കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ 19 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാണാനില്ലെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശം. കര്‍ണാടക നിയമസഭാ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കാഗേരിയാണ് നിര്‍ദേശം നല്കിയത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇവിഎമ്മുകള്‍ കാണാതായതിനെക്കുറിച്ച് വിശദീകരണം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച് കെ പാട്ടീലാണ് സഭയില്‍ ആവശ്യം മുന്നോട്ടുവച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍, ഇസിഐയില്‍ നിന്ന് വിശദീകരണം തേടാന്‍ സ്പീക്കര്‍ സമ്മതിക്കുകയായിരുന്നു. മുംബൈ സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയ് ആണ് ഇവിഎം നിര്‍മ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്(ബിഇഎല്‍), ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(ഇസിഐഎല്‍) എന്നിവരോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോടും(ഇസിഐ) ഇത് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടത്.
നിര്‍മ്മിച്ച 19 ലക്ഷം ഇവിഎമ്മുകള്‍ ഇരു സ്ഥാപനങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവ സ്വീകരിച്ചതായി രേഖകളില്ലെന്നാണ് മനോരഞ്ജന്‍ റോയ് തനിക്ക് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ഇസിഐയുടെ വിശദീകരണം ആവശ്യപ്പെട്ട് 2018ല്‍ ബോംബൈ ഹൈക്കോടതിയില്‍ റോയ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയുടെ വാദം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 116.55 കോടിയുടെ സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് 2019ല്‍ ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
English summary; 19 lakh EVM missing: Election Commission to explain
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.