19 May 2024, Sunday

ബ്ലൂ ഇക്കോണമി, തീരദേശ ജനതയുടെ അതിജീവനം അതിപ്രധാനം

സജി ജോണ്‍
September 4, 2022 5:30 am

‘ബ്ലൂ ഇക്കോണമി’ സംബന്ധിച്ച ഇന്ത്യയുടെ ദേശീയനയം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയെ അറിയിച്ചിരിക്കുന്നു. പൊതുജനാഭിപ്രായത്തിനായി, ദേശീയ നയത്തി­ന്റെ കരട് 2021 ഫെബ്രുവരിയിൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നതാണ്. രാജ്യത്തിന്റെ അധികാര പരിധിയിൽപ്പെടുന്ന സമുദ്രങ്ങളിലെയും സമുദ്രതീരങ്ങളിലെയും ജൈവസമ്പത്തും മനുഷ്യനിർമ്മിത അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന ‘നീല സമ്പദ്ഘ­ടന’­യെ, ഇന്ത്യൻ സമ്പദ്ഘടനയുടെ അവിഭാജ്യ ഘടകമായി ദേശീയ കരട് നയം വിഭാവനം ചെയ്യുന്നു. ‘രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും’ ഉതകുന്ന ബ്ലൂ ഇക്കോണമി നയത്തിലൂടെ, ഇന്ത്യയുടെ ആഭ്യന്തര വരുമാനം ഇരട്ടിയാക്കുവാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർപറയുന്നത്.

എന്നാൽ, കരട് നയം പുറത്തിറക്കിയപ്പോൾത്തന്നെ, അത് വലിയതോതിലുള്ള എതിർപ്പിന് വഴിവച്ചിരുന്നു. ഭൂഉപരിതലത്തിന്റെ മുക്കാൽ ഭാഗത്തോളം വ്യാപിച്ചുകിടക്കുന്ന സമുദ്രങ്ങൾ, പ്രകൃതിയിലെ ഏറ്റവും വലിപ്പമേറിയതും സചേതനവുമായ ആവാസ വ്യവസ്ഥയാണ്. ഗ്ലോബൽ ഓഷ്യൻ കമ്മിഷന്റെ കണക്കുകൾ പ്രകാരം, ലോകത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ അഞ്ചുശതമാനം സംഭാവന ചെയ്യുന്നത് സമുദ്രവിഭവങ്ങളാണ്. ഇത്, 350 കോടി ജനങ്ങൾക്ക് തങ്ങളുടെ അതിജീവനത്തിനുള്ള ഉപാധി കൂടിയാണ്. 300 കോടി തൊഴിലവസരങ്ങളും ഈ മേഖല നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം, ആ­ശ്രിത സമൂഹങ്ങളുടെ അതിജീവനം, ദേശസുരക്ഷ, ഭക്ഷ്യസുരക്ഷ, വാണിജ്യം തുടങ്ങി, സങ്കീർണമായ നിരവധി വിഷയങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ഭാഗമായാണ് ‘നീല സമ്പദ്‌വ്യവസ്ഥ’ എന്ന ആശയം രൂപംകൊണ്ടത്. പാരിസ്ഥിതിക ഞെരുക്കവും പരിസ്ഥിതി ആഘാതങ്ങളും പരമാവധി കുറച്ച്, ജനക്ഷേമവും സാമൂഹ്യ സമത്വവും ഉറപ്പുവരുത്തുന്ന മികച്ച ഇടപെടലായിട്ടാണ് ബ്ലൂ ഇക്കോണമിയെ ഐക്യരാഷ്ട്രസഭ നിർവചിച്ചിട്ടുള്ളത്. ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നീ മൂന്നു മഹാസമുദ്രങ്ങളെ തൊട്ടുരുമ്മുന്ന ഇന്ത്യയുടെ സമുദ്രാതിർത്തി 7,517 കിലോമീറ്ററോളം നീളുന്നതാണ്.


ഇതുകൂടി വായിക്കൂ:  കേന്ദ്ര മറൈൻ ഫിഷറീസ് നിയമവും ബ്ലൂ ഇക്കോണമി നയരേഖയും


ആഗോള സമുദ്രനിയമങ്ങൾ അനുസരിച്ച്, തീരത്തുനിന്നും 200 മൈൽ വരെയുള്ള കടലിലെ മത്സ്യ സമ്പത്തും മറ്റെല്ലാ പ്രകൃതിവിഭവങ്ങളും രാജ്യത്തിന് അവകാശപ്പെട്ടതാണ്. നിലവിൽ, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) നാല് ശതമാനമാണ് നീല സമ്പദ്ഘടനയുടെ സംഭാവന. ഒമ്പത് സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന നമ്മുടെ സമുദ്രതീരത്ത് 12 വൻകിട തുറമുഖങ്ങൾ ഉൾപ്പെടെ ഏതാണ്ട് 200 തുറമുഖങ്ങളുണ്ട്. 1400 മില്യൺ ടൺ വരുന്ന ചരക്കുനീക്കമാണ് ഈ തുറമുഖങ്ങളിലൂടെ നടക്കുന്നത്. രാജ്യത്തെ ചരക്കു ഗതാഗതത്തിന്റെ 95 ശതമാനവും ഇതുവഴിയാണ് സാധ്യമാകുന്നത്. 2021 വർഷം സമുദ്രോല്പന്ന കയറ്റുമതിയിൽനിന്നുമാത്രം ഇന്ത്യ നേടിയത് 56,200 കോടി രൂപയാണ്. എന്നാൽ ഇതിനൊക്കെയപ്പുറം, സമുദ്രവിഭവങ്ങളുടെ സമഗ്രമായ ഉപഭോഗവും വിനിയോഗവുമാണ് ബ്ലൂ ഇക്കോണമിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യമൊട്ടാകെ നിരവധി തുറമുഖങ്ങൾ നിർമ്മിക്കുവാനും അവയോട് ചേർന്ന് കയറ്റുമതി ലക്ഷ്യത്തോടെ വൻവ്യവസായങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുവാനും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ്-റയിൽ സൗകര്യങ്ങൾ ഒരുക്കുവാനും ലക്ഷ്യമിടുന്ന ‘സാഗർമാല’ പദ്ധതി, ബ്ലൂ ഇക്കോണമിയുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. 20 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ ബ്ലൂ ഇക്കോണമി, ജൈവ സമ്പത്തുകൾക്കൊപ്പം പെട്രോളിയത്തിന്റെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണ്. നിക്കൽ, യൂറേനിയം, കോപ്പർ, തോറിയം, പോളി-മെറ്റാലിക് സൾഫൈഡുകൾ, പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, ഇൽമനൈറ്റ്, ഗാമെറ്റ്, സിർക്കോൺ തുടങ്ങിയ ധാതുക്കളുടെ ഖനനം വലിയ സാധ്യതയായി കരട് നയരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അറ്റോമിക് ധാതുക്കൾ ഒഴികെയുള്ള ധാതുഖനനത്തിന് നിലവിൽ ‘തടസമായി നിൽക്കുന്ന’ തീരനിയന്ത്രണ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ഒഴിവാക്കിയായിരിക്കും ഖനനം സാധ്യമാക്കുക. വിസ്തൃതിയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ മഹാസമുദ്രം, ബ്ലൂ ഇക്കോണമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഇടനാഴിയായി ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. 22 ഏഷ്യൻ രാജ്യങ്ങളും 13 ആഫ്രിക്കൻ രാജ്യങ്ങളും രണ്ട് യൂറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും അടക്കം 38 രാജ്യങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ബ്ലൂ ഇക്കോണമി പരിധിയിലാണ്. ലോകജനതയുടെ മൂന്നിലൊന്നും അധിവസിക്കുന്നത് ഇവിടെയാണ്. എണ്ണയുടെയും ധാതുക്കളുടെയും മികച്ച ശേഖരം ലഭ്യമായിട്ടുള്ള നമ്മുടെ സമുദ്രാതിർത്തിയിൽ, നമ്മെ ‘സഹായിക്കുവാൻ തയാറായിട്ടുള്ള’ ഫ്രാൻസുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. സമുദ്ര പരിസ്ഥിതി-ആവാസ വ്യവസ്ഥകളുടെ പരിരക്ഷണവും അവയുടെ പുനഃസ്ഥാപനവുമായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിരവികസന അജണ്ടയുടെ ലക്ഷ്യമെങ്കിൽ (നമ്പർ 14: ലൈഫ് ബിലോ വാട്ടർ) അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ‘ബ്ലൂ ഇക്കോണമി’ നയം, സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യംവച്ച്, സമുദ്രവിഭവങ്ങളുടെ അമിതമായ ചൂഷണത്തിന് വഴിയൊരുക്കുമോയെന്നുള്ള ആശങ്കയാണ് ഏവരും പങ്കുവയ്ക്കുന്നത്. ബ്ലൂ ഇക്കോണമി നയത്തിൽ നമ്മെ അതിശയിപ്പിക്കുന്ന കാര്യം, അത് കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്രങ്ങൾക്കുള്ള സ്വാധീനത്തെ സൗകര്യപൂർവം വിസ്മരിച്ചിരിക്കുന്നുവെന്നുള്ളതാണ്.


ഇതുകൂടി വായിക്കൂ:   സ്വാതന്ത്ര്യം അർദ്ധരാത്രിയായ് തുടരുമ്പോൾ


കടലിലേക്കുള്ള മനുഷ്യന്റെ അധിനിവേശം ഇപ്പോഴത്തെ നിലയിൽത്തന്നെ വലിയതോതിൽ കാലാവസ്ഥാ വ്യതിയാനത്തിന് വഴിതെളിച്ചിട്ടുണ്ടെന്നുള്ളത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഭക്ഷണം മാത്രമല്ല, നാം ശ്വസിക്കുന്ന ജീവവായുവിന്റെ പകുതിയും നൽകുന്നത് സമുദ്രങ്ങളാണ്. കരയിലെ ചൂടും മറ്റു കാലാവസ്ഥയുമെല്ലാം നിയന്ത്രിക്കുന്നത് കടലാണ്. മഴയും വെള്ളപ്പൊക്കവും വരൾച്ചയും കൊടുങ്കാറ്റുമെല്ലാം സമുദ്രകാലാവസ്ഥയുടെ പ്രതിഫലനമാണെന്നും നമുക്കറിയാം. ഇതിലൊക്കെയുപരി, കാലാവസ്ഥാ വ്യതിയാനത്തിനു നിദാനമായിട്ടുള്ള ഹരിതഗൃഹ (കാർബൺ) വാതകങ്ങളുടെ ഏറ്റവും വലിയ സംഭരണിയും സമുദ്രങ്ങളാണ്. ആഗോള കാർബൺ ചക്രത്തിലെ 83 ശതമാനവും സമുദ്രജലത്തിലൂടെയാണ് ചംക്രമണം ചെയ്യപ്പെടുന്നത്. കരയിലെ മണ്ണും; വനങ്ങൾ ഉൾപ്പെടെയുള്ള സർവ സസ്യജാലങ്ങളും കൂടി ആഗിരണം ചെയ്ത് മാറ്റുന്നതിനെക്കാൾ അധികം കാർബൺ, സമുദ്രജലത്തിലൂടെ മാറ്റപ്പെടുന്നുണ്ട്. സമുദ്രവിഭവങ്ങൾക്കുമേലുള്ള അനിയന്ത്രിതമായ അധിനിവേശവും ആഴക്കടല്‍ ഖനനവുമെല്ലാം സൃഷ്ടിച്ചേക്കാവുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങളെ ബ്ലൂ ഇക്കോണമി നയം പരിഗണിച്ചിട്ടില്ലെന്നുള്ളത് ആശങ്കാജനകമാണ്. ഭൂമിയിൽ മനുഷ്യവാസമുള്ളിടത്തോളം അതിജീവനത്തിനും ജനക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തേണ്ടി വരുമെന്നതിൽ സംശയമില്ല. എന്നാൽ പ്രകൃതിക്കുമേൽ മനുഷ്യൻ ചെയ്യുന്ന ഏതു പ്രവൃത്തിക്കും അതിനനുസൃതമായ ഒരാഘാതം പ്രകൃതി ഏറ്റുവാങ്ങുന്നുണ്ട്. ആഴക്കടൽ ഖനനത്തിൽ മാത്രമല്ല, മണ്ണിൽ ഒരു ചെടി നടുമ്പോഴും ഇത് സംഭവിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതക ഉത്സർജനത്തിന്റെ 14 ശതമാനവും ഇന്ത്യയിൽ കൃഷിയിൽ നിന്നും കന്നുകാലി വളർത്തലിൽ നിന്നുമാണെന്നു തിരിച്ചറിയുമ്പോൾ ഈ വസ്തുത നമുക്ക് ഉൾക്കൊള്ളാനാവും. തുറമുഖ നിർമ്മാണങ്ങളും തീരദേശത്തെ അടിസ്ഥാനസൗകര്യ വികസനവുമെല്ലാം പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നവ തന്നെയാണ്. യന്ത്രവല്കൃത ബോട്ടുകളുടെ അമിതമായ ഉപയോഗം ഹരിതഗൃഹ വാതകങ്ങളുടെ വർധിച്ച ഉത്സർജനത്തിന് കാരണമാകുമ്പോൾ, അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യ ആവാസ വ്യവസ്ഥയ്ക്കു തന്നെ ക്ഷതമേല്പിക്കുന്നു. വികസനവും പ്രകൃതി സംരക്ഷണവും സന്തുലിതമായി മുന്നേറേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. എന്നാൽ, സൂക്ഷ്മതയോടെയും പാരിസ്ഥിതിക പഠനങ്ങളുടെ അടിസ്ഥാനത്തിലും നടപ്പിലാക്കുന്ന പദ്ധതികളിൽപ്പോലും അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. രാജ്യത്ത് 25 കോടിയോളം ജനങ്ങളാണ് തീരദേശങ്ങളിൽ അധിവസിക്കുന്നത്. ഇതിൽ 1.60 കോടി ജനങ്ങൾ മത്സ‑അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 40 ലക്ഷം പേരുടെ അതിജീവനം മത്സ്യബന്ധനം മാത്രമാണ്. ഏതാണ്ട് 590 കിലോമീറ്റർ കടൽത്തീരവും 2,18,536 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പ്രത്യേക സാമ്പത്തിക മേഖലയുമുള്ള കേരളതീരത്ത്, ഏതാണ്ട് 12 ലക്ഷം ജനങ്ങളുടെ ആശ്രയം മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമാണ്. ആഗോളതാപനം കടലിലും കരയിലും ഇപ്പോൾത്തന്നെ ഉണ്ടാക്കിയിട്ടുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും തുടർച്ചയായി ഉണ്ടാകുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും ഇവരുടെ നിത്യവൃത്തിയെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഉയരുന്ന കടൽനിരപ്പും കടൽക്ഷോഭവും തീരശോഷണവുമെല്ലാം നിരവധിപേർക്ക് തങ്ങളുടെ വാസസ്ഥലവും കിടപ്പാടവും നിത്യേനയെന്നോണം നഷ്ടമാക്കുകയാണ്. ഗുരുതരമായ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാകേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ:   ഭൂമി, ആകാശം, ഇനി കടലും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു


നയരേഖയുടെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ‘ദേശീയ ബ്ലൂ ഇക്കോണമി ഫണ്ടിന്റെ’ അർഹമായ വിഹിതം ഇതിനായി നീക്കിവയ്ക്കുകയെന്നതാണ് അഭികാമ്യം. മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലവിലെ ഒരവകാശവും പുതിയ നയത്തിലൂടെ ഹനിക്കപ്പെടരുത്. കടലിൽ വലിയതോതിൽ മത്സ്യകൃഷി നടത്തി, മത്സ്യോല്പാദനം വർധിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഒരുപാട് ചെലവ് വരുന്ന ഇത്തരം പദ്ധതികളിൽനിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിന്തള്ളപ്പെടുമെന്നു മാത്രമല്ല, മുതലാളിത്ത ശക്തികൾ മത്സ്യബന്ധന മേഖലയെ പൂർണമായി കയ്യടക്കുവാനുള്ള സാധ്യതയുമുണ്ട്. തീരദേശ ജനതയുടെ ശ്രദ്ധ പതിയേണ്ടത് ഇക്കാര്യങ്ങളിലാണ്. വികസനത്തിലും പ്രകൃതി സംരക്ഷണത്തിലും സന്തുലിതമായ സമീപനമാണ് ബ്ലൂ ഇക്കോണമി ഉയർത്തിപ്പിടിക്കേണ്ടത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആക്കം കൂട്ടുവാൻ ബ്ലൂ ഇക്കോണമി നയങ്ങൾ ഇടയാക്കിയാൽ അത് ആഗോളതലത്തിൽത്തന്നെ ദുരന്തമായി മാറും. ഇന്ത്യയുടെ 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളും കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിൽ ലോകരാഷ്ട്രങ്ങൾക്ക് നൽകിയിട്ടുള്ള ഉറപ്പും അപ്രായോഗികമാകും. അതിനാൽ, സമുദ്ര പരിസ്ഥിതി-ആവാസ വ്യവസ്ഥകളുടെ പരിരക്ഷണവും തീരജനതയുടെ ജീവിത സുരക്ഷയുമായിരിക്കണം ബ്ലൂ ഇക്കോണമിയുടെ കാതലായ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.