13 June 2024, Thursday

തേനൂറും സ്വരമാധുര്യത്തിന് 60ന്റെ സൗരഭ്യം

പി ആർ റിസിയ
July 25, 2023 11:56 am

നിറപുഞ്ചിരിയുമായെത്തി സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിച്ച ഗായിക.. മാന്ത്രികശബ്ദം കൊണ്ട് ആരെയും പിടിച്ചിരുത്തുന്ന പാട്ടുകാരി. ഗായിക കെ എസ് ചിത്ര 60ന്റെ തേനൂറും കാലത്തേയ്ക്ക്. ജീവിതയാത്രയിൽ ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും പകരമില്ല ആ സ്വരമാധുര്യത്തിന് . കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി 25,000ൽപ്പരം ഗാനങ്ങളിലൂടെ പുതിയ തലമുറയെയും പഴയ തലമുറയെയും സ്വാധീനിച്ച ദക്ഷിണേന്ത്യയുടെ വാനമ്പാടിയുടെ 60-ാം ജന്മദിനമാണ് ജൂലൈ 27.
മലയാള ഗാനശേഖരത്തിന് ഒരുപാട് അനശ്വര ഗാനങ്ങൾ സമ്മാനിച്ച് നമ്മുടെ മനസിൽ ഇടംനേടിയ ഗായികമാർ പലരുണ്ടെങ്കിലും പ്രഥമസ്ഥാനം എന്നും കെ എസ് ചിത്രയ്ക്കു തന്നെയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ബംഗാളിയിലും ഒറിയയിലുമെല്ലാം പാട്ടുകൾ പാടി കയ്യടി നേടിയിട്ടുണ്ട്. പാടിയ ഗാനങ്ങളിലെല്ലാം സ്വതസിദ്ധമായൊരു വ്യക്തിമുദ്ര ചിത്രയുടെ പ്രത്യേകതയാണ്. ദക്ഷിണേന്ത്യയുടെ വാനമ്പാടി, മെലഡി ക്വീൻ, തെന്നിന്ത്യൻ വാനമ്പാടി, ഗന്ധർവ ഗായിക, ചിന്നക്കുയിൽ, കന്നട കോകില, പ്രിയ ബസന്തി എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് ഈ പ്രിയഗായികയ്ക്ക്. 

1963 ജുലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛൻ കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിൽ ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. സ്കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തിരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ 1979ൽ സിനിമാ ലോകത്തെ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. 1983ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങൾ എത്തിത്തുടങ്ങി. 

തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. ആറ് തവണ ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ നേടിയ ഗായികയാണ്. ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തത് തമിഴ് സിനിമാ ലോകമാണ്. 1986ൽ സിന്ധുഭൈരവി എന്ന സിനിമയിലെ ‘പാടറിയേൻ പഠിപ്പറിയേൻ’ എന്ന ഗാനത്തിനായിരുന്നു ആദ്യ ദേശീയ പുരസ്കാരം. തൊട്ടടുത്ത വർഷം നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദത്തിലൂടെ മലയാളത്തിലേക്കും ചിത്ര ദേശീയ പുരസ്കാരം കൊണ്ടുവന്നു. 16 സംസ്ഥാന പുരസ്കാരങ്ങൾക്ക് പുറമെ തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഒഡിഷ സർക്കാരിന്റെയും പുരസ്കാരങ്ങൾ ചിത്രയെ തേടിയെത്തി. 2005ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യവും ചിത്രയെ ആദരിച്ചു. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവർത്തനങ്ങളിലും സജീവമായ മലയാളിയുടെ അഭിമാനമായ ചിത്രയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മലയാള സംഗീതലോകവും ആരാധകരും. വിജയശങ്കറാണ് ഭർത്താവ്. ഗായിക കെ എസ് ബീന, ഗിറ്റാർ വിദഗ്ധൻ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.