23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 4, 2024
September 1, 2024
December 22, 2023
September 25, 2023
June 26, 2023
May 12, 2023
May 9, 2023
May 9, 2023
December 10, 2022

ഓഹരിക്കൈമാറ്റം: സിയാലും ടാറ്റയുടെ കൈകളിലേക്ക്

ബേബി ആലുവ
കൊച്ചി
December 2, 2021 10:55 pm

കൊച്ചി അന്താരാഷ്ട്ര വിമാനക്കമ്പനി (സിയാൽ) യിലെ എയർ ഇന്ത്യയുടെ ഓഹരികൾ ടാറ്റാ ഗ്രൂപ്പിനു കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ, ഭാവിയിൽ കൂടുതൽ ഓഹരികൾ കൈയ്ക്കലാക്കി സിയാലിനെ ടാറ്റ വിഴുങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായി. കേന്ദ്രത്തിന്റെ ഒത്താശയുള്ളതിനാൽ ഇതിനുള്ള സാദ്ധ്യതകളേറെയാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ കയ്യിലെത്തിയത്. ഇതിന്റെ ചുവടു പിടിച്ചാണ്, സിയാലിൽ എയർ ഇന്ത്യയ്ക്കുള്ള മൂന്നു ശതമാനം ഓഹരിയും ടാറ്റയ്ക്കു തന്നെ എന്നു കേന്ദ്രം നിശ്ചയിച്ചത്.

കേന്ദ്ര സർക്കാരിന്റെ ഓഹരി വില്പന കരാർ പ്രകാരമാണ് നടപടി എന്നു പറയുമ്പോഴും, എയർ ഇന്ത്യയുടെ ഏതാനും ആസ്തികളും ഹോട്ടൽ കോർപറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ്, എയർലൈൻ അലൈഡ് സർവീസസ്, എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലുള്ള ഓഹരികളും ടാറ്റയ്ക്കു കൈമാറിയിട്ടില്ല എന്ന വസ്തുത വിദഗ്ധർ എടുത്തു കാട്ടുന്നു. ഈ ഓഹരികളും ഏതാനും ആസ്തികളും എയർ ഇന്ത്യ അസറ്റ് ഹോൾസിങ്സ് ലിമിറ്റഡിലേക്കാണു മാറ്റിയത്. ഈ സാഹചര്യത്തിലാണ്, സിയാലിലെ ഓഹരികൾ ടാറ്റയ്ക്കു കൈമാറാൻ കേന്ദ്രം വ്യഗ്രത കാട്ടുന്നതിനെ ഏവരും ആശങ്കയോടും സന്ദേഹത്തോടും കൂടെ നോക്കുന്നതും ഭാവിയിൽ സിയാലിന്റെ ആധിപത്യം ടാറ്റയിലെത്തിക്കാനുള്ള കരുനീക്കമായി അതിനെ വിലയിരുത്തുന്നതും. എയർ ഇന്ത്യയ്ക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹഡ്കോ എന്നീ കേന്ദ്ര ഉടമയിലുള്ള സ്ഥാപനങ്ങൾക്കും വിമാനത്താവളക്കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ട്.

മൂന്നു സ്ഥാപനങ്ങളുടെയും മൊത്തം ഓഹരി 10 ശതമാനമാണ്. 30 രാജ്യങ്ങളിൽ നിന്നുള്ള 18,000 നിക്ഷേപകർ വേറെയുമുണ്ട്. എയർ ഇന്ത്യയുടെ നിക്ഷേപം 45 കോടി രൂപയാണ്. 32.41 ശതമാനം ഓഹരിയാണ് സംസ്ഥാന സർക്കാരിനുള്ളത്. 1999‑ൽ പ്രവർത്തനമാരംഭിച്ച നെടുമ്പാശേരി വിമാനത്താവളം മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാമത്തേതും അന്തർദ്ദേശീയ യാത്രക്കാരുടെ എണ്ണത്തിൽ നാലാമത്തേതുമാണ്. കേരളത്തിന്റെ വ്യോമഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്നു. സിയാലിലെ എയർ ഇന്ത്യയുടെ ഓഹരി ടാറ്റാ ഗ്രൂപ്പിനു കൈമാറുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന സ്വകാര്യ മേഖലയിൽ നിന്നുള്ള സ്ഥാപനവും ടാറ്റയുടേതായി. 20,000 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് ടാറ്റയ്ക്കു കച്ചവടമാക്കിയതിനെ ച്ചൊല്ലി വിവിധ തലങ്ങളിൽ നിന്നു കേന്ദ്രത്തിനെതിരെ വിമർശനമുയർന്നതും സ്മരണീയം.

eng­lish sum­ma­ry; Stock Exchange: CIAL also in Tata hands

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.