14 April 2024, Sunday

മാരുതിയുടെ വാഹനങ്ങള്‍ പപ്പടമാണോ? ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റ് വട്ടപൂജ്യം, ഉടമകള്‍ക്ക് ആശങ്ക

Janayugom Webdesk
ന്യൂഡല്‍ഹി
August 28, 2021 8:53 pm

വാഹന വിപണിയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടിരുന്ന ഒരു പ്രധാന ഘടകമായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ കാറുകളുടെ സുരക്ഷ. നിര്‍മ്മാതാക്കളോ ഉപഭോക്താക്കളോ ഇതിന് പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം കാലം മാറിയതിനൊപ്പം തന്നെ ആൾക്കാരും വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് ബോധവാന്മാരായി. ഇതിന്റെ ഭലമായി ഉപഭോക്താക്കള്‍ വാഹനങ്ങൾ വാങ്ങുമ്പോള്‍ അത് എത്രത്തോളും സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പരിശോധിച്ചു തുടങ്ങുകയും മികച്ച സുരക്ഷ ഉറപ്പുവരുത്തുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ സജ്ജീവമായി എത്തുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം ലാറ്റിന്‍ അമേരിക്കയില്‍ നിന്നെത്തിയ ഒരു വാര്‍ത്ത ഇന്ത്യയിലെ സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മാരുതി സുസുക്കിയുടെ ജനപ്രീയ മോഡലായ സ്വിഫ്റ്റിന്റെ സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത മാരുതി സ്വിഫ്റ്റിന് ലാറ്റിന്‍ അമേരിക്കന്‍ ക്രാഷ് ടെസ്റ്റില്‍ പൂജ്യം റേറ്റിംഗ് മാത്രമേ നേടിയൂള്ളു.

ലാറ്റിന്‍ അമേരിക്കയ്ക്ക് വേണ്ടി എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മാരുതിയുടെ ജനപ്രീയ വാഹനമായ സ്വിഫ്റ്റ് ദയനീയമായി പരാജയപ്പെട്ടത്. ക്രാഷ്​ ടെസ്​റ്റില്‍ പങ്കെടുത്ത​ ഓട്ടോ ഭീമനായ റെനോയുടെ മെയ്​ഡ്​ ഇൻ ഇന്ത്യ മോഡലിനും പൂജ്യം റേറ്റിംഗാണ് ലഭിച്ചത്. നേരത്തെ തന്നെ മാരുതിയുടെ വാഹനങ്ങളുടെ സുരക്ഷ പോരെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനമുണ്ട്.

ലാറ്റിനമേരിക്കയ്ക്കും കരീബിയനുമായുള്ള കാർ അസസ്മെന്റ്​ പ്രോഗ്രാമിന് കീഴിലാണ് ഇരുവാഹനങ്ങളുടേയും ടെസ്റ്റുകൾ നടന്നത്. രണ്ട്​ വാഹനങ്ങൾക്കും സ്​റ്റാർ റേറ്റിങ്​ ഒന്നും നേടാനായില്ല. സ്വിഫ്റ്റിൽ രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരുന്നു. എന്നാല്‍ ടെസ്റ്റിന്റെ എല്ലാ വിഭാഗങ്ങളിലും മാരുതിയുടെ ‘ജനപ്രിയന്‍’ പരാജയപ്പെട്ടു. കാര്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പെട്ടാല്‍ മുതിർന്ന യാത്രക്കാര്‍ക്ക് 15.53 ശതമാനം സുരക്ഷയെ മാരുതി സ്വിഫ്റ്റില്‍ നിന്ന് ലഭിക്കൂ. എന്നാല്‍ കുട്ടികള്‍ക്ക് യാതൊരുവിധ സുരക്ഷയും ഈ വാഹനത്തില്‍ സ‍ഞ്ചരിക്കുമ്പോള്‍ കിട്ടില്ലെന്നും ടെസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാൽനടക്കാർക്കുള്ള സുരക്ഷ പരിശോധനയില്‍ 66.07 ശതമാനം പോയിന്റും കാര്‍ സ്വന്തമാക്കി. സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം ഹാച്ച്ബാക്കിന് മാത്രമല്ല, സെഡാൻ പതിപ്പുകൾക്കും സാധുതയുള്ളതാണെന്ന് ലാറ്റിൻ എൻസിഎപി പറഞ്ഞു.

മുതിർന്ന യാത്രികനുള്ള സുരക്ഷയിൽ 29.47%, കുട്ടികളുടെ സുരക്ഷയിൽ 22.93%, കാൽനടക്കാരുടെ സുരക്ഷയിൽ 50.79% പോയിന്റാണ്​ ഡസ്​റ്ററിന്​ ലഭിച്ചത്​. വാഹനങ്ങളുടെ പ്രകടനം നിരാശാജനകമാണെന്ന് ലാറ്റിൻ എൻസിഎ.പ സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

Eng­lish sum­ma­ry: 2021 Suzu­ki Swift, Renault Duster Score 0 Star Safe­ty Rat­ing At Latin NCAP
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.