26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 6, 2024
January 17, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022

കർഷകസമരം ജനകീയ സമരമായിമാറുന്നു

സി ദിവാകരൻ
October 24, 2021 5:16 am

രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഉത്തർപ്രദേശിലെ “ലഖിംപുർ ഖേരി‘യിൽ അരങ്ങേറിയത്. സമാധാനപരമായി നടന്ന കർഷകരുടെ പ്രതിഷേധപ്രകടനത്തിന്റെ നേർക്ക് മൂന്നു വാഹനങ്ങൾ അമിതവേഗത്തിൽ ഓടിച്ചുകയറ്റി തൽക്ഷണം എട്ടുപേർ മരണമടഞ്ഞു. ഇവരിൽ നാലുപേർ കർഷകരായിരുന്നു. അമ്പരന്ന് ഓടിയവരുടെ നേർക്ക് വെടിവയ്പും നടന്നു. ഈ സംഭവത്തിനു നേതൃത്വം നൽകിയത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുത്രനാണെന്ന വാർത്തയും പുറത്തുവന്നു. യുപി സർക്കാരിനു നിഷേധിക്കാനാവാത്തവിധം നിരവധി വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് സുപ്രീം കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ജനരോഷം പടർന്നുപിടിച്ച സാഹചര്യത്തിൽ മന്ത്രിപുത്രനടക്കം ഏതാനുംപേരെ പൊലിസ് അറസ്റ്റുചെയ്തു. നടപടികൾ പൂർത്തിയാക്കാൻ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന പൊലീസിനെയും യുപി സർക്കാരിനെയും കോടതി താക്കീത് നല്കി. ‘ലഖിംപുർ ഖേരി’ സംഭവത്തെ തുടർന്ന് കർഷകസമരം രാജ്യത്താകെ പടർന്നുപിടിക്കുകയാണ്. യുപി സർക്കാരിനും, നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര സർക്കാരിനും നിയന്ത്രിക്കാനാവാത്തവിധം വരുംനാളുകളിൽ ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിൽ കർഷകരെത്തുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇന്ത്യയിലെ കർഷകരെ കൈകാലുകൾ വരിഞ്ഞുകെട്ടി കോർപറേറ്റു കുത്തകകളുടെ അടിമകളാക്കാനുള്ള മൂന്നു കുപ്രസിദ്ധ കർഷകനിയമങ്ങൾക്കെതിരെ ആരംഭിച്ച സമരം രാജ്യത്തെ കർഷകരുടെ മാത്രമല്ല തൊഴിലാളികളുടെയും, സാധാരണ ജനങ്ങളുടെയും ജനകീയ സമരമായി മാറുന്ന നാളുകളിലേയ്ക്കാണ് മുന്നോട്ടുപോകുന്നത്. കർഷകരെ രോഷാകുലരാക്കിയ പ്രസ്തുത നിയമങ്ങളെക്കുറിച്ച് പരിശോധിക്കാം.

 

lakhimpur

 

കർഷകരുടെ ഉല്പന്നങ്ങൾ വില്ക്കാനുള്ള അവകാശം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള “കാർഷിക ഉല്പന്നങ്ങളുടെ വില്പനയും അനുബന്ധ വാണിജ്യ സൗകര്യങ്ങളും“ (പിഎഫ്‌ടിസി ആക്ട് 2020” ലോകസഭ പാസാക്കി. കർഷകരുടെ അതിശക്തമായ പ്രക്ഷോഭസമരം പടർന്നു പിടിക്കുന്ന സന്ദർഭത്തിലാണ് കടുത്ത കർഷക ദ്രോഹനിയമം കേന്ദ്രം പാസാക്കിയത് എന്നത് ശ്രദ്ധേയമാണ്. പ്രകോപിതരായ കർഷകരെ കൂടുതൽ പ്രകോപിപ്പിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. പ്രസ്തുത നിയമം നിലവിൽ വന്നതോടെ കർഷകരുടെ ഉല്പന്നങ്ങൾ സ്വതന്ത്രമായി വില്പന നടത്താനുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടു. കാർഷിക ഉല്പന്നങ്ങളുടെ താങ്ങുവില ഉറപ്പ് നൽകുന്നതും അനുബന്ധസേവനങ്ങൾ സംരക്ഷിക്കുന്നതുമായ മറ്റൊരു നിയമവും സർക്കാർ പാസാക്കി. പ്രസ്തുത നിയമം കർഷകരുടെ കണ്ണിൽ മണ്ണിടാനുള്ള തന്ത്രമായിരുന്നു. ഏറ്റവും ഒടുവിൽ കർഷകരെ പൂർണമായും ബന്ദികളാക്കുന്ന ഗ്രാമീണകർഷകരുടെ ചന്തകളായ “മണ്ടികളും” നിർത്തലാക്കി. കർഷകർ അവരുടെ ഉല്പന്നങ്ങള്‍ കുത്തകകമ്പനികൾക്ക് നിസാരവിലയ്ക്ക് വില്പന നടത്താൻ നിർബന്ധിതരായി മാറി. പ്രധാനമന്ത്രിയുടെ ‘ഒരു രാഷ്ട്രം ഒരു മാർക്കറ്റ്’ എന്ന നയം നടപ്പിലാക്കുന്നതോടെ ഇന്ത്യയിലെ കർഷകർ കൂട്ടത്തോടെ കോർപറേറ്റ് കമ്പനികളുടെ അടിമകളായി മാറും. ഈ നിയമങ്ങൾ പിൻവലിക്കണമെന്നത് മാത്രമാണ്. അവർ രാഷ്ട്രീയമായ ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. ഈ സർക്കാർ പിൻതുടരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ കൂട്ടംകൂട്ടമായി സ്വകാര്യമേഖലയ്ക്ക് പാഴ്‌വിലയ്ക്ക് വിറ്റുതുലയ്ക്കുന്ന നടപടികളെക്കുറിച്ചോ, ബിജെപി പിൻതുടരുന്ന സാമ്പത്തിക നയങ്ങളെക്കുറിച്ചോ, രാജ്യത്തെ ജനജീവിതം ദുഃസഹമായി മാറിക്കൊണ്ടിരിക്കുന്ന പാചകവാതക‑പെട്രോൾ ഡീസൽ വിലവർധനവിനെക്കുറിച്ചോ, ചുരുക്കത്തിൽ നരേന്ദ്രമോഡി സർക്കാർ രാജിവയ്ക്കണമെന്ന രാഷ്ട്രീയ ആവശ്യങ്ങളൊന്നും കർഷകർ ഉന്നയിക്കുന്നില്ല.

 


ഇതുകൂടി വായിക്കൂ: ലഖിംപൂര്‍ സംഭവം; നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരച്ചടിയാകുന്നു


 

1920 മുതൽ സർക്കാർ അംഗീകരിക്കുന്ന ചന്തകളിൽ മാത്രമാണ് കാർഷികോല്പന്നങ്ങൾ വില്‍ക്കാൻ അനുവദിച്ചിരുന്നത്. നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിച്ചിരുന്ന ചന്തകളിൽ കർഷകരെ കൊള്ളയടിക്കുന്ന കരിഞ്ചന്ത കച്ചവടക്കാർക്കും, പണം പലിശയ്ക്കുകൊടുക്കുന്നവർക്കും പ്രവേശനം നിഷേധിച്ചിരുന്നു. ഈ സമ്പ്രദായം ഒരു പരിധിവരെ കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾക്ക് ന്യായവില ലഭിക്കാനും മറ്റു ചൂഷണങ്ങളിൽനിന്ന് മോചനം നേടാനും സഹായകരമായിരുന്നു. കാർഷിക രംഗത്തുവന്ന മാറ്റങ്ങൾ പരിശോധിച്ചാല്‍ ഇന്ത്യയുടെ കാർഷികരംഗം നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന വസ്തുത വ്യക്തമാകും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനരംഗം പരിശോധിച്ചാൽ കാർഷികരംഗത്ത് ഒരുശതമാനം മാത്രമാണ് നിക്ഷേപം സംഭവിക്കുന്നത്. താരതമ്യേന കാർഷികചന്തകളും ദുർബലപ്പെടാൻ തുടങ്ങി. കഴിഞ്ഞ 17 വർഷകാലയളവ് (കാർഷിക പരിഷ്കരണാനന്തരം) പരിശോധിച്ചാൽ കാർഷിക ഉല്പാദനം 70 ശതമാനം നിരക്കിൽ വർധിച്ചപ്പോൾ കാർഷികോല്പന്നങ്ങൾ വിറ്റഴിക്കുന്ന ചന്തയുടെ പ്രവർത്തനക്ഷമത 22 ശതമാനം നിരക്കിൽ കൂപ്പുകുത്തി.

 

 

ദേശീയ കർഷക കമ്മിഷൻ ശുപാർശപ്രകാരം 42,000 ചന്തകൾ പ്രവർത്തിക്കേണ്ടതിനുപകരം 7,200 ചന്തകളാണ് പ്രവർത്തനം നടത്തിയത്. മാർക്കറ്റുകളുടെ പ്രാദേശിക വിഭജനവും ദൂരപരിധിനിർണയവും അശാസ്ത്രീയമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധാപ്രദേശില്‍ ഇത്തരം ഒരു മാർക്കറ്റിന്റെ പരിധി 146 ഗ്രാമങ്ങളാണ്. എന്നാൽ ഉത്തർപ്രദേശിൽ 17 ഗ്രാമങ്ങളാണ് ഒരു ചന്തയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാർഷിക ഉല്പന്നങ്ങളുടെ മാർക്കറ്റുകൾ ചെറുകിട കർഷകർക്ക് അപ്രാപ്യമായി. വില നിശ്ചയിക്കുന്നതും വിളവെടുപ്പുകാലത്തെ കമ്പോള നിലവാര നിരക്കുകളും ഇത്തരം മാർക്കറ്റുകൾ പരമരഹസ്യമായി സൂക്ഷിക്കുന്നു. കാർഷികോല്പന്നങ്ങളുടെ മാർക്കറ്റ് ചില കുത്തക ഏജൻസികളുടെ പൂർണനിയന്ത്രണത്തിലായി. നിസഹായരായ ചെറുകിട കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ കമ്മിഷൻ ഏജൻസികളെ ആശ്രയിക്കുകയും അവരുടെ ചൂഷണത്തിനു വിധേയരാവുകയും ചെയ്യുന്നു. ഉപഭോക്താവിന് കർഷകരിൽനിന്ന് ആവശ്യമായ ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഈവിധമുള്ള അരാജകത്വവും, അഴിമതിയും, കെടുകാര്യസ്ഥതയുമാണ് കാർഷികോല്പന്നങ്ങളുടെ കമ്പോളങ്ങൾ എന്ന പേരിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. ഈ സമ്പ്രദായത്തെയാണ് കർഷകർ ചോദ്യം ചെയ്യുന്നത്.

 


ഇതുകൂടി വായിക്കൂ:  കര്‍ഷക സമരം പുതിയതലങ്ങളിലേക്ക്


 

കന്നുകാലി സംരക്ഷണ‑ക്ഷീര വികസനമേഖലയിലെ ഉല്പന്നങ്ങളായ പാൽ, മാംസം, മുട്ട തുടങ്ങിയവയുടെ വിലകൾ നിയന്ത്രിക്കാനും ഈരംഗത്തെ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനുമായി രൂപീകരിക്കപ്പെട്ട “കാർഷികോല്പന്ന‑ലൈവ് സ്റ്റോക്ക് മാർക്കറ്റിങ് (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ) നിയമം” 2017‑ൽ നിലവിൽവന്നു. പ്രസ്തുത നിയമം അനുസരിച്ച് ഈ രംഗത്ത് പ്രവർത്തിക്കാന്‍ ലൈസൻസ് നല്കാനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്. എന്നാൽ നിയമം പല സംസ്ഥാനങ്ങളിലും കർശനമായി നടപ്പിലാക്കാത്തതിന്റെ ഫലമായി ഈ രംഗം സ്വകാര്യ ഏജൻസികളും കോർപറേറ്റുകളും കയ്യടക്കികഴിഞ്ഞിരിക്കുന്നു. ഈ രംഗത്തും കർഷകർക്കെന്നപോലെ ക്ഷീരകർഷകർക്കും നീതി ലഭിക്കുന്നില്ല. സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള വാദഗതി ഉന്നയിച്ചുകൊണ്ട് കേന്ദ്രം 2017‑ലെ നിയമം ഭേദഗതി ചെയ്തു. സംസ്ഥാനങ്ങൾക്കുള്ള അധികാരപരിധി പരിമിതപ്പെടുത്തി 2020‑ൽ പുതിയ നിയമം പാസാക്കി. ഇതിന്റെ ഫലമായി കർഷകരുടെ ഉല്പന്നങ്ങൾ കമ്പോളങ്ങളിൽ എത്തിക്കാൻ കഴിയാത്തവിധം കമ്മിഷൻ ഏജൻസികളുടെ ആധിക്യം വർധിച്ചു.

 

കാർഷികരംഗത്ത് സർക്കാർ കാലാകാലങ്ങളിൽ നടപ്പിലാക്കുന്നത് ആത്യന്തികമായി കാർഷികദ്രോഹനിയമങ്ങളാണ്. നീതിക്കുവേണ്ടിയുള്ള കർഷകരുടെ സമരം നമ്മുടെ രാജ്യത്തു മാത്രമല്ല അമേരിക്കയിലും അവരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണമെന്ന ആവശ്യവുമായി നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. കാർഷികോല്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനുള്ള കർഷകന്റെ ആവശ്യം തള്ളിക്കളയാൻ പരിഷ്കൃത ജനാധിപത്യ ഭരണകൂടത്തിനു സാധ്യമല്ല. കർഷകന്റെ ജന്മാവകാശമായ അവന്റെ ഭൂമി, കൃഷി നടത്താനാവശ്യമായ വായ്പ, വളം, വിത്ത്, ജലസേചനം ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമാക്കാത്ത ഭരണസംവിധാനവും ഇന്ത്യയുടെ ജനങ്ങൾക്കാവശ്യമായ ഭക്ഷ്യധാന്യം ഉല്പാദിപ്പിക്കുന്ന കർഷകരെ അവഗണിക്കുന്ന പ്രാകൃതമായ നയങ്ങളുമാണ് നരേന്ദ്രമോഡി സർക്കാർ പിൻതുടരുന്നത്. തുച്ഛമായ മൂലധന നിക്ഷേപം മാത്രം നടത്തുന്ന കാർഷികരംഗത്ത് നിയന്ത്രണാതീതമായ ഉല്പാദനമാണ് കർഷകർ നിർവഹിക്കുന്നത്. എന്നിട്ടും അവന്റെ ഉല്പന്നങ്ങൾക്ക് ന്യായവില ചോദിച്ചാൽ കൃഷിഭൂമിയുടെ അവകാശം ചോദിച്ചാൽ ഭരണാധികാരികൾ അവരെ അടിച്ചമർത്തുന്ന കാഴ്ച ദയനീയമാണ്.

 


ഇതുകൂടി വായിക്കൂ:  കര്‍ഷക സമരം ഒരു രാഷ്ട്രീയ ശക്തിയാകും


 

കർഷകർ അവരുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുമ്പോൾ ഭരണാധികാരികൾ ബാരിക്കേഡുകൾ തീർത്തും, ജലപീരങ്കി പ്രയോഗിച്ചും, ലാത്തിച്ചാർജ് നടത്തിയും വെടിവച്ചുകൊന്നും സർക്കാർ നേരിടുന്നു. സമാധാനപരമായി ജാഥ നടത്തിയ കർഷകരുടെ പുറത്ത് മന്ത്രിപുത്രൻ തന്നെ വാഹനം ഓടിച്ചുകയറ്റി കൊല്ലുക, കൈപ്പത്തി വെട്ടിമാറ്റിയ യുവാവിന്റെ ശവശരീരം കർഷകർ സമരം ചെയ്യുന്ന സമരപ്പന്തലിൽ കെട്ടിത്തൂക്കുക, ഈവിധമുള്ള എല്ലാ പീഡനങ്ങളെയും നേരിട്ടുകൊണ്ട് കർഷകലക്ഷങ്ങൾ അവരുടെ ആവശ്യങ്ങളുമായി കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയുടെ തെരുവുകളിൽ നിലയുറപ്പിച്ചിരിക്കുന്നു. ഈ സംഭവം ലോക ജനതയുടെ മുന്നിലെത്തിക്കഴിഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിലും, കാനഡയിലും മാത്രമല്ല ഐക്യരാഷ്ട്രസഭയിലും ഇന്ത്യയിലെ കർഷക പ്രക്ഷോഭം ചർച്ചാ വിഷയമാകുന്നുവെന്നത് സമകാലീന സമരങ്ങളുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവമായി മാറുന്നു. ഈ സമരത്തിന്റെ പിന്നിൽ കർഷകർ മാത്രമല്ല ഇന്ത്യയിലെ തൊഴിലാളിവർഗവും അണിനിരന്നുകഴിഞ്ഞു. കർഷകപ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ യുപി സംസ്ഥാനം അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നേരിടുകയാണ്. ആദിത്യനാഥ് നയിക്കുന്ന യുപിയിലെ ബിജെപി സർക്കാരിന്റെ പതനം സുനിശ്ചിതമാകുന്ന വിധം കർഷകർ നടത്തുന്ന ഈ സമരം ഒരു ജനകീയ പ്രക്ഷോഭമായി മാറുന്നതോടെ കേന്ദ്രത്തിലെ നരേന്ദ്രമോഡി സർക്കാരിന്റെയും അടിത്തറ ഇളകുമെന്നതിൽ തർക്കമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.