1 May 2024, Wednesday

സിനിമ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്ന് ചലച്ചിത്രപുരസ്‌കാരജേതാവ് സെന്ന ഹെഗ്‌ഡെ

KASARAGOD BUREAU
കാഞ്ഞങ്ങാട്
October 18, 2021 6:16 pm

ഇന്നത്തെ കാലത്ത് സിനിമയെടുക്കുന്നതല്ല, അതെങ്ങനെ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്ന് സംസ്ഥാന ചലച്ചിത്രപുരസ്‌കാരജേതാവായ സംവിധായകന്‍ സെന്ന ഹെഗ്‌ഡെ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മൊബൈല്‍ കാമറയില്‍ പോലും ഇന്ന് സിനിമ ചിത്രീകരിക്കാം. എടുത്തശേഷം എന്തുചെയ്യമെന്നാണ് ചോദ്യം. തിയേറ്ററുകള്‍ തുറന്നാലും താരമൂല്യമില്ലാത്ത സിനിമകള്‍ക്ക് സ്വീകാര്യത കിട്ടണമെന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമിലും താരങ്ങളുടെ ചിത്രങ്ങള്‍ക്കാണ് ആവശ്യക്കാരുള്ളത്. ഒടിടിയില്‍ ഇറങ്ങുന്ന പടം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടെലിഗ്രാമില്‍ എത്തുമെന്നതും വെല്ലുവിളിയാണ്. യാതൊരു ബുദ്ധിജീവി നാട്യങ്ങളുമില്ലാത്ത നര്‍മത്തിന് പ്രാധാന്യമുള്ള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം.

എന്നാല്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള അവാര്‍ഡ് ലഭിച്ചതോടെ സിനിമ ഒരു അവാര്‍ഡ് പടമായി മുദ്ര കുത്തപ്പെടുമോയെന്ന് ആശങ്കയുണ്ട്. പൂര്‍ണമായും ഒരു കാഞ്ഞങ്ങാടന്‍ പടമാണിത്. കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തിലുള്ള കഥയും ഇവിടുത്തെ ഭാഷശൈലിയും ഇവിടുത്തുകാരായ നടീനടന്മാരും. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമാണ് പുറത്തുപോയി ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഉടന്‍ തന്നെ തീരുമാനമുണ്ടാകും. കാഞ്ഞങ്ങാടിന്റെ മണ്ണിലാണ് ഞാന്‍ കംഫര്‍ട്ടബിള്‍. അതിനാലാണ് ചെയ്ത മൂന്നു സിനിമകളില്‍ രണ്ടും സ്വന്തം നാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയത്. ഗൗരവതരമായ വിഷയങ്ങളും നര്‍മത്തില്‍ ചാലിച്ച് പറയാനാണ് താല്‍പര്യം. അക്കാര്യത്തില്‍ ബാലചന്ദ്രമേനോന്റെ സിനിമകള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമകള്‍ ഇഷ്ടമാണ്. പുതുതായി മൂന്നു പ്രോജക്ടുകള്‍ മനസിലുണ്ട്. ഇതില്‍ ഒരെണ്ണമാകും അടുത്തതായി ചെയ്യുക. രണ്ടെണ്ണത്തിന്റെ രചന ഞാനും കാമറമാന്‍ ശ്രീരാജ് രവീന്ദ്രനും ചേര്‍ന്ന് നിര്‍വഹിക്കും. ഒരു സിനിമയുടെ തിരക്കഥ മറ്റൊരാളാണ് ചെയ്യുക. രണ്ടെണ്ണത്തില്‍ മുഖ്യധാരയിലെ നടീനടന്മാര്‍ പങ്കാളികളാകും. ഒരു സിനിമ പൂര്‍ണമായും പുതുമുഖങ്ങളെ വെച്ചാകും ചെയ്യുകയെന്നും സെന്ന പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.