ടോ പേരിന്റെ മതചിഹ്നമോ ആവാം തടയാൻ കാരണം. രേഖകളെല്ലാം ബോധ്യമായിട്ടും യാത്ര നിഷേധിച്ചു. ബഹളം വെച്ചപ്പോൾ എമിഗ്രേഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഇടപെട്ടു. യാത്രാ ഉദ്ദേശം തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം ഹസ്തദാനം നല്കി ആശംസകൾ നേർന്നു. യാത്രാനുമതിയും ലഭിച്ചു. ഇറാഖിൽ ഔദ്യോഗിക ബഹുമതികളോടെ ആദരപൂർവ്വം സ്വീകരിച്ചു. പിന്നീട് പത്തുനാൾ ലോ കോത്തര ചലച്ചിത്രപ്രവർത്തകരുടെ കൂടെ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവം. 

പുരസ്കാരം
**********
ഇറ്റലിയിലെ വിയന്ന യൂണിവേഴ്സിറ്റിയുടെ വിഷൻ ഏരിയ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രോത്തിൽ ഓപ്പർച്യുണിറ്റി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. 500 യൂറോ (50, 000 രൂപ)ആയിരുന്നു സമ്മാന തുക. കേരള ചലച്ചിത്ര അക്കാദമിയുടെ ആദരവ് ലഭിച്ചു. ലോക ക്രിസ്ത്യൻ റൈറ്റേഴ്സ് യൂണിയൻ ഡി പ്ലസി, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റ ‑ലയൺസ് ക്ലബ് എന്നിവയുടെ പുരസ്കാരങ്ങൾ ലഭിച്ചു. ഡൽഹിയിലെ സന്യാസി സമൂഹമായ നമോ ഗംഗേയുടെ ആദരവും സാക്ഷ്യപത്രവും ലഭിച്ചു. 

പ്രവാസം
***********
സിനിമാകഥ പോലെയാണ് ജീവിത സാഹചര്യം. പതിനെട്ടാം വയസിൽ ഗൾഫിലേക്ക് പറന്നു. ദുബായിൽ ട്രക്ക് ലോറി ഡ്രൈവറായിരുന്നു. ഒരു ഭാഗത്ത് കഠിനമായ ജോലിഭാരം. മറുഭാഗത്ത് സിനിമയെന്ന സ്വപ്നം. മുന്നോട്ടു പോകാൻ കഴിയാത്ത അസ്ഥയിൽ നാട്ടിലേക്ക് തിരിച്ചു. 

പരാജയപ്പെട്ട സംരംഭം
**********************
പ്രകൃതിസ്നേഹിയായതു കൊണ്ടാണ് അതുമായി ബന്ധപ്പെട്ട പദ്ധതി ആവിഷ്കരിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉത്പാദിപ്പിക്കലായിരുന്നു ആശയം. ഇതിനാവശ്യമായ റോ മെറ്റീരിയൽ ശേഖരിക്കാൻ കോഴിക്കോട് കോർപ്പറേഷനെ സമീപിച്ചെങ്കിലും നിരസിച്ചു. അന്നത്തെ ജില്ലാ കളക്ടറുടെ ഇടപെടലോടെ ജില്ലാപഞ്ചായത്ത് അനുമതി നല്കി. ഇതിന്റെ ഭാഗമായാണ് മാസ് ആക്ഷൻ ഫോർ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പലരിൽനിന്നും പണം സ്വരൂപിച്ച് ആരംഭിച്ച പദ്ധതി
നഷ്ടത്തിൽ കലാശിച്ചു. 

കാഴ്ചപ്പാട്
*********
ഭൂമിയിലുള്ള സകലചരാചരങ്ങളും തുല്യരാണെന്നും എല്ലാറ്റിനും പ്രാഥമിക അവകാശമുണ്ടെന്നും സ്നേഹം സാഹോദര്യം തുടങ്ങിയ മത രാഷ്ട്രീയ വേലിക്കെട്ടിനകത്തുനിന്ന് സർവരിലേക്കും വ്യാപിക്കേണ്ടതാണെന്നതാണ് വിശ്വാസം. താൻ പട്ടിണി കിടന്നാലും തന്റെ സഹോദരൻ പട്ടിണി കിടക്കാൻ പാടില്ല. മരണത്തിലേക്കുള്ള ഒരു യാത്രയാണ് ജീവിതമെന്ന സത്യം എപ്പോഴും ബോധ്യവുമുണ്ട്. 

പദ്ധതികൾ
************
പട്ടിണിയും അതിൽ ലോകഇടപെടലുകളും പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി അടുത്ത മാസം മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കും. എ ഡി 800 കാലഘട്ടത്തിൽ ഈസ്റ്റ് ഏഷ്യൻ ഭൂഖണ്ഡത്തിലുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ചലച്ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ചിത്രീകരണ നടപടികൾ പുരോഗമിക്കുന്നു. 

ഇപ്റ്റയോടൊപ്പം
*****************
മഹത്തായ കലാപാരമ്പര്യമുള്ള ഇന്ത്യൻപീപ്പിൾസ് തിയേറ്റർ അസോസിയേഷൻ — ഇപ്റ്റയുടെ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. സിനിമായാത്രക്കിടയിലും കോഴിക്കോട് ജില്ലാകമ്മിറ്റി മെമ്പർ, രാമനാട്ടുകര യൂണിറ്റ് സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളോട് നീതി പുലർത്തുന്നു. 

കുടുംബം
*********
അബൂബക്കർ — ഫാത്തിമ ദമ്പതികളുടെ മകനായി കോഴിക്കോട്ട് ജനനം. മീഞ്ചന്ത എൻഎസ്എസ് സ്കൂൾ, ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്‍ഡറി സ്കൂൾ, ചെന്നൈ ഐഐടി എന്നിവടങ്ങളിൽ വിദ്യാഭ്യാസം. ജംഷീനയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീസ് തെക്കേക്കര മകനുമാണ്.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.