16 June 2024, Sunday

Related news

June 11, 2024
May 23, 2024
May 23, 2024
May 23, 2024
May 22, 2024
May 21, 2024
May 5, 2024
May 2, 2024
April 30, 2024
April 27, 2024

വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം പ്രസിദ്ധീകരിക്കല്‍ നിയമബാധ്യത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡൽഹി
May 23, 2024 10:36 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം അടക്കമുള്ള പോളിങ് വിവരങ്ങൾ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ നിയമ വ്യവസ്ഥയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മാത്രമല്ലാതെ മറ്റാര്‍ക്കും വിവരങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷന് ഇല്ലെന്നും സുപ്രീം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. ഇത്തരം വെളിപ്പെടുത്തലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാദിക്കുന്നു. 

പോളിങ് വിവരങ്ങൾ രേഖപ്പെടുത്തിയ ഫോം 17 സി-യുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വെബ്സൈറ്റില്‍ നല്‍കാന്‍ എന്താണ് കാലതാമസം എന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫോം 17 സിയുടെ സ്‌കാന്‍ ചെയ്ത കോപ്പി എത്രയും വേഗം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍)ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ബിജെപിയെ സഹായിക്കാനാണ് പോളിങ് വിവരങ്ങള്‍ കാല താമസം വരുത്തി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. സ്‌ട്രോങ്ങ് റൂമിലേക്ക് പോകുന്നതിന് മുമ്പ്, ഏതെങ്കിലും ഫോം സ്‌കാന്‍ ചെയ്യുന്നതിന് ഒരു അധിക ഉത്തരവാദിത്തവും ആവശ്യവും സൃഷ്ടിക്കുകയാണെങ്കില്‍ നിയമപരമായ മുന്‍ഗണന അപകടത്തിലാകും എന്നും കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ഒരു പോളിങ് സ്റ്റേഷനില്‍ പോള്‍ ചെയ്ത വോട്ടുകളുടെ രേഖയായ ഫോറം 17 അപ്ലോഡ് ചെയ്യാന്‍ നിയമപരമായ ബാധ്യതയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് ശരിക്കും ഞെട്ടിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകനും എസ്പി നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു. എണ്ണിയ വോട്ടുകള്‍ അപ്‌ലോഡ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പോള്‍ ചെയ്ത വോട്ടുകള്‍ അപ്‌ലോഡ് ചെയ്തുകൂടാ? അത്തരമൊരു കമ്മിഷനെ എങ്ങനെ വിശ്വസിക്കും എന്നും സിബല്‍ ചോദിച്ചു. 

Eng­lish Summary:The Elec­tion Com­mis­sion has said that there is no legal oblig­a­tion to pub­lish the num­ber of reg­is­tered voters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.