സ്കൂളുകളിൽ കൃഷി പാഠം പഠിപ്പിക്കാൻ ഒരു പീരിയഡ് വേണമെന്ന ആവശ്യമായി സുബൈർ മാഷ് യാത്ര തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ദേശീയ അധ്യാപക ദിനത്തിലും അദ്ദേഹം മുന്നോട്ട് വെക്കുന്നതും ഇതുമാത്രമാണ്. അധ്യാപക അവാർഡിന് അപേക്ഷിക്കണമെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും പലവട്ടം ആവശ്യപ്പെട്ടിട്ടും അതിനൊന്നും ചെവി കൊടുക്കാതെ തന്റെ ജോലിക്കൊപ്പം കൃഷിയിൽ വ്യാപൃതനായി നാടെങ്ങും ഓടുകയാണ് ഈ അധ്യാപകൻ.
ഫോർട്ട് കൊച്ചി സാൻ്റാക്രൂസ് എൽ പി സ്ക്കൂളിലെ അറബി അധ്യാപകനായ പി എം സുബൈർ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കാണ് ആദ്യം കൃഷിപാഠം വേണമെന്ന് ആവശ്യവുമായി കത്ത് നൽകിയത്. പിന്നെ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. കൃഷിയിൽ കൂടുതൽ താല്പര്യം കാണിച്ച കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെ നേരിട്ട് കണ്ടും കൂടാതെ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും ഈ ആവശ്യവുമായി കത്ത് നല്‍കി. പരിഗണിക്കാമെന്ന് മറുപടി വന്നെങ്കിലും വീണ്ടും പുതിയ കൃഷി മന്ത്രി പി പ്രസാദിനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും നിവേദനം കൈമാറി.
സംസ്ഥാന വിദ്യഭ്യാസ ഗവേഷണ പരിശീലന സമിതിക്ക് നൽകിയ നിവേദനത്തിന് എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് കഴിഞ്ഞ ജൂലൈ 19ന് നൽകിയ മറുപടിയിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് ഇദ്ദേഹം. നിലവിലെ പാഠപുസ്തകങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാലയങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാലും പാഠ്യപദ്ധതി പരിഷ്കരണവേളയിൽ പരിഗണിക്കുന്നതിനായി പാഠ്യപദ്ധതി പരിഷ്കരണ സമിതിക്ക് ശുപാര്‍ശ സമർപ്പിക്കുമെന്നാണ് ഡയറക്ടർ അറിയിച്ചിട്ടുള്ളത്.
അറബി അധ്യാപകൻ, മാപ്പിള കലകൾ, നാടകം, അഭിനയിതാവ്, കൃഷി, യോഗ, കരാട്ടെ, ഷോർട്ട് ഫിലിം സംവിധായകൻ തുsങ്ങി പല മേഖലകളിലും ഈ അധ്യാപകൻ കഴിവ് തെളിയിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകൻ, കാരുണ്യ പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ തുsങ്ങി വ്യത്യസ്ഥ മേഖലകളിലും സജീവമാണ്. മികച്ച സംഘാടകനുമാണ്. “ഒരു മുറം പച്ചക്കറി പദ്ധതി “വൻ വിജയമാക്കാൻ പരിശ്രമിക്കുകയും ഇപ്പോൾ കൃഷിവകുപ്പിന്റ “ഞങ്ങളും കൃഷിയിലേയ്ക്ക് ” പുതിയ പദ്ധതി വിജയിപ്പിക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലുമാണ്.
പ്രളയകാലത്ത് സർക്കാർ പ്രഖ്യാപനത്തിന് മുൻപുതന്നെ തന്റെ ഒരു മാസത്തെ ശമ്പളം കൊടുക്കുകയും അത് തിരിച്ച് കിട്ടിയപ്പോൾ അത് സർക്കാരിലേക്ക് മടക്കി കൊടുക്കുകയും ചെയ്തു മാതൃകയായിരുന്നു. കോവിഡ് കാലത്തും സമാന പ്രവർത്തനം കാഴ്ചവെച്ചു. ഭാര്യ ബുഷ്റ, മക്കൾ: ബീഗം റുക്‌സാന, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് റസിൻ.
English Summary: Zubair teacher continues his journey to make agriculture a part of the syllabus
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.