23 December 2024, Monday
KSFE Galaxy Chits Banner 2

സംവരണ തത്വങ്ങളും ലക്ഷ്യങ്ങളും അട്ടിമറിക്കുന്നു

Janayugom Webdesk
October 23, 2021 4:00 am

മുന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ (എന്‍ഇഇടി)യില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡത്തിന്റെ ഔചിത്യം വിശദീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നതിന് എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. മറ്റു പിന്നാക്ക സമുദായങ്ങളില്‍ (ഒബിസി) പെട്ടവര്‍ക്ക് സംവരണം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധിയും എട്ട് ലക്ഷം രൂപയായാണ് നിജപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നീറ്റ് പരീക്ഷയില്‍ സംവരണം എന്ന ആശയം രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും തത്വത്തില്‍ അംഗീകരിക്കുമ്പോഴും വാര്‍ഷിക കുടുംബവരുമാനം എട്ട് ലക്ഷം രൂപയെന്ന ഉയര്‍ന്ന പരിധി സംവരണലക്ഷ്യത്തെ അട്ടിമറിക്കുന്നതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എട്ട് ലക്ഷം രൂപ ഒരു നാലംഗ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എന്നാല്‍ ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക മാനദണ്ഡത്തില്‍ അസാധാരണമാംവിധം ഉയര്‍ന്ന വരുമാനമാണ്. ലോക ബാങ്കിന്റെ കണക്കുകളനുസരിച്ച് അത് പ്രതിദിനം ഏകദേശം 560 രൂപ വരും. ബാങ്കിന്റെ ദാരിദ്ര്യരേഖാ പരിധി കേവലം 140 രൂപയാണെന്ന് ഓര്‍ക്കുക. ഏഷ്യന്‍ വികസന ബാങ്കിന്റെ കണക്കുപ്രകാരം ദാരിദ്ര്യരേഖാ പരിധി 110 രൂപ മാത്രമാണ്. സുരേഷ് ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ ദാരിദ്ര്യരേഖ നിര്‍ണയിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റി ഗ്രാമപ്രദേശങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 33 രൂപയും പ്രതിദിനവരുമാനം പരമാവധി ലഭിക്കുന്ന കുടുംബങ്ങളെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. അവയില്‍ ഏതു മാനദണ്ഡങ്ങള്‍ അനുസരിച്ചായാലും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നു വിലയിരുത്തുന്നത് അയഥാര്‍ത്ഥവും തികഞ്ഞ അസംബന്ധവുമാണ്.

 


ഇതുംകൂടി വായിക്കാം;ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം: ചീഫ് ജസ്റ്റിസ്


 

എട്ട് ലക്ഷം രൂപ വാര്‍ഷിക കുടുംബവരുമാനം അഥവാ 66,000 രൂപ മാസവരുമാനം എന്നത് രാജ്യത്തെ ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തെ ഒന്നായി സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെന്ന് വിലയിരുത്തുന്നതിനും സംവരണതത്വങ്ങളെയും അതിന്റെ ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്യുന്നതുമാണ്. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ പ്രാന്തവല്കക്കരിക്കപ്പെട്ടവരും കടുത്ത ദുരിതാവസ്ഥയെ നേരിടുന്നവരുമായ ജനവിഭാഗങ്ങള്‍ക്കാണ് ഇന്ത്യയിലും ലോകത്ത് മറ്റ് നിരവധി രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജാതിവ്യവസ്ഥയുടെ തീക്ഷ്ണതയ്ക്ക് ഇരകളായ പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാജ്യത്ത് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം നിലവിലുണ്ട്.

 


ഇതുംകൂടി വായിക്കാം;ഭിന്നശേഷിക്കാര്‍ക്ക് സംവരണം: കേന്ദ്രത്തോട് മാര്‍ഗരേഖ തയ്യാറാക്കാൻ സുപ്രീകോടതി നിര്‍ദ്ദേശം


 

എന്നാല്‍ മുന്നാക്ക സമുദായങ്ങളിലും മതന്യൂനപക്ഷങ്ങളിലുംപെട്ട ഗണ്യമായ ഒരു വിഭാഗത്തിന്റെ മത്സരക്ഷമതയുടെ അഭാവം യാഥാര്‍ത്ഥ്യബോധത്തോടെ കണക്കിലെടുത്താണ് സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച രാഷ്ട്രിയ തീരുമാനത്തില്‍ രാജ്യം എത്തിച്ചേര്‍ന്നത്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍, ടെണ്ടുല്‍ക്കര്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന ദാരിദ്ര്യം സംബന്ധിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്, 2011ല്‍ ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ആളുകളാണ് അത്തരത്തിലുള്ള സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി എട്ട് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള ജനങ്ങള്‍ക്കെല്ലാം സംവരണ ആനുകൂല്യത്തിനുള്ള അര്‍ഹത നിശ്ചയിച്ചാല്‍ ജനസംഖ്യയില്‍ ഏതാണ്ട് 95 ശതമാനവും സംവരണത്തിന് അര്‍ഹരായി മാറുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അത് ആത്യന്തികമായി നിലവില്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കു ലഭിച്ചുവരുന്ന സംവരണം തന്നെ അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണെന്ന് തെളിയുകയാണ്.

സംവരണത്തിനുള്ള വരുമാനപരിധി എട്ട് ലക്ഷം രൂപയായി നിജപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്തെന്ന് സുപ്രീം കോടതിയില്‍ വിശദീകരിക്കാനോ ബോധ്യപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും എക്കാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്. ബ്രാഹ്മണ മേധാവിത്തത്തിലും മനുവാദത്തിലും അധിഷ്ഠിതമായ തീവ്ര ഹിന്ദുത്വം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്കുന്ന സംവരണ അവകാശത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ആയുധമായി സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ദുരുപയോഗം ചെയ്യുകയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.