22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 8, 2024
July 17, 2024
July 10, 2024
July 2, 2024
June 22, 2024
May 23, 2024
May 9, 2024
March 19, 2024
March 10, 2024
December 22, 2023

നോട്ട് നിരോധനം, ജിഎസ്‍ടി: 5 ലക്ഷം കമ്പനികൾ പൂട്ടി

Janayugom Webdesk
ന്യൂഡൽഹി
November 30, 2021 10:41 pm

കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം കമ്പനികൾ അടച്ചുപൂട്ടിയെന്ന് ഔദ്യോഗിക കണക്കുകൾ. കോർപ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദർജിത് സിങ് ലോക്‌സഭയിൽ അവതരിപ്പിച്ചതാണ് കണക്കുകള്‍. നോട്ട് നിരോധനവും ചരക്കുസേവന നികുതി (ജിഎസ്‍ടി) യുമാണ് കമ്പനികളുടെ വരുമാനത്തെ കാര്യമായി ബാധിച്ചതെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു.

2016 ഏപ്രിൽ ഒന്നു മുതൽ 2021 നവംബർ വരെ മൊത്തം 5,00,506 കമ്പനികളാണ് അടച്ചുപൂട്ടിയത്. ലോക്ഡൗണിന്റെ ആദ്യമാസങ്ങളില്‍ മാത്രം രാജ്യത്ത് 2.5 കോടിയിലധികം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) റിപ്പോർട്ട് അനുസരിച്ച്, 2021 ജനുവരി മുതൽ മെയ് വരെയാണ് 2.5 കോടിയിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടത്. ഇതില്‍ 2.2 കോടിയും ലോക്ഡൗണ്‍ തുടങ്ങിയ ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു.

മഹാരാഷ്ട്ര 81,412, ഡൽഹി 55,753, പശ്ചിമ ബംഗാൾ 33,938, കർണാടകയില്‍ 27,502 എന്നിങ്ങനെ സംരംഭങ്ങള്‍ ഇല്ലാതായി. ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടുന്ന വടക്കൻ മേഖലയിൽ മാത്രം ആറ് വർഷത്തിനിടെ 64,449 കമ്പനികൾ പൂട്ടിപ്പോയി. 2016 ഏപ്രിൽ ഒന്നു മുതൽ 2019 വരെ 33,295 കമ്പനികളും 2019–20ൽ 17,398 എണ്ണവും, 2017–18ൽ 10, 981 കമ്പനികളും അടച്ചുപൂട്ടി. ചണ്ഡീഗഡ് (14,295), പഞ്ചാബ് (8,877), ഹിമാചൽ (5,385) എന്നിവിടങ്ങളെയാണ് കൂടുതൽ ബാധിച്ചത്. ജമ്മു കശ്മീരിൽ അടച്ചുപൂട്ടലുകളേക്കാൾ (2,731) കൂടുതൽ പുതിയ രജിസ്ട്രേഷനുകൾ (4,267) ഉണ്ടായി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടച്ചുപൂട്ടുന്ന കമ്പനികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും പറഞ്ഞു. കമ്പനികളുടെ അടച്ചുപൂട്ടൽ ഉയർന്ന തൊഴിൽ നഷ്ടത്തിനും കാരണമായി. നോട്ട് നിരോധനം, ജിഎസ്‍ടി എന്നിവയുടെ ആഘാതമാണ് വാണിജ്യമേഖലയില്‍ ദൃശ്യമായതെന്നും കോവിഡിന്റെ ആഘാതം നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിലേ വ്യക്തമാകൂ എന്നും വാണിജ്യ‑വ്യവസായ മേഖലയിലുള്ളവർ പറയുന്നു.

ഏറ്റവും കൂടുതല്‍ അടച്ചുപൂട്ടല്‍ 2017–18ല്‍

 

2016 നവംബറില്‍ നോട്ടുനിരോധനവും തൊട്ടുപിന്നാലെ 2017 ജൂലൈയില്‍ മുന്നൊരുക്കങ്ങളില്ലാതെ ജിഎസ്‌ടിയും നടപ്പിലാക്കിയതാണ് വാണിജ്യ‑വ്യവസായ മേഖലക്ക് ഇരുട്ടടിയായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ആഘാതം തൊട്ടടുത്ത സാമ്പത്തിക വർഷം (2017–18) തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുന്നതില്‍ കുതിച്ചുചാട്ടമുണ്ടാക്കി. വസ്ത്രങ്ങൾ, ലഘു ഉപകരണങ്ങൾ, കായികസാമഗ്രികൾ എന്നീ മേഖലയിലാണ് കൂടുതൽ പ്രതിസന്ധിയുണ്ടായത്. ഡൽഹിയിൽ മാത്രം 2017–18ൽ 45,581 കമ്പനികൾ അടച്ചുപൂട്ടി. മറ്റു വര്‍ഷങ്ങളില്‍ ശരാശരി 3000 സംരംഭങ്ങളായിരുന്നു ഓരോ വര്‍ഷവും അടച്ചുപോയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ ഇതേവര്‍ഷം 11,973 സ്ഥാപനങ്ങള്‍ ഇല്ലാതായി.

 

ഇരട്ട അക്കം കടന്ന് തൊഴിലില്ലായ്മ

 

രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 2021 മെയിൽ ഇരട്ട അക്കത്തിലേക്ക് കുതിച്ചു. 12 ശതമാനമായിരുന്നു മെയ് മാസത്തെ ശരാശരി. ജൂണില്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. നഗരപ്രദേശങ്ങളിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. മെയിലെ നഗര തൊഴില്‍ നഷ്ടം 15 ശതമാനവും ഗ്രാമീണ മേഖലയില്‍ 11 ശതമാനവുമായിരുന്നു.

Eng­lish Sum­ma­ry: Note ban, GST: 5 lakh com­pa­nies shut down

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.