22 November 2024, Friday
KSFE Galaxy Chits Banner 2

പിടിബിയുടെ വഴിയില്‍ വീണ്ടും

പി എ വാസുദേവൻ
കാഴ്ച
October 2, 2021 4:45 am

പി ടി ഭാസ്കരപ്പണിക്കരെ അവസാനമായി കണ്ടത് ഇന്നും ഓര്‍മ്മയുണ്ട്. ചന്ദ്രനഗറില്‍ മകന്‍ യു സുരേഷിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യനിദ്ര. അവിടെ പലര്‍ക്കും അദ്ദേഹത്തെ അറിയില്ല. ബാങ്ക് മാനേജര്‍ സുരേഷിന്റെ വീട് കാണിച്ചുതന്നു. ഏറെനേരം ആ മുഖത്ത് നോക്കിനിന്നു. ആ ഉറക്കത്തില്‍ ഒരു കടലിരമ്പം കേള്‍ക്കാന്‍ അദ്ദേഹത്തെ മനസിലാക്കിയവര്‍ക്കേ കഴിയൂ. എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു മനുഷ്യന്‍. ദീര്‍ഘകാല ബന്ധത്തില്‍ ഒരിക്കല്‍പോലും ആ തെളിഞ്ഞ മുഖം മങ്ങി കണ്ടിട്ടില്ല. ആ മുഖത്തും മനസിലും എന്നും എപ്പോഴും പ്രസാദചന്ദ്രിക ഓളം വെട്ടിയിരുന്നു. ഒരു ജന്മകര്‍മ്മം മുഴുവന്‍ ചെയ്താണ് പിടിബി വിടവാങ്ങിയത്.

മറ്റൊരു സന്ദര്‍ഭം വന്നതുകൊണ്ടാണ് ഇദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കുന്നത്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭ, ജനകീയാസൂത്രണം, ഗ്രാമതല വികസന ചര്‍ച്ചകള്‍, ശാസ്ത്രസമീക്ഷ തുടങ്ങിയ പല പ്രയോഗങ്ങളും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സമാന്തരമായി സംഭവിക്കുന്ന നമ്മുടെ കാലഘട്ടത്തില്‍ ഒരുകാലത്ത് ഇപ്പറഞ്ഞതിന്റെയൊക്കെ ‘ഫൗണ്ടന്‍ ഹെഡ്’ ആയിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഒരു ഫൗണ്ടേഷന്‍ ഇപ്പോള്‍ നിസ്തേജമായിരിക്കുകയാണ്. ഇന്ത്യന്നൂര്‍ ഗോപി എന്ന മറ്റൊരപൂര്‍വവ്യക്തി ഉണ്ടായിരുന്ന കാലത്ത്, പിടിബിയുടെ ഓര്‍മ്മയില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു ഈ ഫൗണ്ടേഷന്‍. ഇന്ത്യനൂരിന്റെ മരണത്തോടെ അത് അനാഥമായി. പിടിബിയുടെ ഒരുപാട് ഗുണങ്ങള്‍ ഇന്ത്യനൂരിനും ഉണ്ടായിരുന്നു. ഇവരെ രണ്ടുപേരെയും ഏറെക്കാലം അടുത്ത് ബന്ധപ്പെട്ടിരുന്ന എനിക്ക് ഇത് ബോധ്യമാണ്. മരിച്ചവരൊക്കെ അന്യവല്‍കൃതരാവരുതല്ലോ.

ഇപ്പോള്‍ ഇതൊക്കെ പുനരോര്‍മ്മ നടത്തുന്നതിന് ഒരു സന്ദര്‍ഭമുണ്ടായി. പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ല സിപിഐ ഓഫീസില്‍ (പി കൃഷ്ണപിള്ള സ്മാരകം) ഒരു ചെറിയ കൂടിയാലോചന കഴിഞ്ഞയാഴ്ച നടന്നു. പന്ന്യന്‍ രവീന്ദ്രന്‍‍, സുരേഷ് രാജ്, ടി വി ബാലന്‍, കാസര്‍കോട് നിന്ന് ഗോവിന്ദന്‍ തുടങ്ങി ഏതാനും പേരോടൊപ്പം ഞാനുമുണ്ടായിരുന്നു. പി ടി ഭാസ്കരപ്പണിക്കര്‍ ഫൗണ്ടേഷന്‍ ശക്തിപ്പെടുത്താനും അതിനെ വെറും സ്ഥാപനമാക്കാതെ ഭരണ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ശക്തമായൊരു സാന്നിധ്യമാക്കാനുള്ള കാര്യങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്. ആള്‍ത്തിളക്കം, എണ്ണംകൊണ്ട് കുറവായിരുന്നെങ്കിലും ആശയത്തിളക്കംകൊണ്ട് സമ്പുഷ്ടമായിരുന്നു ആ ചര്‍ച്ച. ഇത്തരം പ്രത്യക്ഷമായ കൂട്ടായ്മകളാണ്, വരുംകാല പാതകള്‍ക്ക് വ്യക്തത തരുന്നത്.

 


ഇതുകൂടി  വായിക്കാം; തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികൻ


 

പിടിബിയെ നാം എന്തിനു വീണ്ടും സമകാലിക ചര്‍ച്ചകളിലും വരുംകാല മുന്നേറ്റങ്ങളിലും കൊണ്ടുവരണമെന്നതുകൂടി വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും പ്രാസംഗികമായല്ലാതെ അധികം ഓര്‍മ്മിക്കപ്പെടാത്ത വ്യക്തിയാണ്. എന്നാല്‍ പില്‍ക്കാലത്ത് മുന്നോട്ടുപോയ പല പ്രസ്ഥാനങ്ങളുടെയും തുടക്കം ആ വ്യക്തിയില്‍ നിന്നായിരുന്നു. അടയ്ക്കാപുത്തൂരിലെ സ്കൂളില്‍ നിന്നായിരുന്നു ആരംഭം. തദ്ദേശീയരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഏറ്റവും നല്ല അധ്യാപകരെ മറ്റു പരിഗണനകളില്ലാതെ ഉള്‍ച്ചേര്‍ക്കുക, സ്കൂളിനെ ഗ്രാമത്തിന്റെ ഹൃദയവും ധിഷണവുമാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം. അതങ്ങനെ തന്നെ മുന്നേറുകയും പില്‍ക്കാലത്ത് വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പ്രെെവറ്റ് സെക്രട്ടറിയായി പോയപ്പോള്‍ അദ്ദേഹം, സ്കൂള്‍ തന്റെ പ്രിയപ്പെട്ട ഇന്ത്യനൂര്‍ ഗോപിയെ ഏല്പിച്ചു. അദ്ദേഹം അന്ന് മലപ്പുറം ജില്ലയിലെ ഒരു സ്കൂളിലായിരുന്നു. പിടിബിയോട് നൂറ് ശതമാനവും നീതിപുലര്‍ത്തിയാണ് ഇന്ത്യനൂര്‍ സ്ഥാപനം നടത്തിയത്. സര്‍ക്കാരിന്റെ ഭാഗമായപ്പോള്‍ വിദ്യാഭ്യാസ ബില്‍, സ്വകാര്യ കോളജധ്യാപകരുടെ ശമ്പള വ്യവസ്ഥ എന്നിവയിലൊക്കെ മുന്നില്‍ പിടിബിയുടെ പങ്ക് ആയിരുന്നു. വിദ്യാഭ്യാസരംഗത്ത് ആ മന്ത്രിസഭ നേടിയ നേട്ടങ്ങളിലൊക്കെ ശില്പി ഇദ്ദേഹമായിരുന്നു.

അത് അദ്ദേഹത്തിന്റെ കര്‍മ്മശേഷിയുടെയും പ്രതിഭയുടെയും ബഹുതലങ്ങളില്‍ ഒന്നു മാത്രമായിരുന്നു. ശാസ്ത്രപ്രസ്ഥാനം, സാഹിത്യസംരംഭങ്ങള്‍, ഭരണപരിഷ്കാരങ്ങള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍, പഞ്ചായത്തുതലം തൊട്ടുള്ള ഭരണ നിര്‍വഹണ രീതികള്‍, പൊതുജന സമ്പര്‍ക്ക പരിപാടികള്‍, സര്‍വോപരി സൗഹൃദ കൂട്ടായ്മകള്‍, ഇതിനു പുറമെ പാരിസ്ഥിതിക പ്രശ്നങ്ങളിലുള്ള സജീവ പങ്കാളിത്തം. പിടിബിയെപ്പോലെ സമൂഹത്തെയും ജനതയെയും ഇത്രയേറെ അടുത്തറിയാനും അടുത്തിടപഴകാനും ശ്രമിച്ചവര്‍ കുറവായിരുന്നു. ഇതൊക്കെയായിരുന്നപ്പോഴും അദ്ദേഹം തീര്‍ത്തും ശാന്തനും സ്വസ്ഥനും സാധാരണക്കാരനുമായിരുന്നു. ആര്‍ക്കുവേണ്ടിയും ചെലവഴിക്കാന്‍ അദ്ദേഹത്തിനു സമയമുണ്ടായിരുന്നു. ഒരു പുതിയ ആശയമോ, ഉണര്‍വോ കിട്ടാതെ അദ്ദേഹവുമായുള്ള ഒരു സമാഗമവും അവസാനിക്കാറില്ല.

ഒരിക്കല്‍ അദ്ദേഹം മണ്ണാര്‍ക്കാട്ടിനടുത്ത് തച്ചമ്പാറ സ്കൂളില്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് ഒരു കൂട്ടായ്മയുണ്ടാക്കി. അതില്‍ പിന്നീട് നാം രൂപകല്പന ചെയ്ത ജനകീയാസൂത്രണത്തിന്റെ മുന്‍പതിപ്പ് അദ്ദേഹം അവതരിപ്പിച്ചു. വികസനം, അടിത്തട്ടില്‍ നിന്ന്, അവിടെയുള്ളവരില്‍ നിന്ന്, എങ്ങനെ രൂപപ്പെടുത്തണമെന്നായിരുന്നു പിടിബിയുടെ പ്രഭാഷണം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തിന്റെ മറ്റൊരു പതിപ്പ്. കേരളം പിടിബിയുടെ സങ്കല്പനങ്ങള്‍ അറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പില്ക്കാലത്ത് ശാസ്ത്രഗ്രന്ഥങ്ങളും ജനകീയാസൂത്രണവുമൊക്കെ പ്രചാരത്തില്‍ വന്നപ്പോള്‍ അതൊക്കെ തീര്‍ത്തും പുതുതാണെന്നു സ്ഥാപിക്കാന്‍ പലരും ശ്രമിച്ചിരുന്നു. പക്ഷെ അതിന്റെ ഉത്ഭവത്തിലെത്താന്‍ നാം പിടിബിയിലെത്തണം. ഇന്നത്തെ അത്തരം പല പ്രസ്ഥാനങ്ങള്‍ക്കും തുടക്കം അവിടെയായിരുന്നു. പിടിബി, ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായി വന്നപ്പോള്‍ അത് ഒരു വെറും ഭരണനിര്‍വഹണം മാത്രമായിരുന്നില്ല. മറ്റൊരു പ്രസക്തമായ കാര്യം കൂടി നാം ഏറ്റുപറയണം. അന്നത്തെ പൊതുധാരണകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രതിപക്ഷത്ത് മാത്രം ശ്രദ്ധിക്കാവുന്ന ഭരണനൈപുണിയില്ലാത്ത ഒരു പാര്‍ട്ടിയാണെന്നായിരുന്നു സങ്കല്പം. സമരപാര്‍ട്ടിയെന്നും ഒരു ധാരണയുണ്ടായിരുന്നു. പിടിബിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഡിസ്ട്രിക്ട് ബോര്‍ഡ് ഭരണമാണ് ചുരുങ്ങിയ കാലംകൊണ്ട് ഈ തെറ്റിദ്ധാരണ മാറ്റിയത്. ആ ഭരണം മലബാറിന്റെ വികസന രേഖ തന്നെ മാറ്റി. ഒട്ടേറെ നവീന പദ്ധതികള്‍ ആവിഷ്കരിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നന്നായി ഭരിക്കാനുമറിയാം എന്നദ്ദേഹം സ്ഥാപിച്ചു. കുറച്ചുകാലം മാത്രം നിലനിന്ന ആ ബോര്‍ഡ് മലബാറിന്റെ ഭൗതിക വികസനം മാത്രമല്ല വികസനത്തിന്റെ ഉള്‍ഘടന തന്നെ എന്താവണമെന്നു തെളിയിച്ചു.

മാത്രവുമല്ല, ഭരണം രാഷ്ട്രീയമെന്നതോടൊപ്പം സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും അതിലുപരി ഒരു ബദ്ധഘടനയുമാണെന്ന് അദ്ദേഹത്തിനു സ്ഥാപിക്കാനായി. അതായിരുന്നു പിടിബിയുടെ പ്രസക്തി. കേരള സംസ്ഥാന പിറവിയില്‍ ആദ്യ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരുടേതായതിന് ഏറെ നന്ദിപറയേണ്ടത് പിടിബിയുടെ ഭരണത്തോടാണ്.
പൊതു മനസിലെ ഒരു വലിയ അബദ്ധധാരണ തിരുത്താനും ഭരണം കമ്മ്യൂണിസ്റ്റുകാര്‍ക്ക് നന്നായി വഴങ്ങുമെന്ന് കാണിച്ചു കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. തുടക്കം അതുതന്നെയായിരുന്നു. അതേതുടര്‍ന്ന് സാധിച്ചതായിരുന്നു ഇഎംഎസ് മന്ത്രിസഭ. പിന്നെ വികസനത്തിന്റെ ഒരു പുതു അധ്യായം സൃഷ്ടിച്ച അച്യുതമേനോന്‍ മന്ത്രിസഭ വന്നു.
ഒരു ഡസന്‍ എണ്ണം പറഞ്ഞ സ്ഥാപനങ്ങളുമായി അച്യുതമേനോന്‍ മന്ത്രിസഭ കേരളം എന്നും ഓര്‍ക്കുന്ന കാലമായി നിലനില്ക്കുന്നു. ഇതൊക്കെ പ്രാസംഗികമായി ഓര്‍ത്തത് പിടിബി ഫൗണ്ടേഷന്റെ രൂപീകരണ പശ്ചാത്തലത്തിലാണ്. പന്ന്യന്‍ രവീന്ദ്രന്‍ ചെയര്‍മാനും കെ പി സുരേഷ് രാജ് സെക്രട്ടറിയുമായി നിലവില്‍ വന്ന ഇതിന് ഒട്ടേറെ പുതിയ ധര്‍മ്മങ്ങള്‍ നിറവേറ്റാനുണ്ട്. പാര്‍ട്ടിക്കു പുറത്തും ഇവിടെ പലതും ചെയ്യാനുണ്ട്. രാഷ്ട്രീയം സമൃദ്ധമാവാന്‍ സമാന്തര സാമൂഹിക, സാംസ്കാരിക ധാരകള്‍ സജീവമാവണം.
ഒപ്പം തന്നെ നമുക്ക് ജനാധിപത്യത്തെ കൂടുതല്‍ ‘അഗാധ’മാക്കാം. അതിന് പൊതു ഇടങ്ങളും സംവാദങ്ങളും വേണം. പിടിബിയുടെ ധര്‍മ്മമതായിരുന്നു.
നമുക്കത് കുറച്ചുകൂടി തീവ്രമായി തുടരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.