24 December 2024, Tuesday
KSFE Galaxy Chits Banner 2

തൊഴിൽസേനയെ സംരക്ഷിക്കാൻ വേണ്ടത് സാമൂഹ്യ നീതി

ഡോ. ഗ്യാന്‍ പഥക്
June 13, 2023 4:45 am

ആഗോള തൊഴിൽ വിപണിയില്‍ അരക്ഷിതാവസ്ഥ വ്യാപകമായതിനാൽ, സാമൂഹ്യനീതി ഉറപ്പാക്കുന്നതിലൂടെ മാത്രമേ തൊഴിലാളികളെ നിലവിലെ ഭയാനകമായ സാഹചര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ കഴിയൂ എന്ന ധാരണ ജെനീവയിൽ നടക്കുന്ന ഇന്റർനാഷണൽ ലേബർ കോൺഫറൻസിന്റെ 111-ാമത് സെഷനിൽ ഉയര്‍ന്നിരിക്കുന്നു. ജൂൺ അഞ്ചിന് തുടങ്ങിയ സമ്മേളനം 16ന് അവസാനിക്കും. ഐഎൽഒയുടെ 187 അംഗരാജ്യങ്ങളിൽ നിന്നുള്ള സർക്കാര്‍, തൊഴിലുടമ, തൊഴിലാളി പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നതും ചർച്ച നടത്തുന്നതും. സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ന്യായമായ മാറ്റം, ഗുണമേന്മയുള്ള അപ്രന്റിസ്ഷിപ്പുകൾ, തൊഴിൽ സംരക്ഷണം എന്നിവയുൾപ്പെടെ, തൊഴിൽരംഗം അഭിമുഖീകരിക്കുന്ന വിപുലമായ പ്രശ്നങ്ങൾ ചര്‍ച്ചചെയ്യപ്പെടുകയാണ്. എല്ലാവർക്കും സാമൂഹിക നീതി എന്ന വിഷയത്തിൽ ഒരു ‘വേൾഡ് ഓഫ് വർക്ക്’ ഉച്ചകോടിയും ജൂൺ 14, 15 തീയതികളിൽ നടക്കും. ഐഎൽഒ ഡയറക്ടർ ജനറൽ ഗിൽബർട്ട് എഫ് ഹൂങ്‌ബോ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ ആഗോള അജണ്ടയിൽ സാമൂഹിക നീതിയെ മുൻഗണനാ വിഷയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലോകത്ത് നിലനിൽക്കുന്ന ഒരു ഭീതിദമായ സാഹചര്യം അവതരിപ്പിക്കുന്ന “അഡ്വാൻസിങ് സോഷ്യൽ ജസ്റ്റിസ്”എന്ന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

തൊഴില്‍ലോകം ഒരു നിർണായക ഘട്ടത്തിലാണ് എത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പല രാജ്യങ്ങളിലും വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം, ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നർ സ്വരൂപിച്ച അളവറ്റ സമ്പത്തും ബാക്കിയുള്ളവരുടെ വരുമാനവും തമ്മിലുള്ള ഭീമമായ അന്തരം എന്നിവ അടുത്ത ദശകങ്ങളിൽ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ജീവിതനിലവാരത്തിലെ നേട്ടങ്ങളെ മാറ്റിമറിച്ചും ഓരോ സമൂഹത്തിന്റെയും സാമൂഹികവും സാമ്പത്തികവുമായ നയങ്ങളിലെ ബലഹീനതകൾ തുറന്നുകാട്ടിയും കോവിഡ് മഹാമാരി പലരാജ്യങ്ങളിലെയും ഞെട്ടിക്കുന്ന സാമൂഹികാവസ്ഥ വെളിപ്പെടാനിടയാക്കി. കടം, ഉയർന്ന ഭക്ഷ്യ നിരക്ക്, ഊർജ വിലക്കയറ്റം, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ എന്നിവ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് കഷ്ടപ്പാടുകൾ നല്‍കുന്ന ദാരിദ്ര്യം, പുറംതള്ളൽ, അസമത്വം എന്നിവ വർധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വിനാശകരമായ സ്ഥിതിഗതികളാണ് നിലനില്‍ക്കുന്നത്. 20,22,685 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അവരിൽ ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിലും ദുർബലവും സംഘർഷ ബാധിതവുമായ സമ്പദ്‌വ്യവസ്ഥയിലുമാണ്.


ഇതുകൂടി വായിക്കൂ:തൊഴില്‍സംരക്ഷണത്തിന് മേയ് ദിനാഘോഷം മാത്രം പോരാ


സുരക്ഷിതമായ കുടിവെള്ളം, ഭക്ഷണം, ശുചിത്വം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വിഭവങ്ങൾ സുരക്ഷിതമാക്കാൻ പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഈ അപചയം മനുഷ്യരുടെ അന്തസിന് തന്നെ അപമാനമാണ്. ബാലവേല, നിർബന്ധിത ജോലി തുടങ്ങിയ അനീതികളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോള കണക്കുകൾ സൂചിപ്പിക്കുന്നത് 2020ൽ 160 ദശലക്ഷം കുട്ടികൾ ബാലവേലയിൽ ഏർപ്പെട്ടിരുന്നുവെന്നാണ്. അതേസമയം 2021 ൽ 50 ദശലക്ഷത്തോളം പേര്‍ ആധുനിക അടിമത്തത്തിൽ ജീവിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഉപജീവനത്തിനായി സുരക്ഷിതമല്ലാത്തതോ അനാരോഗ്യകരമോ ആയ ജോലികളിൽ ഏർപ്പെടുന്നു എന്ന വസ്തുതയും ഈ അനീതികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഓരോ വർഷവും തൊഴിൽ അപകടങ്ങളുടെയും രോഗങ്ങളുടെയും ഫലമായി രണ്ട് ദശലക്ഷം തൊഴിലാളികൾ മരിക്കുന്നു, ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലിടത്തില്‍ പരിക്കേൽക്കുന്നു. ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്ന മാനുഷിക ദുരന്തവും സാമ്പത്തികബാധ്യതയും ഉല്പാദനക്ഷമതക്കുറവും ചേർന്ന് അനീതിയുടെ ഒന്നിലധികം തലങ്ങള്‍ രൂപപ്പെടുത്തുന്നു. ആഗോളതലത്തിൽ, ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ചിൽ ഒരാള്‍ തങ്ങളുടെ തൊഴിൽജീവിതത്തിനിടയിൽ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അക്രമവും പീഡനവും അനുഭവിച്ചിട്ടുണ്ട്. ഇരകളിൽ ഭൂരിഭാഗത്തിനും ഇത് ആവർത്തിച്ചുള്ള അനുഭവമാണ്. ജോലിസ്ഥലത്ത് ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും നേരിടേണ്ടിവരുന്നതില്‍ യുവാക്കളെ അപേക്ഷിച്ച് യുവതികളുടെ എണ്ണം ഇരട്ടിയാണ്. കുടിയേറ്റക്കാരായ സ്ത്രീകൾ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും അനുഭവിക്കുന്നതിനുള്ള സാധ്യത കുടിയേറ്റക്കാരല്ലാത്ത സ്ത്രീകളെക്കാൾ ഇരട്ടിയാണ്. തൊഴിൽവിപണിയിലെ അരക്ഷിതാവസ്ഥയും വ്യാപകമാണ്. ആഗോളതലത്തിൽ, 2022ൽ ഏകദേശം 207 ദശലക്ഷം പേര്‍ക്കാണ് തൊഴിലില്ലാതിരുന്നത്. തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള കഴിവില്ലായ്മയ്ക്ക് പ്രധാനകാരണം വിദ്യാഭ്യാസവും തൊഴിലും ബന്ധപ്പെടുത്താനുള്ള സാധ്യത കുറഞ്ഞതാണ്. 15–24 വയസിലുള്ള 20 ശതമാനം വിദ്യാഭ്യാസത്തിനു പുറത്താണ്. തൊഴിൽ ലഭിച്ചവരില്‍ പോലും 60 ശതമാനത്തിലധികം അനൗപചാരിക മേഖലയിലാണ് പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഈ തൊഴിലാളികൾ ഔപചാരികാവസ്ഥയിലുള്ളവരെക്കാള്‍ (സ്ഥിരവരുമാനം ഉള്ളവരെക്കാള്‍) വേഗത്തില്‍ ദാരിദ്ര്യത്തിൽ പതിക്കാന്‍ സാധ്യതയുണ്ട്.

നിയമപരിരക്ഷ വേണ്ടത്ര ലഭിക്കാത്തവരും പ്രായോഗികമായി പലപ്പോഴും സുരക്ഷിതമല്ലാത്തവരുമായ ഈ തൊഴിലാളികൾ ബാഹ്യാഘാതങ്ങളുടെയും സാമ്പത്തികത്തിന്റെയും കാര്യത്തിൽ വളരെ ഉയർന്ന അപകടസാധ്യതകളാണ് അഭിമുഖീകരിക്കുന്നത്. ഇവരില്‍ വലിയൊരു പങ്ക് സ്ത്രീകളാണ്. അവർ ഏറ്റവും ദുർബലമായ ജോലികളിൽ ഏര്‍പ്പെടുന്നവരുമാണ്. ശമ്പളമില്ലാത്ത കുടുംബിനികൾ, വീട്ടുജോലിക്കാർ, പ്ലാറ്റ്ഫോം തൊഴിലാളികൾ, മണിക്കൂര്‍ നിരക്കില്‍ കരാറിലെടുക്കുന്ന വീട്ടുജോലിക്കാർ തുടങ്ങിയവര്‍ ഈ ഗണത്തില്‍പ്പെടും. പുതിയ തൊഴിൽ വിപണി അവസരങ്ങളുടെ സ്വഭാവവും സുരക്ഷിതമല്ലാത്ത തൊഴിൽ രൂപങ്ങളുടെ വർധനവിൽ പ്രകടമാണ്. വികസ്വര രാജ്യങ്ങളിൽ താല്‍ക്കാലിക ജോലി വ്യാപകമാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇതിന്റെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്നു, ആവശ്യമുള്ളപ്പോൾ മാത്രം ആളുകളെ ജോലിക്ക് വിളിക്കുകയും അതിന്റെ മാത്രം പ്രതിഫലം നൽകുകയും ചെയ്യുന്ന ഓൺ‑കോൾ വർക്ക് അറേഞ്ച്മെന്റുകള്‍ ഇതിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള ജോലികളുടെ സവിശേഷത ഇട‌യ്ക്കിടെ മാത്രവും ഹ്രസ്വമായ മണിക്കൂറുകൾ മാത്രവും ലഭിക്കുന്നു എന്നതാണ്. ഇത് സമയബന്ധിതമായ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ പ്രവൃത്തിസമയ പരിധി, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനത്തെ തടയുന്നു. 2019ൽ, ഇത്തരം 165 ദശലക്ഷം തൊഴിലാളികളില്‍ വലിയൊരു പങ്കും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും കൂടുതൽ വരുമാനമുള്ള ജോലി തേടുന്നവരുമായിരുന്നു. വർധിച്ചുവരുന്ന കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകളും സാമ്പത്തിക ഭദ്രത ഇല്ലാതാക്കി. കാലാവസ്ഥാ വ്യതിയാനം തൊഴിലുകൾ, ഉപജീവനമാർഗങ്ങൾ, സംരംഭങ്ങൾ എന്നിവയെ അപകടപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ പ്രത്യാഘാതങ്ങളാണിതുണ്ടാക്കുന്നത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെക്കാൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ആഘാതം അനുഭവിക്കുന്നു. താപനിലയിലെ ചാഞ്ചാട്ടം, ഉഷ്ണമേഖല, ജലജന്യ രോഗങ്ങളുമായുള്ള സമ്പർക്കം, സമുദ്രനിരപ്പിലെ വർധനവ് എന്നീ ഘടകങ്ങള്‍ ഇത്തരം രാജ്യങ്ങളില്‍ കൂടുതല്‍ ദുരിതമുണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം വഷളാകുമ്പോൾ, ധാരാളം പേര്‍ വീടുകൾ ഉപേക്ഷിച്ച് “കാലാവസ്ഥാ അഭയാർത്ഥികളുടെ” എണ്ണം വര്‍ധിപ്പിക്കാൻ നിർബന്ധിതരാകും.


ഇതുകൂടി വായിക്കൂ: തൊഴിലാളികളും ആധുനിക അടിമത്തവും


400 കോടി ജനങ്ങളെ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്ന നയ അജണ്ടകളും സാമ്പത്തിക അരക്ഷിതാവസ്ഥ സങ്കീർണമാക്കുന്നു. ഇവർക്ക് ആരോഗ്യ സംരക്ഷണത്തിനും രോഗ ആനുകൂല്യങ്ങൾക്കും അര്‍ഹതയില്ല. തൊഴിൽ അപകടങ്ങളുടെയും രോഗങ്ങളുടെയും ഫലമായി കുട്ടികളെ പോറ്റാനും ഭക്ഷണത്തിനും വസ്ത്രത്തിനും പരിചരണത്തിനും അവര്‍ക്ക് സഹായമില്ല. വാർധക്യത്തിലും തൊഴിലില്ലാതായാലും വരുമാനമുള്ള വ്യക്തിയുടെ മരണത്തിലും സഹായം ലഭിക്കില്ല. സ്വകാര്യ സേവനങ്ങൾ താങ്ങാൻ കഴിയുന്ന സമൂഹം പൊതുസേവനങ്ങളുടെയും മറ്റ് പൊതു സാധനങ്ങളുടെയും വിതരണം ഉറപ്പാക്കുന്നതിന് ആവശ്യമായ നികുതികൾ അടയ്ക്കാൻ പലപ്പോഴും തയ്യാറാകുന്നില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് അസമത്വത്തെ ശക്തിപ്പെടുത്തുന്ന ദ്വന്ദ്വ സംവിധാനം സൃഷ്ടിക്കുന്നു. ആരോഗ്യ സേവനങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍ മതിയായ നിയന്ത്രണമില്ലാത്തതിനാലും ഉചിതമായ സാമൂഹിക ആരോഗ്യ പരിരക്ഷ ഇല്ലാത്തതും പലപ്പോഴും ഉയർന്ന ചെലവുണ്ടാക്കുന്നു. ഇത് താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിലെ പലരുടെയും അവസ്ഥയാണ്. ഒന്നിലധികം പ്രതിസന്ധികൾ, സാമൂഹിക കരാറുകളുടെ നിയന്ത്രണമില്ലായ്മ, സാമൂഹികസുരക്ഷ പരിഗണിക്കാത്ത നയങ്ങൾ എന്നിവ എല്ലാവരെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പരാജയപ്പെടുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇതുമൂലം ദേശീയ ഭരണത്തിലുള്ള അതൃപ്തിയും വിശ്വാസക്കുറവും വർധിച്ചുകൊണ്ടിരിക്കുന്നു. സമൂഹങ്ങൾക്കുള്ളിൽ വർധിച്ചുവരുന്ന ധ്രുവീകരണം ഐക്യത്തെ തുരങ്കംവയ്ക്കുന്നു. തൊഴിൽ ലോകത്തിൽ മാനുഷിക അന്തസിന്റെയും സാമൂഹിക നീതിയുടെയും മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ നാം പരാജയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.