September 28, 2023 Thursday

വഴിയരികിലല്ല, കാവ്യവീഥിയിലാണ് ഈ ചെമ്പരത്തി

വി അനിലാൽ
September 10, 2023 3:51 pm

കൈവിട്ടുപോകുമെന്ന് തോന്നുന്ന ജീവിതത്തെ കൈവിടാതെ മുറുകെ പിടിക്കുമെന്ന ബോധ്യം തരുന്ന കവിതകളാണ് ബി ലേഖയുടേത്. നെഞ്ചിൽ നക്ഷത്രങ്ങൾപോലെ മിന്നുന്ന അക്ഷരങ്ങളെ എങ്ങനെ ചേർക്കണമെന്ന് അതുമായി ഏതുവഴിക്ക് സഞ്ചരിക്കണമെന്നും ദൃഢനിശ്ചയം കവിയ്ക്കുണ്ട്.
ഇവിടെ വായിക്കപ്പെടുന്ന ലേഖയുടെ ‘വഴിയരികിലെ ചെമ്പരത്തി’ എന്ന ആദ്യസമാഹാരം, ‘ശക്തമായ വികാരങ്ങളുടെ നൈരന്തര്യമായ ഒഴുക്കാണ്’ കവിതയെന്ന നിർവചനത്തെ സാധൂകരിക്കുന്നു. താൻ തുന്നിക്കൂട്ടിയ കാവ്യാക്ഷരങ്ങളെ വരുംകാലങ്ങളിലേക്ക് പകർന്നുവയ്ക്കുകയാണ് ലേഖ.
സാമ്പ്രദായിക അതിരുകളുടെ വേലിക്കെട്ടുകൾ പൊളിച്ച്, അത് ഭേദിക്കാനുള്ള കവിതയുടെ ജ്ഞാനരൂപങ്ങൾ കണ്ടെത്തുകയാണ് കവി. ഏതോ വഴിയരികിൽ അഥവാ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ദേശത്ത് നില്ക്കുകയാണ് താനെന്ന് ലേഖ സ്വയം ഉറപ്പിച്ചതിന്റെ ധ്വനികൾ ഈ തലക്കെട്ടിലുണ്ട്. ഉള്ളിൽ ഇണങ്ങിയും പിണങ്ങിയും സന്ദേഹിച്ചും നില്ക്കുന്ന കാവ്യയുക്തികളെയൊക്കെ എഴുതി തീർക്കണമെന്ന് തോന്നുമ്പോൾ തന്നെ അതൊന്നും വേണ്ട എന്ന് തോന്നിപ്പിക്കുന്ന നിരാശയുടെയും നിസഹായതയുടെയും ഇതളുകളാണ് ഈ ചെമ്പരത്തിക്കുള്ളത്.
തന്നോടുതന്നെ വർത്തമാനം പറയുന്ന, തനിക്ക് ആത്മസംതൃപ്തി പകരുന്ന കാവ്യക്കുറിപ്പുകൾ. ഒരുപക്ഷെ, ആത്മപരതയുടെ എഴുത്തു രൂപമായ കവിതകൾ. എന്നാൽ അത് ആദ്യമായി വായിക്കുന്ന വായനക്കാരുടെ ആത്മാവിൽ അലകൾ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന് ചിലപ്പോൾ കവയിത്രി അറിയുന്നുണ്ടാവില്ല. 

ആദ്യകവിത ‘മഷിക്കുപ്പി’ നോക്കൂ. സർഗാത്മകത പകർത്തപ്പെടുന്നതിന്റെ പ്രാചീന രൂപകമാണ് മഷിക്കുപ്പി. അതിൽ തൂലിക തൊട്ടാണ് നമ്മുടെ പൂർവകവികളായ എഴുത്തുകാർ സാഹിത്യത്തിന് ലാവണ്യാത്മകത പകർന്നത്. ഒരുപക്ഷേ എഴുത്തിനോടുള്ള ആഭിമുഖ്യങ്ങൾ ഉള്ളിൽ നിറവായതുകൊണ്ടാവാം.
‘പ്രകൃതിയിലെ സമസ്ത നിറങ്ങളും
നിറഞ്ഞൊരു മഷിക്കുപ്പിയുണ്ടാകും,
ജീവിതത്തിന്റെ മേശപ്പുറത്ത്’
— എന്നെഴുതി കവിതയുടെ മഴവില്ല് സൃഷ്ടിക്കാൻ കവയിത്രിക്ക് അനായാസം കഴിഞ്ഞു. കാലത്താളുകളിൽ മായാത്ത മാരിവില്ല് സൃഷ്ടിക്കാനുള്ള ഒരു മഷിക്കുപ്പി തന്റെ ഉള്ളിലും ഉണങ്ങാതെ സൂക്ഷിക്കുന്നുണ്ടെന്ന തിരിച്ചറിവും ഈ വരികളിലുണ്ട്. ആ മഷിപ്പാത്രം സ്വയം എഴുതിപ്പോയതാണ് തന്റെ കവിതകളെന്ന് കവിത അവസാനിക്കുമ്പോൾ, അനുഭവങ്ങളുടെ കനൽക്കാടുകളിൽ നിന്നും രൂപപ്പെട്ട എഴുത്ത് ആത്മാനന്ദത്തിന്റെ പൊട്ടിയൊഴുകലായി കവയിത്രി തിരിച്ചറിയുന്നു. പറഞ്ഞറിയിക്കാൻ ഒത്തിരിയുണ്ടെന്നും അതൊക്കെ തൽക്കാലം തന്നിൽത്തന്നെ ഇരിക്കട്ടെ എന്നുമുള്ള നിരാശാഭരിതമായ ഒരു സംവേദനത്തെയും ഈ കവിത സാധ്യമാക്കുന്നുണ്ട്.
കൂരിരുട്ടിൽ മൗനവും
കണ്ണീരും മഴയേടലിഞ്ഞു
മണ്ണോട് ചേർന്നൊഴുകി-
പരക്കാൻ കൊതിച്ചതും…
(നഷ്ടമഴ)
‑ഇത്തരത്തിൽ ഇടയ്ക്കിടെ ദീർഘനിശ്വാസംപോലെ നമ്മെ പൊള്ളിക്കാൻ വന്നു വീഴുന്ന വാക്കുകൾ. ഒറ്റപ്പെട്ട, ഒറ്റയാക്കപ്പെട്ട ഒരു പെണ്ണിന്റെ ഇടർച്ചയില്ലാത്ത തീർപ്പുകൾ ഈ വരികൾ ഒളിപ്പിക്കുന്നുണ്ട്. പ്രപഞ്ചം നീർത്തി വിരിച്ചിട്ട ഈ പുതപ്പിനുള്ളിൽ, എല്ലാവർക്കും അവകാശപ്പെട്ടതുപോലെ, ആത്മാർപ്പണമായ തന്റെ എഴുത്തും സുരക്ഷിതമായ ഇടം അർഹിക്കുന്നുണ്ട് എന്ന് ഈ കവി ആഗ്രഹിക്കുന്നു.
ഒടുവിൽ അവളെത്തി…
ചുട്ടുനീറുന്ന പൊള്ളലേല്പിച്ച്
വരണ്ട കൺകോണിലെവിടെയോ,
ഒളിച്ചിരുന്ന അവസാനതുള്ളിയും
ആവാഹിച്ചെടുത്ത്…
(വേനൽമഴ)
നിസഹായതയുടെ, ഒറ്റപ്പെടലിന്റെ, ചുട്ടുനീറലിന്റെ നൊമ്പരം പൊടിയുന്ന, വരികൾ. തന്റെ ബാഹ്യലോകവും ആന്തരികലോകവും കാവ്യലോകവും ചേർന്ന ത്രിത്വത്തെ തികഞ്ഞ അച്ചടക്കത്തോടെ, സംയമനത്തോടെ കാവ്യാനുസഞ്ചാരണത്തിന്റെ സ്വാഭാവിക പ്രഭയാക്കുന്ന എഴുത്തു കാരിയെ ഇവിടെ അടയാളപ്പെടുന്നു. 

ബി ലേഖ എന്ന കവയിയുടെ സ്വപ്നതുണ്ടുകളുടെ ശേഖരമാണ് ഇതിലെ കവിതകള്‍. അർത്ഥവത്തായ ഒരു മൂർത്തഭാവം ഇതിനുണ്ട്. മിഴിവും തികവുമുള്ള കല്പനകളും ഭാവനകളും. ഉള്ളിലെ കയ്പുനീർ പുറത്തെടുത്ത് വായനക്കാർക്ക് പകർന്നേകാൻ കെല്പുള്ള കാവ്യമേധ. സ്വന്തം കനവുകളെ താനേറെ മോഹിച്ച എഴുത്തിൽ നട്ട്മുളപ്പിച്ച് വിളവെടുത്ത കാവ്യകൂട്ടുകൾ.
സ്വന്തം ഹൃദയരേഖകളാണ് ലേഖ ഇവിടെ വരച്ചിട്ടിരിക്കുന്നത്. കനവുകൾ ഇഴചേർത്ത് തുന്നികൂട്ടിയ ചെറുപുസ്തകം.
പുസ്തകത്തിന് തലക്കുറിയായ കവിതയിലേക്ക് വരാം.
വേലിക്കരികിലെ കാവൽക്കാരിയായ
അവൾ ഏതു നിമിഷവും
മതിൽക്കെട്ടിനുള്ളിൽ ആയേക്കാം
കോതിയൊരുക്കിയ ചില്ലകൾ
പൂക്കാൻ മറന്നേക്കാം…
‘എത്രയൊക്കെ പിഴുതെറിഞ്ഞാലും അന്തർമുഖത്വത്തിന്റെ വേലികെട്ടിനിടയിലൂടെ അതിജീവനത്തിന്റെ പച്ചയും ആത്മബലത്തിന്റെ ചുവപ്പുമണിഞ്ഞ ചെമ്പരത്തിക്കുമുണ്ടാവും ചിലത് പറയാൻ… ’ എന്ന് ആമുഖത്തിൽ ഗ്രന്ഥകാരി എഴുതുന്നു.
കവിതയിലും ജീവിതത്തിലും അതിജീവനത്തിന്റെ ആത്മബലം തേടുകയാണ് കവിയും, തന്നോടുള്ള ആഭിമുഖ്യത്തെ മാറുന്നകാലത്തിൽ നിന്നു കൊണ്ടുള്ള നേരിടീൽ. പുതിയൊരു ഉന്മേഷത്തിന്റെ കാവ്യ വീണ്ടെടുപ്പ് ഇവിടെ അടയാളപ്പെടുത്തുന്നു.
മലയാളകവിതയിലെ പാഴ് ചെടികൾക്കിടയിൽ, വഴിയരികിലേക്ക് ഒതുങ്ങി നില്ക്കാൻ തീർച്ചപ്പെടുത്തിയ ഈ ചെമ്പരത്തി, പ്രത്യാശാഭരിമായ പ്രതിരോധം സൃഷ്ടിക്കുന്ന പെൺകവിതകൾ തന്നെയാണ്. കവിതയിലെ വക്താവും കവിയും ഒരാൾ തന്നെയെന്ന് സ്ഥാപിക്കുന്നു ഈ കവിതകൾ. 

വഴിയരികിലെ ചെമ്പരത്തി
(കവിതകൾ)
ബി ലേഖ
സുജിലി പബ്ലിക്കേഷൻസ്, കൊല്ലം.
വില: 110രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.