നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. അസിസ്റ്റന്റ് സര്‍ജന്‍ — 35, നഴ്‌സിങ് ഓഫിസര്‍ ഗ്രേഡ് 2- 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ‑250, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 — 135 എന്നിങ്ങനെയാണ് തസ്തികകള്‍.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇത്രയും തസ്തികകള്‍ ഒന്നിച്ച് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രാഥമിക തലത്തില്‍ തന്നെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്ത് 5,415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യുകയും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. മൂന്ന് മെഡിക്കല്‍ ഓഫിസര്‍, നാല് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകുക. ഒന്നും രണ്ടും ഘട്ടമായി സൃഷ്ടിച്ച തസ്തികള്‍ക്ക് പുറമേയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടംഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.