12 April 2025, Saturday
KSFE Galaxy Chits Banner 2

അച്യുതമേനോന്റെ ചരിത്ര സന്ദര്‍ശനത്തിന് 50 വര്‍ഷം

കുസുമം ജോസഫ്
December 10, 2022 4:45 am

ർഷങ്ങൾക്കുമുമ്പ് അതായത് 1972 ഡിസംബര്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒരു സന്ദർശനം നടത്തി. ആ സന്ദർശനത്തിന് 50 വർഷം തികഞ്ഞിരിക്കുന്നു. തൃശൂർ വേലൂരിൽ അർണോസ് പാതിരിയുടെ വസതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോൺ കള്ളിയത്ത് നടത്തുന്ന ശ്രമങ്ങൾ മനസിലാക്കി അതിനോട് അനുഭാവം പ്രകടിപ്പിച്ചാണ് അദ്ദേഹം വേലൂരിൽ സന്ദർശനം നടത്തിയത്. അച്യുതമേനോന്റെ സന്ദർശനം സംരക്ഷണ പ്രവർത്തനങ്ങൾക്ക് നൽകിയ ഉണർവും ഊർജവും ചെറുതല്ല.
1701 ൽ ജർമ്മനിയിൽ നിന്ന് കേരളത്തിലെത്തിയ ജോൺ ഏണസ്റ്റ് ഹാങ് സ്ലഡൻ എന്ന ഈശോസഭാ വൈദികൻ രണ്ടു പതിറ്റാണ്ടിലേറെക്കാലം താമസിച്ചത് തൃശൂരിലെ വേലൂരിലാണ്. അവിടെ ഒരു നായർ കുടുംബം നൽകിയ ഭൂമിയിൽ പള്ളിയും താമസ സ്ഥലവും നിർമ്മിച്ച് ഭാഷാ പഠനവും ആധ്യാത്മിക പ്രവര്‍ത്തനങ്ങളും നടത്തി ദീർഘനാൾ കഴിഞ്ഞു. മലയാളവും സംസ്കൃതവും പഠിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. ബൈബിളിനെയും യേശുവിന്റെ പീഡാസഹനത്തെയും അമ്മയായ കന്യകാമറിയത്തിന്റെ വ്യാകുലതകളെയും പാരായണ സാധ്യമായ കാവ്യമാക്കി, പുത്തൻപാനയായി ചമച്ചത് ഇദ്ദേഹമാണ്. വേലൂരിന്റെ നാവിനു വഴങ്ങുന്ന രീതിയിൽ അവർ അദ്ദേഹത്തെ അർണോസ് പാതിരിയെന്ന് വിളിച്ചു. അർണോസ് പാതിരിയുടെ പുത്തൻപാനയാണ് അക്കാലം മുതൽ കേരളീയ ക്രിസ്തീയ കുടുംബങ്ങളിൽ പാരായണം ചെയ്തുവരുന്നത്.


ഇതുകൂടി വായിക്കൂ: കാലം നമിക്കുന്ന അച്യുതമേനോന്‍


വിദൂര ദേശക്കാരനായ പാതിരി മലയാളം പഠിച്ച് പല കൃതികളും മലയാളത്തിൽ രചിച്ചു. ഒപ്പം സംസ്കൃതം പഠിച്ച് അതിനൊരു വ്യാകരണ ഗ്രന്ഥമെഴുതി. സംസ്കൃതം-പോർച്ചുഗീസ് ഡിക്‌ഷണറിയും രചിച്ചു. സംസ്കൃതത്തെയും ഭാരതീയ വേദങ്ങളെയും കാവ്യങ്ങളെയും വിദേശീയർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിൽ പ്രഥമവും പ്രധാനവുമായ പങ്ക് വഹിച്ചത് അർണോസ് പാതിരിയാണ്.
അന്നാളുകളിൽ അർണോസ് പാതിരി എഴുതിയ കത്തുകളിൽ ചിലതെല്ലാം ജർമ്മനിയിലെ കൊളോണിലുള്ള ലൈബ്രറികളിലും പാരീസിലെ ഈശോ സഭ ഗ്രന്ഥശേഖരത്തിലും മറ്റും സൂക്ഷിച്ചുവച്ചിട്ടുള്ളത് ഫാ. ഡോ. എ അടപ്പൂരിനെപ്പോലെയുള്ള ആളുകൾ ചെന്നു കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ എത്രയോ കത്തുകൾ- ഔദ്യോഗികവും അനൗദ്യോഗികവുമായവ അർണോസ് പാതിരിക്കും കിട്ടിയിട്ടുണ്ടാവാം. ആദരണീയനായ ആ ഭാഷാ പണ്ഡിതൻ പഴുവിൽ വച്ചാണ് മരിച്ചത്. അദ്ദേഹം നിർമ്മിച്ച പള്ളിയും പടിപ്പുരയും 1971 വരെ പൊളിച്ചു കളയാതിരുന്നു എന്നത് ആശ്വാസകരം തന്നെ.
1971 ജൂലൈ മാസത്തിൽ വേലൂർ പള്ളിയിൽ ഇടവക യോഗത്തിൽ അർണോസ് വസതി പൊളിക്കാൻ തീരുമാനിക്കുകയും അനുമതിക്കായി ബിഷപ്പിന് കത്തെഴുതുകയും ചെയ്തു. തൃശൂർ രൂപതാ മെത്രാൻ ഇടവക വൈദികന്റെ കത്തിലെ ആവശ്യം പരിഗണിച്ച് അർണോസ് പാതിരി താമസിച്ച വസതി പൊളിച്ചുമാറ്റാൻ അനുമതിയും നൽകി. അനുമതി കിട്ടിയ ഉടൻ, 1700 കളുടെ ആരംഭത്തിൽ പണിത അതിമനോഹരവും സവിശേഷ നിർമ്മിതിയുള്ളതുമായ കെട്ടിടം പൊളിച്ചുമാറ്റാൻ ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: അച്യുതമേനോനെ തമസ്കരിക്കുമ്പോള്‍


അർണോസ് പാതിരി വേലൂരിന്റെ അഭിമാനവും കേരളക്കരയുടെ മൊത്തം പൈതൃകവുമാണെന്ന് മനസിലാക്കാൻ സാധിക്കാതെ പോയതാവാം ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. എന്തായാലും പടിപ്പുര പൂർണമായി പൊളിച്ചുകളയുന്നതിനുമുമ്പ് ചരിത്രബോധമുള്ളവർ ഇടപെട്ടു. ജോൺ കള്ളിയത്ത് 1972 ജൂൺ 18ന് എക്സ്പ്രസ് പത്രത്തിലെഴുതിയ “അർണോസ് പാതിരിയുടെ വസതി” എന്ന ലേഖനം ശ്രദ്ധയിൽപ്പെട്ട ഉടനെ തൃശൂർ ബിഷപ്പ് ജോസഫ് കുണ്ടുകുളം വസതി പൊളിക്കാൻ താൻ നല്കിയ അനുമതി പിൻവലിച്ചു.
മാതൃകാപരമായ ആ നടപടിയെ തുടർന്നാണ് സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമായത്. വിവിധ തലങ്ങളിൽ പിന്നീട് നടന്ന ഇടപെടലുകളാണ് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനെ വേലൂരിൽ എത്തിച്ചതും. വേലൂരിലെ അർണോസ് വസതിയെപ്പറ്റി അദ്ദേഹം പലരോടും ചോദിച്ചറിഞ്ഞതായി കള്ളിയത്ത് മാഷ് രേഖപ്പെടുത്തുന്നു. സി അച്യുതമോനോന്റെ സന്ദർശനത്തെ തുടർന്ന് അർണോസ് വസതി സംരക്ഷിക്കാനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും പണം അനുവദിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായി. അങ്ങനെ അധികാരികളുടെ സമയോചിതമായ ഇട പെടൽ ഒരു ചരിത്ര സ്മാരകത്തിന് സംരക്ഷണമൊരുക്കി.

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.