15 November 2024, Friday
KSFE Galaxy Chits Banner 2

സപ്പോരീഷ്യ ആണവ നിലയം അടച്ചുപൂട്ടി

Janayugom Webdesk
കീവ്
September 11, 2022 10:06 pm

റഷ്യന്‍ നിയന്ത്രണത്തിലുള്ള സപ്പോരീഷ്യ ആണവ നിലയം അടച്ചുപൂട്ടി. നിലയത്തിലെ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാന റിയാക്ടറും സുരക്ഷാ കാരണങ്ങളാല്‍ ഊര്‍ജ ശൃംഖലയില്‍ നിന്ന് വിച്ഛേദിച്ചതായി ഉക്രെയ്‌ന്‍ ഊര്‍ജദാതാക്കളായ എനര്‍ഗോട്ടം അറിയിച്ചു. റിയാക്ടറിന്റെ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എനര്‍ഗോട്ടം പ്രസ്താവനയില്‍ പറഞ്ഞു. വെെദ്യുതി ലെെനുകളിലൊന്ന് പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് നിലയം അടച്ചുപൂട്ടാന്‍ എനര്‍ഗോട്ടം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ആറ് റിയാക്ടറുകളുള്ള സപ്പോരീഷ്യ ആണവ നിലയം തുടര്‍ച്ചയായ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഉക്രെയ്‍ന്‍ ഊര്‍ജ ശൃംഖലയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടിരുന്നു. പ്രവര്‍ത്തനക്ഷമമായ ഒരു റിയാക്ടര്‍ നിലയത്തിലെ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഉപയോഗിച്ചിരുന്നത്.

ബാഹ്യ വെെദ്യുതി ലെെനുകള്‍ വീണ്ടും വിച്ഛേദിക്കാന്‍ സാധ്യതയുള്ളതായും എനര്‍ഗോട്ടം പറയുന്നു. ഈ സാഹചര്യത്തില്‍ റിയാക്ടറുകള്‍ തണുപ്പിക്കാന്‍ അടിയന്തര ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരും. 10 ദിവസത്തേക്കുള്ള ഡീസല്‍ മാത്രമേ നിലയത്തില്‍ അവശേഷിക്കുന്നുള്ളുവെന്ന് എനര്‍ഗോട്ടം മേധാവി പറഞ്ഞു. നിലയത്തിലേക്കുള്ള വെെദ്യുത ബന്ധം നിരവധി തവണ വിച്ഛേദിക്കപ്പെട്ടതായി ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. ആണവ നിലയത്തിനു സമീപം ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗുരുതരമായ അപകടമാണ് അഭിമുഖീകരിക്കുന്നതെന്നും ഗ്രോസി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലയത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ കണ്ടെത്തിയതായും ഏജന്‍സി യുഎന്‍ സുരക്ഷാ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റാഫേൽ ഗ്രോസിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് നിലയത്തില്‍ പരിശോധന നടത്തിയത്.

നിലയത്തിന്റെ ഭൗതിക സമഗ്രത നിരവധി തവണ ലംഘിക്കപ്പെട്ടതായും ഏജന്‍സി കണ്ടെത്തിയിരുന്നു. സപ്പോരീഷ്യ ആണവ നിലയത്തിനു സമീപം ഷെല്ലാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആണവ വികിരണ ഭീതി നിലനില്‍ക്കുന്നുണ്ട്. റിയാക്ടറുകള്‍ക്ക് കേടുപാട് സംഭവിച്ച് വികിരണത്തിന് സംഭവിച്ചേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രാന്‍സ്മിഷന്‍ ലെെനുകളിലൊന്നില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിലയത്തിലേക്കുള്ള വെെദ്യുതി വിച്ഛേദിച്ചതും വികിരണത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിരുന്നു. നിലയത്തിനു സമീപമുള്ള ഷെല്ലാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഉക്രെയ്‍നും റഷ്യയും തയാറായിരുന്നില്ല. റഷ്യ ആണവ നിലയത്തില്‍ സെെന്യവും ആയുധങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് ഉക്രെയ്‍ന്റെ ആരോപണം. നിലയത്തില്‍ നിന്ന് സൈനിക ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും പിന്‍വലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. നിലയത്തിനു സമീപമുള്ള പ്രദേശം സെെനിക രഹിത മേഖലയാക്കണമെന്ന യുഎന്‍ നിര്‍ദ്ദേശം റഷ്യ തള്ളിയിരുന്നു.

Eng­lish Sum­ma­ry: Zapor­izhzhia nuclear pow­er plant shut down
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.