12 June 2024, Wednesday

മേയ്ദിന ചിന്തകളും വീണ്ടെടുക്കേണ്ട അവകാശങ്ങളും

Janayugom Webdesk
April 28, 2024 5:00 am

ഒരു വർഗമെന്ന നിലയിൽ തങ്ങൾക്കും അവകാശങ്ങളുണ്ടെന്ന യാഥാർത്ഥ്യത്തിലേക്ക് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ ഉണർന്നത് മേയ് ദിനത്തിലായിരുന്നു. ലാലാ ലജ്പത് റായി അധ്യക്ഷനായി 1920ൽ ഇന്ത്യയില്‍ നിലവിൽ വന്ന ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസും (എഐടിയുസി) അതിന്റെ തുടര്‍ച്ചയാണ്. കാർഷിക മേഖലയിലടക്കം മുതലാളിത്തം പിടിമുറുക്കുന്നതാണ് കാലം. കർഷകരെ സ്വന്തം വയലുകളിൽ തളച്ചിടാൻ നിർബന്ധിതരാക്കുന്ന നയസമീപനങ്ങള്‍. തുച്ഛമായ വേതനത്തില്‍ നരകിക്കുന്ന കർഷകത്തൊഴിലാളികള്‍. അടിസ്ഥാനകാര്യങ്ങൾ പോലും നിറവേറ്റാനാകുന്നില്ല. ബോംബെയിലും കൊല്‍ക്കത്തയിലും പുതിയ വ്യവസായങ്ങള്‍ ഉയര്‍ന്നു. കോട്ടൺ മില്ലുകളും ചണമില്ലുകളുമായിരുന്നു മുഖ്യം. തൊഴിലാളികളാകട്ടെ യാതൊരു അവകാശമില്ലാതെ 16 മുതൽ 20 മണിക്കൂർ വരെ പണിയെടുത്തു. തൊഴില്‍ അധ്വാനമാണ് അടിമത്തമല്ല എന്ന് വെളിപ്പെടുത്തുന്ന ഒരു അവബോധത്തിന്റെ തുടക്കം കൂടിയായിരുന്നു മേയ്ദിനം. വിൽക്കുന്നത് അധ്വാനമാണ് സ്വാതന്ത്ര്യമല്ല എന്ന തിരിച്ചറിവിലേക്ക് തൊഴിലാളികള്‍ എത്തിത്തുടങ്ങി.
ആരംഭകാലത്ത് തൊഴില്‍ എന്നാല്‍ അന്ധമായ പീഡനമായിരുന്നു. കൊടിയ വ്യഥകളുമായി തൊഴിലാളികള്‍ വായപൂട്ടി കഠിനാധ്വാനം ചെയ്തു. വൈകാതെ അവർ സ്വശക്തി തിരിച്ചറിഞ്ഞു, മുഴുവൻ ഉല്പാദന പ്രക്രിയയിലും ‘തലൈവര്‍’ തങ്ങള്‍ തന്നെയാണെന്ന്. ഭൂരഹിതരായ കർഷകരിലും പട്ടിണി കിടക്കുന്ന തൊഴിലാളികളിലും അധ്വാനത്തിന്റെ മൂല്യബോധം ഉണര്‍ന്നു. 1881ലും 1891ലും സ്ത്രീകൾക്കും ബാലവേലയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പക്ഷെ, ഇതൊന്നും ആരും പരിഗണിച്ചില്ല. പ്രായഭേദമന്യേ, വയോധികര്‍ക്കും ചെറുപ്പക്കാർക്കുമൊപ്പം അവര്‍ക്ക് ഖനികളിൽ ഇറങ്ങേണ്ടി വന്നു. വായുസഞ്ചാരമില്ലാത്ത ഇടുക്കുകളില്‍ പരുത്തി പരുവപ്പെടുത്തുന്ന പ്രക്രിയയില്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്തു. അവകാശങ്ങളെക്കുറിച്ചുള്ള അവബോധം പോരാട്ടവഴികളിലേക്ക് മാറിത്തുടങ്ങി. 1882നും 1890നും ഇടയിൽ ബോംബെയിലും മദ്രാസിലും 25ലധികം പണിമുടക്കുകൾ നടന്നു. ഈ സമരങ്ങളിൽ തൊഴിലാളികളെ നയിച്ചത് സാമുദായിക ബോധമായിരുന്നു. വര്‍ഗബോധം അകലെ മാറിനിന്നു.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ മുതലെടുത്ത് വളരുന്ന മാഫിയ


ലോകമെമ്പാടും തൊഴിലാളികൾ ഉണര്‍ന്നുതുടങ്ങി. അമേരിക്കയിലും കാനഡയിലും സെപ്റ്റംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങി. അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബര്‍ തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ 1886 മേയ് ഒന്നിന് എട്ട് മണിക്കൂര്‍ നീളുന്ന വ്യാവസായിക പണിമുടക്കിന് ആഹ്വാനം ചെയ്തു. എട്ട് മണിക്കൂർ തൊഴിലെന്ന ആവശ്യം അവിടെ ഉന്നയിക്കപ്പെട്ടു. എട്ട് മണിക്കൂർ തൊഴിൽ, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്നീ ആവശ്യങ്ങള്‍ വ്യക്തതയുള്ളതായിരുന്നു. 1886 മേയ് നാലിന് ഷിക്കാഗോയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഇതേ ആവശ്യങ്ങളുന്നയിച്ച് ഒരു ബഹുജന സമ്മേളനം സംഘടിപ്പിച്ചു. ഹേയ്‌ മാർക്കറ്റ് ചത്വരത്തില്‍ തൊഴിലാളി റാലിക്കിടെ ബോംബ് പൊട്ടിത്തെറിച്ചു. പിന്നാലെ ഷെല്ലാക്രമണവും നടന്നു. ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍,‍ ഏഴ് തൊഴിലാളികള്‍, കാഴ്ചക്കാരായ നാലുപേര്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിലുടനീളമുള്ള തൊഴിലാളികൾ പൊലീസ് വെടിവയ്പിനെതിരെയും അവകാശ സംരക്ഷണത്തിനുമായി പ്രതിഷേധിച്ചു. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള പോരാട്ടം ശക്തിപ്പെട്ടു. മുന്നേറ്റം അക്രമാസക്തമായി. തെളിവുകളുടെ അഭാവത്തിലും കോടതി ഏഴ് പേർക്ക് വധശിക്ഷ വിധിച്ചു. ഒരാള്‍ക്ക് പതിനഞ്ച് വർഷം തടവും. തൊഴിലാളികളെ ഇരയാക്കാനുള്ള ഗൂഢാലോചന വെളിപ്പെടുന്ന തെളിവുകള്‍ പുറത്തുവന്നു. സമരാവശ്യങ്ങള്‍ ലോകം ഏറ്റെടുത്തു. മേയ് ഒന്ന് ലോക തൊഴിലാളി ദിനമായി രണ്ടാം ഇന്റര്‍നാഷണൽ 1889ൽ പ്രഖ്യാപിച്ചു.
എന്നാൽ രണ്ട് നൂറ്റാണ്ടുകൾക്കുള്ളിൽ, ആധുനികമായി ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ സ്വാധീനത്തിൽ പലതും പിന്നോട്ടടിക്കുകയാണ്. കുത്തകകള്‍ തൊഴിലാളികളുടെ ജോലി സമയവുമായി ബന്ധപ്പെട്ട് കടുത്ത വ്യവസ്ഥകള്‍ ആവിഷ്കരിക്കുന്നു. ആയിരങ്ങള്‍ ജീവൻ ബലിയർപ്പിച്ച് നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാക്കുന്നു. ജോലി സമയം പന്ത്രണ്ടോ അതിലധികമോ മണിക്കൂറുകളാക്കി നീട്ടുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ ഉള്‍പ്പെടുത്തിയ തൊഴിൽ നിയമങ്ങള്‍ പലതും ഇല്ലാതാക്കി. അതിന് കഴിയാതിരുന്നവ ലഘൂകരിച്ച് പല്ലും നഖവും ഇല്ലാതാക്കി. എല്ലാം ‘വാണിജ്യ ഇടപാടുകളില്‍ എളുപ്പം’ സൃഷ്ടിക്കാനാണെന്നാണ് പറച്ചില്‍. എഐടിയുസിയുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തില്‍ കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും പ്രവർത്തനങ്ങൾക്കും എതിരെ രാജ്യവ്യാപക പണിമുടക്ക് സംഘടിപ്പിച്ചു. പക്ഷേ കേന്ദ്ര സമീപനം തൊഴിലാളി വിരുദ്ധമായി തുടര്‍ന്നു. മുഴുവൻ തൊഴിൽ നിയമങ്ങളും നാല് ലേബർ കോഡുകളില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. പുതിയ ലേബര്‍ കോഡില്‍ ‘ഫാക്ടറി’ എന്ന പദ പരിധിയില്‍ 20ല്‍ താഴെ തൊഴിലാളികളുള്ള തൊഴിലുടമകളില്ല. ദൈനംദിന ജോലി സമയം എട്ട് മുതൽ 12 മണിക്കൂര്‍ വരെയാണ്. പല സംസ്ഥാനങ്ങളും ഇതിനകം തന്നെ ഇത് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു. 300ൽ താഴെ തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് അവരുടെ ഫാക്ടറികൾ അടച്ചുപൂട്ടുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. ‘നിശ്ചിത കാലയളവിലെയ്ക്കുള്ള തൊഴിൽ’ എന്ന വ്യവസ്ഥ അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കും. മാറിയ നിയമം തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നു.


ഇതുകൂടി വായിക്കൂ: വേണം പഴുതടച്ച സാമൂഹ്യ സുരക്ഷ


ഇന്റർനാഷണല്‍ ലേബർ ഓർഗനൈസേഷൻ (ഐഎല്‍ഒ) അംഗരാജ്യമെന്ന നിലയിൽ രാജ്യാന്തര തൊഴില്‍ വ്യവസ്ഥകളെ മാനിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്. എന്നാൽ സർക്കാർ തൊഴിലാളി വിരുദ്ധനയങ്ങളുടെ പിന്നാലെയാണ്. സാങ്കേതിക പുരോഗതിക്കൊപ്പം വർധിച്ച ഉല്പാദനക്ഷമത സാധ്യമാകുന്നുണ്ട്. അത് തൊഴിലാളികളുടെ ജോലി സമയത്തില്‍ ഗണ്യമായ കുറവിന് വഴിയൊരുക്കുന്നു. വേള്‍ഡ് ഫെഡറേഷൻ ഫോർ ട്രേഡ് യൂണിയൻസ് (ഡബ്ല്യുഎഫ്‌ടിയു) ആഴ്ചയിൽ 35 മണിക്കൂർ വരെ ജോലി സമയം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊഴിലുടമകള്‍ ജോലി സമയം വർധിപ്പിക്കാന്‍ വഴിതേടുന്നു. തൊഴിൽ കൺകറന്റ് ലിസ്റ്റിൽ ഉള്‍പ്പെടുന്ന ഒരു വിഷയമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്താൻ കഴിയും. കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങൾ അവരുടെ തൊഴിൽനിയമങ്ങൾ പരിഷ്കരിച്ചു തുടങ്ങി. തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും സ്ഥിതി, കേന്ദ്രനിയമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതൽ ദുർബലമായി. കുറഞ്ഞകൂലി 1000 രൂപയാക്കണമെന്ന് തൊഴിലാളി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു; പ്രതിമാസം 26,000 രൂപ. നിലവില്‍ കുറഞ്ഞ വേതനം പ്രതിമാസം 9,000 രൂപയിൽ താഴെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിൽ 80 ലക്ഷത്തിലധികം സ്കീം തൊഴിലാളികൾ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളാണ് ഇവരില്‍ കൂടുതലും. കേന്ദ്ര സർക്കാർ പദ്ധതികളായ മിഡ് ഡേ മീൽസ്, ആശ, അങ്കണവാടി പോലെ പദ്ധതികളുടെ പ്രവര്‍ത്തനം ഇവരിലൂടെയാണ്. എന്നാല്‍ ഇക്കൂട്ടരെ തൊഴിലാളികളായി തിരിച്ചറിയാന്‍ ഭരണകൂടം വിസമ്മതിക്കുന്നു. 96 ശതമാനം സ്ത്രീത്തൊഴിലാളികളും അസംഘടിത മേഖലയിലാണ്. ഇവര്‍ക്ക് സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിക്കണമെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബിപിഎൽ) ആയിരിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.