
ആംഗലേയ ഭാഷയിൽ എഴുതിയിട്ടുള്ള ഡോക്ടർ കെ. വാസുകി ഐ. എ. എസിന്റെ ദ സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകത്തിന്റെ ശീർഷകത്തിന്റെ അർത്ഥം മലയാളികരിച്ചാൽ ജീവിതവിദ്യാലയം എന്ന് വായിച്ചെടുക്കാം. ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ടു വിലയിരുത്തരുത് എന്ന് അക്ഷരംപ്രതി തെളിയിച്ചിരിക്കുകയാണ് ഈ പുസ്തകം. എന്ന് വെച്ച് ഇതിന്റെ പുറംചട്ട മോശമാണ് എന്നൊരു അഭിപ്രായം വായനക്കാരൻ എന്ന നിലയ്ക്ക് എനിക്കില്ല. പൂമ്പാറ്റകളും, പൂക്കളും, ഇലകളും, കായ്കളും നിറഞ്ഞ ആകർഷണീയമായ പുറംചട്ട തന്നെയാണ് ഈ പുസ്തകത്തിൽ ഉള്ളത്. ജീവിത വിദ്യാലയം എന്ന തലക്കെട്ട് ജീവിതത്തിന്റെ പൊരുൾ അല്ലെങ്കിൽ അർത്ഥം എന്താണ് എന്ന് വ്യക്തമാക്കി നൽകാൻ ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. ആമുഖം മുതൽ അവസാനം വരെ വായിക്കാൻ എഴുത്തുകാരി തന്നെ തുടക്കത്തിൽ കുറിക്കുന്നുണ്ട്.
എഴുത്തുകാരിയെ പോലെ അക്ഷമയായ ഒരു വായനക്കാരൻ ആകാതെ എല്ലാ അധ്യായങ്ങളും വായിക്കാൻ ഇവിടെ ഡോക്ടർ വാസുകി കുറിക്കുന്നുണ്ട്. നാല് വിഭാഗങ്ങളായി തരംതിരിച്ച് 19 അധ്യായങ്ങളിലായി അടങ്ങിയിരിക്കുന്ന ഈ പുസ്തകത്തിൽ ആദ്യത്തെ അധ്യായം ഒരു വ്യക്തിയുടെ ലക്ഷ്യങ്ങൾ എന്താണ് എങ്ങനെയാണ് എന്ന് കുറിക്കുന്നുണ്ട്. താൻ ഒരു എഴുത്തുകാരിയാണെന്ന് ഡോക്ടർ വാസുകി ഇതിൽ സ്വയം അവകാശപ്പെടുന്നില്ല. ഒരുപക്ഷേ ഒരു പ്രാസംഗികയാകാം അങ്ങനെ പല പ്രസംഗങ്ങളും പല സ്ഥലങ്ങളിലും നടത്തിയപ്പോൾ തോന്നിയ ആശയമാണ് എന്തുകൊണ്ട് ഈ ആശയങ്ങൾ മാലകോർക്കുമ്പോലെ ഒരു പുസ്തകരൂപത്തിൽ ആക്കിക്കൂടാ എന്ന ചിന്ത ഉണർന്നപ്പോഴാണ് ദ സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം ജനിക്കുന്നത്.
ഇത് ജീവിതത്തെക്കുറിച്ചുള്ള പുസ്തകമാണ് നമ്മുടെ സമൂഹത്തിൽ വിജയത്തിന്റെ നിർവചനങ്ങൾ അനുസരിച്ച് ഒരു നിഷ്കളങ്കയായ പെൺകുട്ടി വിജയകരമായ ഒരു തൊഴിൽ നേടാൻ സഞ്ചരിച്ച വഴികളിലൂടെ കൊണ്ടുപോകാൻ ശ്രമിക്കുകയല്ല ഈ പുസ്തകം. പരിശുദ്ധമായ ജീവിതത്തെ കുറിച്ചാണ് ഈ പുസ്തകം. എഴുത്തുകാരിയുടെ ജീവിതം, വായനക്കാരുടെ ജീവിതം, ഈ ഭൂമിയിലെ സർവ്വചരാചരങ്ങളുടെയും ജീവിതം, ജീവിതത്തിലെ ശരികളുടെയും തെറ്റുകളുടെയും ആപേക്ഷികതയും വാസുകി അറിഞ്ഞ അറിവുകളും തിരിച്ചറിവുകളും ജീവിതം എന്താണെന്നും അതിൽ നിന്നും താൻ എത്ര അകലെയാണെന്ന് മനസിലാക്കാൻ സാധിച്ചതിന്റെ ഫലമാണ് ഈ പുസ്തകം.
ഒരു വായനക്കാരൻ എന്നതിലുപരി വർഷങ്ങൾക്കു മുൻപേ വ്യക്തിപരമായി അറിയാവുന്ന വ്യക്തി എന്ന നിലയിൽ ഇങ്ങനെ ഒരു പുസ്തകം ഡോക്ടർ വാസുകി എഴുതുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
കാരണം എന്റെ കണ്ണിൽ ഇന്നും തെളിയുന്ന ഒരു കാഴ്ച ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ വാസുകിയുടെ ക്യാമ്പ് ഓഫീസിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി നിന്നിരുന്ന കാലം ഒരു പകൽ എട്ടുമണിക്ക് കളക്ടർ വാസുകി കാറിൽ കയറാൻ ഒരുങ്ങും മുൻപ് തന്റെ മക്കൾ ഉമ്മറപ്പടിയിൽ നിന്ന് കൈവീശി ടാറ്റാ കൊടുക്കുന്നുണ്ടായിരുന്നു തിരക്കിനിടയിൽ വണ്ടിയിൽ കയറിപ്പോയ അമ്മയ്ക്ക് ടാറ്റ കാണാനുള്ള സമയമില്ലായിരുന്നു. ഇതിൽ രണ്ടു കാര്യങ്ങൾ വായിക്കാം ഒന്ന് തന്റെ തൊഴിലിനോടുള്ള പ്രാധാന്യം കടമ അവർ നിറവേറ്റുന്നതിനിടയിൽ സ്വകാര്യജീവിതം ഒരുപക്ഷെ മറന്നുപോകാം, രണ്ട് ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ബാല്യത്തിലെ ചില പ്രതീക്ഷകൾ ഇത് രണ്ടും ഒരേസമയം കണ്ടു നിന്ന എന്റെ നേത്രങ്ങൾ ഇങ്ങനെ ഒരു പുസ്തകം 10 വർഷം മുൻപേ പ്രതീക്ഷിച്ചതിൽ തെറ്റുണ്ടോ?
ദി മാസ്ക് അഥവാ മുഖംമൂടി എന്ന സിനിമയിലെ നായകന്റെ വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിലെ തുടക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എല്ലാവരും സമ്പന്നരും പ്രശസ്തരും ആകണമെന്നും അവർ സ്വപ്നം കണ്ടതെല്ലാം ചെയ്യണമെന്ന് കരുതുന്നു പക്ഷേ അതൊന്നുമല്ല ജീവിതത്തിന്റെ പൊരുൾ സാധാരണ മനുഷ്യന്റെ ജീവിതത്തിന്റെ അർത്ഥതലങ്ങൾ വേറെയാണ് എന്ന് മനസിലാക്കാൻ എഴുത്തുകാരിക്ക് സാധിച്ചു. ഒരു മനുഷ്യനെ ചിന്തിക്കാൻ ചില ആശയങ്ങളും അനുഭവങ്ങളും ഉണ്ടാകുമ്പോഴാണ് പുതിയ സൃഷ്ടികൾ പിറക്കുന്നത്. മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം തന്നെ മനനം ചെയ്യുന്നവൻ ചിന്തിക്കുന്നവൻ എന്നാണല്ലോ ചിന്തകളില്ലെങ്കിൽ ഈ ലോകത്തിന്റെ ഗതി തന്നെ എന്താകും? പുസ്തകത്തിന്റെ തുടക്കത്തിൽ ഡോക്ടർ വാസുകി ചിന്തിക്കാൻ പ്രേരിപ്പിച്ച ചില മഹാന്മാർക്ക് നന്ദി നൽകിയിരിക്കുന്നു.
ഓരോ കാര്യങ്ങളും കാണേണ്ട രീതിയിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ എങ്ങനെയാണ് എന്ന് തിരിച്ചറിയാൻ എഴുത്തുകാരിക്ക് സാധിച്ചു. ജീവിത സത്യത്തിന്റെ വ്യക്തമായ ചിത്രം എഴുത്തുകാരിയുടെ ജീവിതത്തിന്റെ അടിത്തറ മാറ്റിയിരിക്കുന്നതായി കാണാം. ഈ അറിവാണ് ഇന്ന് ഈ പുസ്തകം വായിക്കുമ്പോൾ അനുവാചകരുടെ ജീവിതത്തെയും നയിക്കാൻ സഹായിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിൽ തന്റെ ശരീരത്തെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ, മികച്ച ഒരു അമ്മയാകുന്നതിനെക്കുറിച്ചോ, സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചോ, തന്റെ ലക്ഷ്യം കണ്ടെത്തുന്നതിനെക്കുറിച്ചോ ആകട്ടെ എല്ലാവർക്കും താൻ എന്താണ് അനുഭവിച്ചത് എന്ന് കാണാനാകും അവരവരുടെ സ്വന്തം സത്യം കണ്ടെത്താനും കഴിയണമെന്ന് എഴുത്തുകാരി ആഗ്രഹിക്കുന്നു. നിലവിലെ നമ്മുടെ ചിന്തകളുടെ നിർവചനങ്ങൾക്കപ്പുറമുള്ള വ്യത്യസ്തമായ ജീവിത ചിത്രം വരയ്ക്കാൻ ഈ പുസ്തകത്തിന് സാധിക്കും തീർച്ച. വിദ്യാര്‍ത്ഥികൾക്കും മുതിർന്നവർക്കും പ്രത്യേകിച്ച് രക്ഷിതാക്കൾക്കും ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രായഭേദമന്യേ തെരഞ്ഞെടുക്കാൻ പറ്റിയ ഒരു ഗ്രന്ഥമാണിത് എന്നതിൽ സംശയമില്ല. ജീവിതവിദ്യാലയത്തിൽ ഞാനൊരു സ്കൂൾ കണ്ടെത്തി അതിൽ ഒരു കിൻഡർ ഗാർഡൻ വിദ്യാർത്ഥി ആയിട്ടാണ് ചേർന്നത് എന്നേ പറയാൻ സാധിക്കുകയുള്ളൂ. ജീവിതമാകുന്ന വിദ്യാലയത്തിന്റെ നിലനിൽപ്പ് മനുഷ്യരെ അറിയിക്കാനുള്ള ഒരു ശ്രമമാണ് വാസുകി ഈ പുസ്തകത്തിലൂടെ ശ്രമിച്ചത്. ആദ്യത്തെ ആശയത്തിൽ വളർന്നുവരുന്ന ഒരു പെൺകുട്ടിയുടെ വിവിധ വശങ്ങളെ കുറിച്ചു പറയുമ്പോൾ നിങ്ങൾക്ക് ജീവിതത്തിന് ഒരു അഭിലാഷം ഉണ്ടോ?തീർച്ചയായും നിങ്ങൾക്ക് അത് ഉണ്ട്. ആർക്കാണ് അതില്ലാത്തത്?എന്നുകൂടി എഴുത്തുകാരി പറയുന്നുണ്ട്.
ഏതൊരു കുട്ടിയോടും നീ വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യം ആദ്യമായി ഉന്നയിക്കുമ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുന്ന കുട്ടിയുടെ തലച്ചോറിൽ നടക്കുന്ന ചിന്താപ്രക്രിയയെ കുറിച്ച് എഴുത്തുകാരിക്ക് ജിജ്ഞാസ ഉണ്ടായിരുന്നു. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ ഗുരുതരമായ ചില പ്രശ്നങ്ങളും വെല്ലുവിളികളും ബാല്യകാലങ്ങളിൽ ഉണ്ടായിരുന്നു എങ്കിലും സ്വയം പോസിറ്റീവായി ഇരിക്കാൻ ശ്രദ്ധിച്ചിരുന്നതായി സൂചനയുണ്ട്. എല്ലാവരെയും പോലെ ഒരു അപകർഷതാബോധവും സങ്കീർണതയുടെ സമാന്തരമായ ശക്തമായ പശ്ചാത്തല ശബ്ദം, ഞാൻ മതിയായവളല്ല എന്ന തോന്നലുകൾ തിരുത്താൻ അല്ലെങ്കിൽ ബോധം എവിടെനിന്നാണ് ഉത്ഭവിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം മനസിലാക്കുന്ന തരത്തിലാണ് ഈ ജീവിതമാകുന്ന വിദ്യാലയത്തിലെ 19 അധ്യായങ്ങളും സൂചിപ്പിക്കുന്നത്.
ജീവിതത്തിന്റെ പ്രണയം, ജീവിതത്തോടുള്ള പ്രണയം, സർവ്വചരാചരങ്ങൾക്കും ഉള്ള സ്ഥാനം, മനുഷ്യമനസിന്റെ തലങ്ങൾ, സഞ്ചാരദിശകൾ, വനത്തിൽ നിന്നും ലഭിക്കുന്ന ആത്മീയതയുടെ അനുഭൂതി, ഒരു സ്ത്രീ ഉദ്യോഗസ്ഥയുടെ വൈകാരികമായ ചില ഘടകങ്ങൾ, പ്രപഞ്ചത്തിന്റെ മനസ്സ്, ആരോഗ്യമുള്ള ശരീരവും മനസ്സും തുടങ്ങിയ പല അധ്യായങ്ങളും പലപ്പോഴും നാം ചിന്തിച്ചു കളയുന്ന കാര്യങ്ങളെ നിരീക്ഷിച്ചു കൊണ്ട് സ്വ ജീവിതത്തിലെ അനുഭവങ്ങളുടെ തിരമാലകളിൽ കൂടെ താളുകളിൽ പകർത്തിയിരിക്കുകയാണ് വാസുകി. കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ പുത്തകം എന്ന് സംബോധന ചെയ്തത് പുതിയത് അകത്തുള്ളത് എന്ന അർത്ഥത്തിൽ ആണെങ്കിൽ ഈ പുസ്തകത്തിലും പുതിയത് അകത്തുണ്ട്. പുറംലോകത്തെ അറിയാൻ, നമ്മെ തന്നെ അറിയാൻ ഉള്ളിലേക്ക് തിരിഞ്ഞു നോക്കാനുള്ള അനുഭവങ്ങളുടെ ബീജങ്ങൾ ചേർന്ന അക്ഷരങ്ങളാണ് ഈ കടലാസ്സുകൾ എന്നതാണ് വിധി നിർണ്ണായിക്കാൻ നിയോഗിക്കപ്പെട്ട അല്ലെങ്കിൽ വിചാരണ ചെയ്യാൻ നിയമത്തിനായ ഒരു വായനക്കാരന്റെ എളിയ അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.