27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024

140 കോടിയുടെ നഗര ഭൂസ്വത്തും പൂഴ്ത്തി; രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര നികുതി ബോര്‍ഡിന്റെ ഒത്താശ

കെ രംഗനാഥ്
തിരുവനന്തപുരം
April 17, 2024 10:43 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രികയോടൊപ്പം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭീമമായ സ്വത്തു മറച്ചുവയ്ക്കലിനെക്കുറിച്ചുള്ള അന്വേഷണം അവതാളത്തിലാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. രാജീവ് ചന്ദ്രശേഖറുടെ അസത്യവാങ്മൂലത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനെ കമ്മിഷന്‍ ചുമതലപ്പെടുത്തി. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷനു ബോധ്യമായതിനാലായിരുന്നു അന്വേഷണ നിര്‍ദേശം. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞെങ്കിലും നികുതി ബോര്‍ഡ് ഇതുവരെ ബന്ധപ്പെട്ട കക്ഷികള്‍ക്കോ രാജീവ് ചന്ദ്രശേഖറിനോ നോട്ടീസ് പോലും അയച്ചിട്ടില്ല. 7,500 കോടിയില്‍പ്പരം ആസ്തിയുള്ള രാജീവ് ചന്ദ്രശേഖറിന്റെ യഥാര്‍ത്ഥ സ്വത്തുവിവരം പുറത്തുവന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അയോഗ്യനാക്കാം. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യാം. 

ഇതാണ് അന്വേഷണത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് അനങ്ങാപ്പാറ നയം അവലംബിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണ നിര്‍ദേശം വന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് കീഴ്‌വഴക്കം. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലേക്ക് മത്സരിക്കുമ്പോഴും രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ആകെ സ്വത്തിന്റെ ഒരു ശതമാനം മാത്രമേ നല്കിയിരുന്നുള്ളൂവെന്ന് സ്റ്റാര്‍ ന്യൂസ് ടിവി വെളിപ്പെടുത്തിയിരുന്നു. 7,500 കോടി രൂപയിലേറെ ആസ്തിയുള്ള രാജീവ് ചന്ദ്രശേഖര്‍ 2018ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭാര്യക്കുമുള്ള ആകെ ആസ്തി 86 കോടി രൂപ മാത്രമാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം തെരഞ്ഞെടുപ്പായപ്പോള്‍ സമ്പാദ്യം വെറും 36 കോടിയായി കുത്തനെ ഇടിഞ്ഞു. തട്ടുകടക്കാരന്‍‍പോലും പ്രതിവര്‍ഷം ആയിരമോ രണ്ടായിരം രൂപയോ നികുതിയടയ്ക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ വര്‍ഷം നികുതിയടച്ചത് വെറും 681 രൂപയെന്നും ഈ സത്യവാങ്മൂലത്തില്‍ അസത്യം പറയുന്നു.

ലംബോര്‍ഗിനി, ഫെറാറി, ബിഎംഡബ്ല്യു, ഹമ്മര്‍ തുടങ്ങി അത്യാഡംബര കാറുകളുടെ ഒരു വന്‍നിരയും 140 കോടി വിലവരുന്ന ഒരു ജെറ്റ് വിമാനവും സ്വന്തമായുണ്ടെങ്കിലും അതൊന്നും സത്യവാങ്മൂലത്തിലില്ല. ആകെയുള്ളത് 1942 മോഡല്‍ ഒരു ബൈക്കു മാത്രം. ഏഷ്യാനെറ്റ് സുവര്‍ണ, റിപ്പബ്ലിക് ടിവി എന്നിവയടക്കം മാധ്യമരംഗത്ത് മാത്രം രാജീവ് ചന്ദ്രശേഖറിന് 4,400 കോടിയുടെ നിക്ഷേപമുണ്ടെങ്കിലും അതെല്ലാം മറച്ചുവച്ചു. കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചതിനെതിരെ പരാതി ഉയര്‍ന്നതോടെ മുന്‍കൂര്‍ ജാമ്യമെടുത്തു തടിയൂരാനും ഇദ്ദേഹം ഒരു ശ്രമമാരംഭിച്ചിട്ടുണ്ട്. കോവിഡ് മൂലം തന്റെ കമ്പനികളെല്ലാം വന്‍ നഷ്ടത്തിലായതിനാലാണ് 681 രൂപ മാത്രം നികുതിയടയ്ക്കേണ്ടിവന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. കോവിഡ് കാലത്ത് ഇന്ത്യയിലെ മഹാ കോടീശ്വരന്മാരുടെ ആസ്തി പല മടങ്ങുവര്‍ധിച്ചപ്പോള്‍ തന്നെ മാത്രം കോവിഡ് ദരിദ്രവാസിയാക്കിയെന്ന ന്യായീകരണം.

തിരുവനന്തപുരത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറ്റൊരു ഗുരുതരമായ മറച്ചുവയ്ക്കലും നടത്തി. ബംഗളൂരുവിലെ നക്ഷത്ര ആഡംബരമേഖലയായ കോരമംഗലയില്‍ ആറ് സ്ഥലത്തായി 1.3 ഏക്കര്‍ ഭൂമിയുണ്ട്. കമ്പോള വിലയ്ക്കുപോലും 140 കോടി രൂപ വിലമതിക്കുന്ന ഈ നഗര ഭൂസ്വത്തും സത്യവാങ്മൂലത്തില്‍ മറച്ചുവച്ചിരിക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന മഹാകോടീശ്വരന്‍ നടത്തിയിരിക്കുന്നതെങ്കിലും അന്വേഷണം നടത്താതെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മടിച്ചുനില്‍ക്കുന്നതും ദുരൂഹമാവുന്നു. 

Eng­lish Sum­ma­ry: 140 crores worth of urban land was also hoard­ed; Rajeev Chan­drasekhar gets sup­port from Cen­tral Board of Taxation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.