28 April 2024, Sunday

ബനാന — ഹണി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു

Janayugom Webdesk
തൃശൂര്‍
October 22, 2021 12:28 pm

കാര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം നടത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബനാന — ഹണി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ അഞ്ച് അഗ്രോ പാര്‍ക്കുകളില്‍ ആദ്യത്തേതാണ് കണ്ണാറയിലെ ബനാന — ഹണി പാര്‍ക്ക്. അഗ്രോപാര്‍ക്കിന്റെ വരവോടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാവശ്യമായ പരിശീലനവും സാങ്കേതികത്വവും കര്‍ഷകര്‍ക്ക് എളുപ്പം നേടാം. 25 കോടി ചെലവില്‍ അഞ്ച് ഏക്കറില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ 150 മെട്രിക് ടണ്‍ നേന്ത്രപ്പഴവും ഒരു ടണ്‍ തേനും സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുകയും അതു വഴി 150 ലേറെ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയുമാണ് ചെയ്യുന്നത്. വാഴപ്പഴത്തില്‍നിന്ന് തേന്‍ പ്രിസര്‍വ്, പഴം വരട്ടി, കാന്‍ഡി, ജാം, ജെല്ലി, ഹല്‍വ, പഴം അച്ചാര്‍, ലഡു, ഐസ്‌ക്രീം, ജ്യൂസ്, ജ്യൂസ് സിറപ്പ്, വാഴപ്പഴം നെക്ടര്‍, വാഴപ്പഴം ജ്യൂസ് പൗഡര്‍, ന്യൂഡില്‍സ്, ബണ്‍, റൊട്ടി, മാക്രോണ്‍, ബ്രഡ്, ബിസ്‌കറ്റ്, മുറുക്ക് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ നിര്‍മിക്കാം. കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മുഖ്യപങ്കാളിത്തമുളള സ്ഥാപനമായിരിക്കും അഗ്രോ പാര്‍ക്ക്. തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് 55000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബനാന പാര്‍ക്കിന്റെയും 16220 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹണി പാര്‍ക്കിന്റെയും നിര്‍മ്മാണ ടെന്‍ഡര്‍ എടുത്തിട്ടുള്ളത്. പരസ്പരം ബന്ധിപ്പിച്ച മൂന്ന് ബ്ലോക്കുകള്‍ ഉള്‍പ്പെട്ട രണ്ട് കെട്ടിടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ സിവില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്ന പാര്‍ക്കില്‍ ഹണി ബില്‍ഡിങ്ങിലേക്കുള്ള മെഷിനറീസ് അടുത്ത മാസം ആദ്യത്തോടു കൂടിയെത്തും. ഉത്തരേന്ത്യയില്‍ നിന്നുമാണ് ഇവയുടെ ഇറക്കുമതി. എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ മറ്റ് മെയിന്റനന്‍സ് പ്രവൃത്തികളും ഇലക്ട്രിക്കല്‍, ഫയര്‍ ആന്റ് സേഫ്റ്റി പ്രവൃത്തികളും നടക്കുന്നുണ്ട്. പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡ് എക്സ്റ്റന്‍ഷനും മാലിന്യ സംസ്‌കരണവും വേണ്ട വിധം കൈകാര്യം ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. ബനാന പാര്‍ക്കില്‍ പ്രൊസസിങ്ങ് ഏരിയ ഒരുക്കലും മെഷിനറീസിന്റെ ഇന്‍സ്റ്റാലേഷനും കുറച്ചു കൂടി സമയം വേണ്ടി വരും. ഇതിനോടകം തന്നെ ഹണി പാര്‍ക്കിന്റെ നല്ലൊരു ഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഹണി പാര്‍ക്കിലേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ മുന്നോട്ട് വരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.