8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 4, 2024
September 1, 2024
December 22, 2023
September 25, 2023
June 26, 2023
May 12, 2023
May 9, 2023
May 9, 2023
December 10, 2022

അവകാശ ഓഹരി പദ്ധതി വന്‍വിജയം; ഒറ്റമാസം സിയാലിന് ലഭിച്ചത് 478 കോടി രൂപ

Janayugom Webdesk
കൊച്ചി
May 9, 2023 3:07 pm

അടിസ്ഥാന സൗകര്യവികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വന്‍ വിജയം. ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാലിന് ലഭിച്ചത് 478.21 കോടി രൂപ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്.

25 രാജ്യങ്ങളില്‍ നിന്നായി 22,000‑ല്‍ അധികം പേരാണ് സിയാലിന്റെ നിക്ഷേപകരായുള്ളത്. മൊത്തം ഓഹരികള്‍ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യം 10 രൂപ. പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്ബനി നിയമം 62(1) സെക്ഷന്‍ പ്രകാരം അവകാശ ഓഹരി നല്‍കാം. നിലവിലുള്ള അര്‍ഹരായ ഓഹരിയുടമകളില്‍ നിന്നാണ് അവകാശ ഓഹരി വഴി ധനമസാഹണം നടത്തുന്നത്. നാല് ഓഹരിയുള്ളവര്‍ക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് ഇത്തവണ അവകാശ ഓഹരി പദ്ധതി നടപ്പിലാക്കിയത്. 50 രൂപയാണ് അവകാശ ഒഹരിയുടെ വില നിശ്ചയിച്ചിരുന്നത്.

മുഖ്യമന്ത്രി ചെയര്‍മാനായ സിയാലിന്റെ മാനേജ്‌മെന്റ് നിലവില്‍ നടപ്പിലാക്കിവരുന്നതും ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്നതുമായ വികസന പദ്ധതികളില്‍ നിക്ഷേപകര്‍ വന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിയ്ക്കായി അപേക്ഷ സമര്‍പ്പിക്കുകയും പണംപണം നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ സംസ്ഥാന സര്‍ക്കാറിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കുകയും 3.56 കോടി ഓഹരികള്‍ അധികമായി നേടുകയും ചെയ്തു. ഇതോടെ സര്‍ക്കാറിന്റെ മൊത്തം ഓഹരി 33.38 ശതമാനമായി ഉയര്‍ന്നു.

അവകാശ ഓഹര പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോള്‍ നിക്ഷേപകരില്‍ നിന്ന് മൊത്തം 564 കോടി രൂപ സിയാലിന് ലഭിച്ചു. ഇതില്‍ നിയമാനുസൃതമായി സമാഹരിക്കാന്‍ സാധിക്കുന്നത് 478.21 കോടി രൂപയായിരുന്നു. ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകള്‍ക്ക് തിരികെ നല്‍കി. ഡി മാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമേ അവകാശ ഓഹരികള്‍ക്ക് അര്‍ഹതയുള്ളൂ എന്നതിനാല്‍ 10.79 ശതമാനം ഓഹരികള്‍ ‘അണ്‍ സബ്‌സ്‌ക്രൈബ്ഡ് ’ വിഭാഗത്തിലായി. നേരത്തേ തന്നെ പ്രഖ്യാപിച്ച വ്യവസ്ഥയനുസരിച്ച്‌ ഇത്തരം ഓഹരികള്‍, നിലവിലുള്ള അര്‍ഹരായ ഓഹരിയുടമകള്‍ക്ക് (അവരുടെ കൈവശമുള്ള ഓഹരിയുടെ അനുപാതം അനുസരിച്ച്‌) വീണ്ടും വീതിച്ചു നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപ അധികമായി നല്‍കി (ഈ തുകയും ചേര്‍ത്താണ് നേരത്തേ സൂചിപ്പിച്ച 178.09 കോടി രൂപ).

കമ്ബനി നിയമപ്രകാരം എല്ലാ ഓഹരികളും ഡിമെറ്റീരിയലൈസ് ചെയ്യണമെന്നുള്ള അറിയിപ്പ് 2019 മുതല്‍ തന്നെ നിക്ഷേപകരെ സിയാല്‍ അറിയിച്ചുവന്നിരുന്നു. മുഴുവന്‍ നിക്ഷേപകരേയും നിരവധി തവണ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അവകാശ ഓഹരിയ്ക്ക് ലഭ്യമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സിയാലിന്റെ എല്ലാ നിക്ഷേപകരുടേയും ഓഹരികളുടെ എണ്ണവും ശതമാനവും ആനുപാതികമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സിയാല്‍ മൂന്ന് വന്‍കിട പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍, അരിപ്പാറ വൈദ്യുത പദ്ധതികളും ബിസിനസ് ജെറ്റ് ടെര്‍മിനലുമാണ് ഇവ. ഉടന്‍തന്നെ നടപ്പാക്കുന്ന മറ്റ് പദ്ധതികള്‍ക്കായി അവകാശ ഓഹരി ഫണ്ട് വിനിയോഗിക്കുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ‘തുടര്‍വര്‍ഷങ്ങളില്‍ അഞ്ച് ബൃഹദ് പദ്ധതികളാണ് സിയാലിന് മുന്നിലുള്ളത്. രാജ്യാന്ത ടെര്‍മിനല്‍ ടി-3 യുടെ വികസനമാണ് അതില്‍ പ്രധാനംഎക്‌സപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ട്രാന്‍സിറ്റ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. അവകാശ ഓഹരികളെല്ലാം മുഴുവന്‍ ഓഹരിയുടമകളുടേയും ഡി മാറ്റ് അക്കൗണ്ടിലേയ്ക്ക് മെയ് അഞ്ചോടെ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് സുഹാസ് അറിയിച്ചു.

Eng­lish Sum­ma­ry; Right share scheme a huge suc­cess; 478 crore rupees received by cial in one month
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.