ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായമെന്ന് ചരിത്രം അടയാളപ്പെടുത്തിയ ‘ജാലിയൻ വാലാബാഗ്’ കൂട്ടക്കൊലയ്ക്ക് 106 വര്‍ഷം. 1919 ഏപ്രിൽ 13നാണ് പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയൻവാലബാഗ് മൈതാനത്ത് നിരായുധരായ നൂറുകണക്കിനുപേർ ജനറൽ ഡയറിന്റെ പട്ടാളത്തോക്കുകൾക്ക് ഇരയായയത്.
1919 മാർച്ചിൽ ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ റൗലറ്റ് ആക്ട് എന്ന കരിനിയമത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ന്നു. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറങ്കിലടയ്ക്കാനും അനുവദിക്കുന്നതായിരുന്നു ഈ നിയമം. റൗലറ്റ് ആക്ട് പിൻവലിക്കുംവരെ പോരാടുമെന്ന് പ്രഖ്യാപിച്ചാണ് ഇന്ത്യൻ ജനത പ്രക്ഷോഭം നടത്തിയത്. പ്രതിഷേധങ്ങളെത്തുടർന്ന് 1919 ഏപ്രിൽ 13ന് പഞ്ചാബിൽ പട്ടാളനിയമം ഏർപ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നാലുപേരിലധികം കൂട്ടംകൂടുന്നതും നിരോധിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അമൃത്സറിലുള്ള ജാലിയൻവാലാബാഗ് മൈതാനത്ത് ആയിരങ്ങൾ യോഗം ചേർന്നു.
സമാധാനപരമായി പ്രതിഷേധിക്കുക എന്നതായിരുന്നു യോഗ ലക്ഷ്യം. എന്നാല്‍ യോഗം തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും അമൃത്സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റെജിനാൾഡ് എഡ്വേർഡ് ഹാരി ഡയറിന്റെ നേതൃത്വത്തിൽ വന്‍ സൈന്യം മൈതാനം വളഞ്ഞു. മതിലുകളാൽ ചുറ്റപ്പെട്ട ഈ മൈതാനത്ത് ഇടുങ്ങിയ വഴികളും സ്ഥിരമായി അടച്ചിട്ടിരിക്കുന്ന വാതിലുകളുമാണുള്ളത്. പ്രധാന വാതിൽ സൈനികർ അടച്ചിരുന്നു. തന്റെ ഉത്തരവ് ലംഘിച്ചതിനാൽ യോഗം പിരിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകാതെ തന്നെ നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിവെയ്ക്കാന്‍ ജനറൽ ഡയർ ഉത്തരവിട്ടു. യോഗം പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് ഡയർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിയുതിർക്കാനായിരുന്നു ഉത്തരവ്. 1650 തവണയാണ് പട്ടാളക്കാർ വെടിയുതിർത്തത്. 379 പേർ വെടിവയ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ കണക്കുകൾ. എന്നാൽ 1800 ലേറെ പേർ മരിച്ചുവെന്നും ആയിരത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വ്യക്തമാക്കിയത്. വെടിവയ്പിൽനിന്ന് രക്ഷപ്പടാനായി മൈതാനത്തിനകത്തെ കിണറ്റിലേക്ക് നിരവധിപേർ എടുത്തു ചാടി. 120 മൃതദേഹമാണ് ഈ കിണറ്റിൽനിന്ന് മാത്രം ലഭിച്ചത്.
അമൃത്സറിലെ ഒരുകൂട്ടം വിപ്ലവകാരികളുമായി ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടിയെന്നായിരുന്നു കൂട്ടക്കൊലയെക്കുറിച്ച് ഡയർ തന്റെ മേലധികാരിക്ക് അയച്ച റിപ്പോർട്ടിൽ പറഞ്ഞത്. പഞ്ചാബിലെ ലഫ്റ്റനന്റ് ഗവർണർ, ഡയറിന്റെ ഈ നടപടി ശരിവയ്ക്കുകയും ചെയ്തു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരായി രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചു. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ ‘സർ’ സ്ഥാനം ഉപേക്ഷിച്ചു. മൃഗീയം എന്നാണ് ജാലിയൻവാലാബാഗ് സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ വിശേഷിപ്പിച്ചത്. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവച്ചതിൽ ജനറൽ ഡയറെ ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ് കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവയ്പ് തുടരാൻ നിർദേശിച്ച ഡയർ കടുത്ത അപരാധമാണ് ചെയ്തതെന്ന് കമ്മിഷൻ കണ്ടെത്തി. ഇതോടെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ ഹണ്ടർ കമ്മിഷനെ നിയോഗിച്ചു. ജനക്കൂട്ടം ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയിട്ടുണ്ടെങ്കിൽ അവിടെ വെടിവയ്പ് നടത്താൻ കരുതി തന്നെയാണ് താൻ പോയതെന്നായിരുന്നു ഡയർ കമ്മിഷന് നൽകിയ മൊഴി. ജനക്കൂട്ടത്തിന്റെ അപഹാസ്യമായ പെരുമാറ്റമാണ് വെടിവയ്പിന് ഉത്തരവിടാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഡയർ മറുപടി നൽകി. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവയ്പ് തുടരാൻ നിർദേശിച്ച ഡയർ കടുത്ത അപരാധമാണ് ചെയ്തതെന്ന് കമ്മിഷൻ കണ്ടെത്തി. എന്നാൽ കമ്മിഷനിലെ അംഗങ്ങൾ തമ്മിൽ ഇതേച്ചൊല്ലി ഭിന്നാഭിപ്രായമുണ്ടായിരുന്നു. കലാപം തുരത്താൻ വേണ്ടിയാണ് ഡയർ ഈ നടപടിക്ക് മുതിർന്നതെന്ന് കമ്മിഷനിലെ ചില അംഗങ്ങൾ വാദിച്ചു. ജനറൽ ഡയറിനെതിരെ യാതൊരുവിധ ശിക്ഷാ നടപടികളും കമ്മിഷൻ ശുപാർശ ചെയ്തില്ല.
എന്നാല്‍ 1940 മാർച്ച് 13ന് ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ, റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റി എന്നിവയുടെ സമ്മേളനത്തിന്റെ വേദിയായിരുന്ന ലണ്ടനിലെ കാസ്റ്റൻ ഹാളിൽ ജനറൽ ഡയറിനുള്ള ‘ശിക്ഷ’ നടപ്പാക്കപ്പെട്ടു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാന സൂത്രധാരനായ മൈക്കൽ ഒ ഡയറിനെ ഈ വേദിയിൽ വച്ച് ഉദ്ധം സിങ് വെടിവച്ചു കൊന്നു. ‘എന്റെ പേര് ഉദ്ധം സിങ്. ഞാൻ തന്നെയാണ് മൈക്കൽ ഒ ഡയറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. എനിക്ക് മരിക്കാൻ ഒരു മടിയുമില്ല. ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിൽപ്പരം ഒരു പുണ്യം വേറെയുണ്ടോ..?’ എന്നായിരുന്നു വിചാരണക്കോടതിയിൽ ഉദ്ധം സിങ്ങിന്റെ മറുപടി. 1940 ജൂലൈ 31ന് ഉദ്ധം സിങ്ങിന്റെ വധശിക്ഷ നടപ്പാക്കപ്പെട്ടു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന് നൂറ് വർഷം പിന്നിട്ടപ്പോഴാണ് ബ്രിട്ടൻ ഖേദപ്രകടനത്തിന് തയ്യാറായത്. 2019 ഏപ്രിലിൽ ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി തെരേസ മേയ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തി. ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെന്നാണ് അവർ പറഞ്ഞത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചാൽ മാത്രം പോരെന്നും നിരുപാധികം മാപ്പ് പറയണമെന്നുമുള്ള ആവശ്യം ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായിരുന്നു. എന്നാൽ ഈ ക്രൂരതയ്ക്ക് മാപ്പ് പറയാൻ ബ്രിട്ടൻ ഇതുവരെ തയ്യാറായിട്ടുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.