30 May 2024, Thursday

Related news

May 28, 2024
May 23, 2024
May 21, 2024
May 18, 2024
May 8, 2024
April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024

ശബരിമല ശർക്കരവിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി

Janayugom Webdesk
കൊച്ചി
November 22, 2021 3:30 pm

ശബരിമല ശർക്കരവിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി. സന്നിധാനത്ത് പ്രസാദ നിർമ്മാണത്തിനുപയോഗിച്ച ശർക്കര കൃത്യമായ ഗുണനിലവാരം ഉള്ളതാണോ എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആർകുമാർ‍ ആണ് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമെ പ്രസാദ നിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കാറുള്ളൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരിശോധനയില്‍ നിശ്ചിത ഗുണനിലവാരുണ്ടെന്ന് തെളിയിക്കുന്ന ശര്‍ക്കരയടക്കമുള്ള സാമഗ്രികള്‍ സന്നിധാനത്ത് ഉപയോഗിക്കാറുള്ളൂ. നിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് അരവണ പ്രസാദം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2020–21 വര്‍ഷം നിര്‍മിച്ച ശര്‍ക്കരയാണ് അരവണയ്ക്കും അപ്പത്തിനുമായി നിലവില്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2019 ‑20 കാലത്തെത്തിച്ച മൂന്നേകാല്‍ ലക്ഷം ടണ്‍ ശര്‍ക്കര ഉപയോഗിയ്ക്കാനാവില്ലെന്ന് കണ്ടെത്തി സന്നിധാനത്തേക്ക് കയറ്റി അയച്ചിരുന്നില്ല.

കോവിഡ് പ്രതിസന്ധി മൂലം സന്നിധാനത്ത് പ്രസാദ നിര്‍മ്മാണം നടക്കാത്ത സാഹചര്യമായിരുന്നു. ഈ ശര്‍ക്കര പിന്നീട് കാട്ടില്‍ കുഴിച്ചിടാന്‍ ശ്രമിച്ചെങ്കിലും ആനശല്യമുണ്ടായതോടെ ശ്രമം ഉപേക്ഷിച്ച് ലേലത്തില്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹര്‍ജിക്കാരന് എതിര്‍പ്പ് ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് കോടതി പറഞ്ഞു.അതിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹലാല്‍ മുദ്രയുള്ള ശര്‍ക്കരദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നിന്നും തിരിച്ചയച്ചു. 2019ല്‍ മഹാരാഷ്ട്രയിലെ സതാര ജില്ല കേന്ദ്രീകരിച്ചുള്ള വര്‍ദ്ധനന്‍ കമ്പനിക്കായിരുന്നു ശബരിമലയിലേക്കുള്ള ശര്‍ക്കര വിതരണത്തിന്റെ കരാര്‍ നല്‍കിയിരുന്നത്.
ലേല നടപടികളിലൂടെയാണ് കമ്പനി ശര്‍ക്കര വിതരണം ഏറ്റെടുത്തത്. അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ശര്‍ക്കര സന്നിധാനത്ത് എത്തിച്ചത്. ആ വര്‍ഷത്തേക്ക് ആവശ്യമായ ടണ്‍ കണക്കിന് ശര്‍ക്കരയാണ് കമ്പനി അന്ന് സന്നിധാനത്ത് എത്തിച്ചത്. കോവിഡിനെ തുടര്‍ന്ന് 2019ല്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വന്നപ്പോള്‍ ഇറക്കിയ ശര്‍ക്കരക്ക് ഉപയോഗമില്ലാതായി. ശര്‍ക്കരുടെ കാലവധി ഒരു വര്‍ഷമെന്ന് പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ കമ്പനിയുടെ ശര്‍ക്കര ചാക്കിന് മുകളിൽ ‘ഹലാല്‍’ എന്ന എഴുത്തിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയായതിനാലാണ് കവറിന് മുകളില്‍ ഹലാലെന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചിരുന്നു. ഈ എഴുത്തിന്റെ പേരിലായിരുന്നു വിവാദം ഉയര്‍ന്നത്. എന്തായാലും ഈ വിവാദത്തിനിടയിലാണ് കാലപ്പഴക്കം ചെന്ന ശര്‍ക്കര ശബരിമലയില്‍ നിന്നും ഒഴിവാക്കുന്നത്. 3,85,000 കിലോ ശര്‍ക്കരയാണ് കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായത്. ഇത് നീക്കം ചെയ്യുവാന്‍ സ്വകാര്യ വ്യക്തിക്കാണ് കരാര്‍. ആലപ്പുഴ നൂറനാട് സ്വദേശി സേതുവാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശം മൂലമാണ് ശര്‍ക്കര നീക്കം ചെയ്യുന്നതെന്നും, ചാക്ക് ഒന്നിന് 16 രൂപ 50 പൈസ നിരക്കിലാണ് ഇതിന്റെ കരാര്‍.

ENGLISH SUMMARY:The High Court sought an expla­na­tion from the Food Secu­ri­ty Depart­ment in the Sabari­mala jag­gery controversy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.